പാലിയേക്കര ടോള്‍ നിര്‍ത്താന്‍ കോണ്‍. നേതാക്കളുടെ ഹര്‍ജി ഫയലില്‍

കൊച്ചി:ദേശീയപാതയിൽ ഇടപ്പള്ളി മുതൽ മണ്ണുത്തി വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് ചെലവായ തുക നിര്‍മാണ കമ്പനി ഈടാക്കിയെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി. അധികത്തുക ഈടാക്കിയ സാഹചര്യത്തില്‍ ഇനി ടോള്‍ പിരിക്കാന്‍ അനുവദിക്കരുതെന്നാണ് കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയിലെ ആവശ്യം.

80 കോടി രൂപയിലേറെ തുക ഇതിനോടകം നിർമ്മാണ കമ്പനി ടോൾ പിരിച്ചെന്ന് കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടിജെ സനീഷ് കുമാറും സമർപ്പിച്ച ഹർജിയില്‍ പറയുന്നു. പാലിയേക്കര ടോൾ പിരിവ് ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഇരുവരും സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും ദേശീയപാതാ അതോറിറ്റിക്കും നോട്ടീസ് അയച്ചു.

ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയാണ് ടോൾ പിരിക്കുന്നതെന്ന് ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ട വിവരാവകാശ രേഖയിൽ പറയുന്നു. ഹര്‍ജി മൂന്നാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ദേശീയപാതയിലെ അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തീകരിക്കണമെന്ന ആവശ്യത്തിൽ കരാർ കമ്പനിയെയും കേസിൽ കക്ഷി ചേർത്തിട്ടുണ്ട്. ദേശീയ പാതയിൽ ടോൾ പിരിക്കാനുള്ള അനുമതി രണ്ടു വർഷത്തേക്ക് കൂടി നീട്ടി കൊടുത്തത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. ഈ വിഷയത്തിൽ നേരത്തെ സുപ്രീംകോടതിയിൽ ഹർജി നൽകിയിരുന്നുവെങ്കിലും ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിക്കുകയായിരുന്നു.

2020 ജൂണ്‍ മാസം വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കൊപ്പം സമർപ്പിക്കപ്പെട്ട രേഖകളിൽ പറയുന്നു. 64.94 കിലോമീറ്റർ ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപയാണ് ചെലവായത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്. പിന്നീട് 2020 ജൂൺ മാസം വരെ നിർമ്മാണ ചെലവിനെ അപേക്ഷിച്ച് 80 കോടി രൂപ അധികം പിരിച്ചെടുത്തുവെന്നാണ് ഹർജിക്കാരൂടെ ആരോപണം.

Related posts

Leave a Comment