കോണ്‍ഗ്രസ് നവീകരണ പാതയില്‍ ; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ജനാധിപത്യം ഭരണ മാര്‍ഗമായി സ്വീകരിച്ചിരിക്കുന്ന രാജ്യങ്ങളില്‍ തിരഞ്ഞെടുപ്പിലുണ്ടാകുന്ന വിജയപരാജയങ്ങള്‍ സ്വാഭാവികമാണ്. ഇവയെ പാര്‍ട്ടിയുടെ വൃദ്ധിക്ഷയങ്ങളായി കാണുന്നത് ശരിയായ നിരീക്ഷണമല്ല. കോണ്‍ഗ്രസിനുണ്ടായ തോല്‍വിയും അത്തരത്തില്‍ വിലയിരുത്തണം. ഒരു തോല്‍വിയോടെ എല്ലാം അവസാനിച്ചു എന്ന് കരുതരുത്. 1947 മുതല്‍ 77 വരെ ഭരിച്ച കോണ്‍ഗ്രസ് മുപ്പത് വര്‍ഷത്തിനുശേഷം ദേശീയ തലത്തില്‍ ആദ്യത്തെ തോല്‍വിയുടെ രുചിയറിഞ്ഞു. ആദ്യത്തെ തോല്‍വി ഏറ്റുവാങ്ങിയ കോണ്‍ഗ്രസ് നിഷ്‌ക്രിയരും അലസരുമായി തീര്‍ന്നില്ല. മൂന്ന് വര്‍ഷത്തിനുശേഷം 1980-ല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവന്നു. 1989-ല്‍ വീണ്ടും കോണ്‍ഗ്രസ് പരാജയപ്പെട്ടു. 1991-ല്‍ അധികാരത്തില്‍ തിരിച്ചെത്തി. 1996 മുതല്‍ 2004 വരെ കോണ്‍ഗ്രസ് പ്രതിപക്ഷ പാര്‍ട്ടിയായി തുടര്‍ന്നു. 2004-ലെയും 2009-ലെയും തിരഞ്ഞെടുപ്പുകളില്‍ വീണ്ടും ഭരണം കോണ്‍ഗ്രസിനെ അനുഗ്രഹിച്ചു. എന്നാല്‍ 2014 ലും 2019 ലും കോണ്‍ഗ്രസ് വീണ്ടും തോല്‍വി അനുഭവിക്കേണ്ടിവന്നു. എട്ടുവര്‍ഷമായി അധികാരത്തിന് പുറത്തിരിക്കേണ്ടി വന്ന കോണ്‍ഗ്രസിന് ഇനിയൊരു തിരിച്ചുവരവ് അസാധ്യമാണെന്ന പ്രചാരണം ശക്തമായിക്കൊണ്ടിരിക്കെയാണ് പാര്‍ട്ടിയെ അടിമുടി നവീകരിക്കുന്ന അജണ്ടയുമായി കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി രംഗത്തുവന്നത്. രാജസ്ഥാനിലെ ഉദയ്പൂരില്‍ വെള്ളിയാഴ്ച ആരംഭിക്കുന്ന ചിന്തന്‍ ശിബിരം. പാര്‍ട്ടിയുടെ തിരിച്ചുവരവിന് കുറുക്കുവഴികളില്ല എന്ന തിരിച്ചറിവില്‍ നിന്നാണ് ഉദയ്പൂര്‍ ശിബിരം നടക്കുന്നത്. സോണിയാഗാന്ധി പ്രസിഡന്റായതിനുശേഷം നടക്കുന്ന നാലാമത്തെ ചിന്തന്‍ ശിബിരമാണ് ഉദയ്പൂരിലേത്. കഠിനാധ്വാനത്തിലൂടെയും അച്ചടക്കത്തിലൂടെയും ഐക്യത്തിലൂടെയും മാത്രമേ അധികാരത്തില്‍ തിരിച്ചെത്താനാവുകയുള്ളൂ എന്ന് ബൂത്ത് തലം മുതല്‍ ദേശീയ തലംവരെയുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ബോധ്യപ്പെട്ടിട്ടുണ്ട്. 2004 ലും 2009 ലും ഷിംലയിലും സൂരജ്കുണ്ഡിലും നടത്തിയ ചിന്തന്‍ ശിബിരങ്ങളായിരുന്നു അന്ന് കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കിയത്. ജനക്ഷേമ പദ്ധതികളുടെ വസന്തോത്സവമായിരുന്നു ഒന്നും രണ്ടും യു പി എ സര്‍ക്കാരുകളുടെ കാലത്ത് നടന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി, വിവരാവകാശ നിയമം, ഭക്ഷ്യസുരക്ഷാ പദ്ധതി, വനാവകാശ നിയമം, 1996നും 2003നും ഇടയില്‍ കോണ്‍ഗ്രസ് നടത്തിയ ‘പച്മരി’, 2003-ലെ ഷിംല ചിന്തന്‍ ശിബിരവും കോണ്‍ഗ്രസിന് പ്രജ്ഞാശേഷിയുള്ള കര്‍മ വഴികള്‍ സൃഷ്ടിച്ചു. ഇക്കാലയളവില്‍ ഒരു എ ഐ സി സി സമ്മേളനവും രണ്ട് സ്‌പെഷ്യല്‍ സമ്മേളനങ്ങളും നടത്തി. 2004 മുതല്‍ 2014 വരെ അധികാരത്തിലിരുന്നപ്പോള്‍ കോണ്‍ഗ്രസ് അഞ്ച് കോണ്‍ക്ലേവുകളും ജയ്പൂരില്‍ ചിന്തന്‍ ശിബിരവും രണ്ട് എ ഐ സി സി സെഷനുകളും ഒരു പ്ലീനറി സമ്മേളനവും ഒരു പ്രത്യേക സമ്മേളനവും നടത്തി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനെ ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ് കോണ്‍ഗ്രസ് ആവിഷ്‌കരിച്ചിരിക്കുന്നത്. പാര്‍ട്ടിയില്‍ സമൂല മാറ്റം വേണമെന്ന ആവശ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നിരിക്കയാണ്. രാഷ്ട്രീയം, സംഘടന, സാമൂഹ്യനീതിയും സ്ത്രീ ശാക്തീകരണവും, സാമ്പത്തികം, യുവജനക്ഷേമം, കാര്‍ഷിക മേഖല എന്നിങ്ങനെയുള്ള ആറ് വിഭാഗങ്ങളായി തിരിച്ച് പ്രത്യേകം സമിതികള്‍ രൂപീകരിച്ചിട്ടുണ്ട്. പാര്‍ലമെന്ററി ബോര്‍ഡ് പുനഃസ്ഥാപിക്കുക, ഒരു കുടുംബത്തിന് ഒരു ടിക്കറ്റ്, എ ഐ സി സി, പി സി സി, ഡി സി സി ഭാരവാഹികളടക്കമുള്ളവരുടെ പാര്‍ട്ടി ഭാരവാഹിത്വം മൂന്നുവര്‍ഷം എന്നിങ്ങനെ വിവിധ തരത്തിലും തലത്തിലുമുള്ള സംഘടനാരീതിയാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. കാര്‍ഷിക വിഷയത്തില്‍ ബി എസ് ഹൂഡയുടെ നേതൃത്വത്തിലുള്ള പാനല്‍, ഭാവിയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ മിനിമം താങ്ങുവില നിയമ നിര്‍മ്മാണം നടത്തും. കര്‍ഷകര്‍ക്കും യുവജനങ്ങള്‍ക്കും സ്ത്രീകള്‍ക്കും ദളിത്-ആദിവാസി-ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സംഘടനാതലത്തിലും ഭരണതലത്തിലും ആവശ്യമായ തരത്തിലുള്ള പ്രാതിനിധ്യം നല്‍കും. പാര്‍ട്ടിയോടുള്ള പ്രതിബദ്ധതയും കൂറും തെളിയിക്കേണ്ട അവസരമാണിതെന്ന കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ പ്രസ്താവന ശ്രദ്ധിക്കപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്നും പദവികളും ആനുകൂല്യങ്ങളും പറ്റിയവര്‍ പാര്‍ട്ടിയുടെ ക്ഷീണകാലത്ത് സഹായിക്കുന്നതിന് പകരം പാര്‍ട്ടിയെ തളര്‍ത്താനുള്ള ശ്രമങ്ങളെ കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റിയും അപലപിച്ചു. നവീകരണത്തിന്റെ സൂര്യോദയമാണ് ഇപ്പോള്‍ കോണ്‍ഗ്രസില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്.

Related posts

Leave a Comment