അമ്പലപ്പുഴയില്‍ കോണ്‍ഗ്രസ്‌ ഓഫീസ്‌ തകര്‍ത്ത സംഭവം: നാല്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കീഴടങ്ങി

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ബ്ലോക്ക്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഓഫീസ്‌ തകര്‍ത്ത കേസില്‍ നാല്‌ ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ കീഴടങ്ങി.
കാക്കാഴം വെളിയമ്പറമ്പ്‌ അബ്‌ദുള്‍ സലാം (29), തോപ്പില്‍ ഷിജാസ്‌ (30), പുതുവല്‍ അസ്‌ഹര്‍ (39), നീര്‍ക്കുന്നം പുതുവല്‍ രതീഷ്‌ (39) എന്നിവരാണ്‌ കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങിയത്‌. തിങ്കളാഴ്‌ച രാത്രിയാണ്‌ കച്ചേരിമുക്കിനു സമീപമുള്ള കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്‌. ഇതിനുശേഷം കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി പ്രസിഡന്റ്‌ ടി.എ. ഹാമിദ്‌ നല്‍കിയ പരാതിയെത്തുടര്‍ന്ന്‌ അമ്പലപ്പുഴ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ്‌ ഇവര്‍ കീഴടങ്ങിയത്‌. വിവിധ സ്‌ഥലങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന്‌ ഇവര്‍തന്നെയാണ്‌ അക്രമം നടത്തിയതെന്നു തെളിഞ്ഞതായി സി.ഐ: എസ്‌. ദ്വിജേഷ്‌ പറഞ്ഞു. വഴിയാത്രക്കാരില്‍നിന്നും വിവരങ്ങള്‍ തേടിയിരുന്നു. സംഘം ചേര്‍ന്ന്‌ ആക്രമണം നടത്തിയതിന്റെ പേരില്‍ കേസെടുത്ത ഇവരെ പിന്നീട്‌ ജാമ്യം നല്‍കി വിട്ടയച്ചു.

Related posts

Leave a Comment