ഇന്ധന വില വര്‍ധനവിനെതിരേ കോണ്‍ഗ്രസ് പ്രതിഷേധം

ശൂരനാട്ഃ പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതകത്തിന്‍റെയും വില അടിക്കടി വര്‍ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നടപടിയിലും വില്പന നികുതിയില്‍ ഇളവ് അനുവദിക്കാത്ത സംസ്ഥാന സര്‍ക്കാര്‍ നടപടിയിലും പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കുന്നത്തൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചക്കുവള്ളി ടൗണില്‍ പ്രതിഷേധ ധര്‍ണ നടത്തി. ധര്‍ണ കെപിസിസി വൈസ് പ്രസിഡന്‍റ് ഡോ. ശൂരനാട് രാജശേഖരന്‍ ഉദ്ഘാടനം ചെയ്തു.

യുപിഎ സര്‍ക്കാരിന്‍റെ കാലത്തുണ്ടായിരുന്ന വിലയുടെ നാലിരട്ടിയോളമാണ് ഇന്ധനങ്ങളുടെയും പാചക വാതകത്തിന്‍റെയും വില കൂടിയതെന്നു ധര്‍ണ ഉദ്ഘാടനം ചെയ്ത ഡോ. ശൂരനാട് രാജശേഖരന്‍ ചൂണ്ടിക്കാട്ടി. രണ്ടും മൂന്നും വര്‍ഷം കൂടുമ്പോള്‍ മാത്രം വിലവര്‍ധിപ്പിരുന്ന ഇന്ധനവില ഇപ്പോള്‍ ദിവസേനയെന്നോണമാണു വര്‍ഘിപ്പിക്കുന്നത്. ഇന്ധനങ്ങളെ ജിഎസ്ടി പരിധിയില്‍ കൊണ്ടുവന്ന് ജനങ്ങളുടെ അധിക നികുതിഭാരം കുറയ്ക്കണ​മെന്നു രാജശേഖരന്‍ ആവശ്യപ്പെട്ടു.

ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് സുകുമാരന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ കെ.കൃഷ്ണന്‍ കുട്ടിനായര്‍, പി.കെ. രവി, ഡിസിസി സെക്രട്ടറിമാരായ കാരുവള്ളി ശശി, രവി മൈനഗാപ്പള്ളി, പി.നൂറുദീന്‍ കുട്ടി, യുഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ചെയര്‍മാന്‍ ഗോകുലം അനില്‍, അഡ്വ. തോമസ് വൈദ്യന്‍, കല്ലട വിജയന്‍, കെഎസ്‌യു സംസ്ഥാന സെക്രട്ടറി സുഖൈല്‍ അന്‍സാരി തുടങ്ങിയവര്‍ പ്രസംഗിച്ചു. സി.കെ. പൊടിയന്‍ സ്വാഗതം പറഞ്ഞു.

Related posts

Leave a Comment