സി ബി ഐയെ തടയാന്‍ ഖജനാവിലെ ഒരു കോടിയോളം രൂപ മുടക്കി സുപ്രീംകോടതി വരെ കേസ് നടത്തി ; കൂടുതല്‍ അറസ്റ്റുകളും നെഞ്ചുവേദനയും ഉണ്ടാവുമെന്ന് വി പി സജീന്ദ്രന്‍

പെരിയ ഇരട്ടക്കൊല കേസില്‍ അഞ്ചു സിപിഎം പ്രവര്‍ത്തകരെ സിബിഐ അറസ്റ്റ് ചെയ്ത സംഭവത്തില്‍ സി പി എമ്മിനെ വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവ് വി പി സജീന്ദ്രന്‍.

കേസിന്റെ തുടക്കം മുതല്‍ തങ്ങളുടെ പങ്ക് നിഷേധിച്ച സി പി എം സിബിഐ അന്വേഷണത്തെ നഖശിഖാന്തം എതിര്‍ക്കുകയും സംസ്ഥാന ഖജനാവില്‍ നിന്നും ഒരു കോടിയോളം ചിലവാക്കി സുപ്രീം കോടതി വരെ കേസ് നടത്തി. എന്നാല്‍ കേസ് സി ബി ഐക്ക് വിട്ട നടപടിക്ക് ശേഷവും ക്രൈംബ്രാഞ്ചിന്റെ കീഴില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണത്തിന്റെ ഫയല്‍ സിബിഐക്ക് കൈമാറാതെ അന്വേഷണത്തെ തടസപ്പെടുത്താന്‍ ശ്രമിച്ചുവെന്നും അദ്ദേഹം ആരോപിക്കുന്നു. ഇപ്പോളിതാ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായിരിക്കുന്നു. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ വി പി സജീന്ദ്രന്‍ അഭിപ്രായപ്പെടുന്നു.

സിബിഐ ഇന്ന് സി പി എം എച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, മധു, സുരേന്ദ്രന്‍, റെജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ നാളെ എറണാകുളം കോതിയില്‍ ഹാജരാക്കും. കാസര്‍കോട് ഗസ്റ്റ്ഹൗസില്‍ സിബിഐ ചോദ്യം ചെയ്യലിനു ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്. 2019 ഫെബ്രുവരി 17നാണ് പെരിയ കല്യോട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും ബൈക്ക് തടഞ്ഞു നിറുത്തി വിവിധ വാഹനങ്ങളിലെത്തിയ ഒരു കൂട്ടം ആള്‍ക്കാര്‍ വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎം ഏരിയ, ലോക്കല്‍ സെക്രട്ടറിമാരും പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും ഉള്‍പ്പെടെ 14 പേരെ ക്രൈംബ്രാഞ്ച് സംഘം നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഹൈക്കോടതിയാണ് കേസ് സിബിഐയ്ക്ക് വിട്ടത്. സിപിഎം പെരിയ ലോക്കല്‍ കമ്മിറ്റി അംഗം എ പീതാംബരനാണ് ഒന്നാം പ്രതി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും ദാരുണമായി വെട്ടി കൊല ചെയ്ത കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേരെ സിബിഐ അറസ്റ്റ് ചെയ്തിരിക്കുന്നു. കേസിലെ തുടക്കംമുതല്‍ തങ്ങള്‍ക്ക് ബന്ധമില്ല എന്ന് സിപിഎം ആവര്‍ത്തിച്ചു പറഞ്ഞ കേസാണിത്. കൊലചെയ്യപ്പെട്ട ഇരകളുടെ മാതാപിതാക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നഖശിഖാന്തം സിപിഎം അതിനെ എതിര്‍ത്തു. ഇആക അന്വേഷണത്തെ എതിര്‍ത്തുകൊണ്ട് സംസ്ഥാന ഖജനാവിലെ ഒരു കോടിയോളം രൂപ മുടക്കി സര്‍ക്കാര്‍ സുപ്രീംകോടതി വരെ പോയി കേസ് നടത്തി. അവസാനം മാതാപിതാക്കളുടെ ആവശ്യം സുപ്രീം കോടതി അംഗീകരിച്ചു. എന്നിട്ടും ക്രൈംബ്രാഞ്ചിന്റെ കീഴില്‍ നടന്നുകൊണ്ടിരുന്ന അന്വേഷണത്തിന്റെ ഫയല്‍ സിബിഐക്ക് കൈമാറാതെ അന്വേഷണത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഇപ്പോളിതാ പാര്‍ട്ടിയുടെ ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റിലായിരിക്കുന്നു. ഇനിയും കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകും.

കൊലപാതകങ്ങളെ തങ്ങളുടെ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കണ്ടുകൊണ്ട് കൊലപാതകികള്‍ക്ക് കുടപിടിക്കുന്ന പാര്‍ട്ടിയായി സിപിഎം മാറിയിരിക്കുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഈ അറസ്റ്റ്. ഉന്നതരായ പല നേതാക്കളെയും ചോദ്യംചെയ്ത് സിബിഐ വിട്ടയച്ചിട്ടുണ്ട് കൂടുതല്‍ അറസ്റ്റുകളും നെഞ്ചുവേദനയും ഉണ്ടാവുക തന്നെ ചെയ്യും. സത്യം ജയിക്കും.

വി പി സജീന്ദ്രന്‍.
കെപിസിസി വൈസ് പ്രസിഡന്റ്‌

Related posts

Leave a Comment