കോൺഗ്രസ് രാജ്യമൊട്ടാകെ വേരോട്ടമുള്ള പാർട്ടി ; മാറ്റിനിർത്താനാകില്ലെന്ന് സിപിഎം

തെരഞ്ഞെടുപ്പ് സഖ്യങ്ങളിൽ കോൺഗ്രസിനെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്നു സിപിഎം പൊളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. രാജ്യവ്യാപകമായി വേരോട്ടമുള്ള പാർട്ടി ഇപ്പോഴും കോൺഗ്രസാണ്. മൂന്നാം മുന്നണി പ്രായോഗികമാകില്ലെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാനുള്ള തന്ത്രം ആവിഷ്ക്കരിക്കുന്ന സുപ്രധാന പിബി യോഗമാണ് ഡൽഹിയിൽ നടക്കുന്നത്. ഏപ്രിലിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയം അടുത്ത കേന്ദ്ര കമ്മിറ്റിയിൽ ചർച്ച ചെയ്യും. ഈ കേന്ദ്രകമ്മിറ്റിക്ക് വേണ്ട കരട് പ്രമേയമാണ് സിപിഎം പിബിയിൽ ഇന്ന് ചർച്ച ചെയ്തത്.കോൺഗ്രസിനെ മാറ്റിനിർത്തിയുള്ള പ്രതിപക്ഷ കൂട്ടായ്മയെ സിപിഎം അനുകൂലിക്കുന്നില്ല. ഏക ഭരണ വർഗ പാർട്ടിയായി മാറിയ ബിജെപിയെ ചിതറിനിന്നു നേരിടുന്നത് ബിജെപിയെ സഹായിക്കും എന്ന കാഴ്ചപ്പാടാണ് സിപിഎമ്മിനുള്ളത്. അതുകൊണ്ടു തന്നെ കോൺഗ്രസുമായി രാഷ്ട്രീയ സഖ്യമില്ലെങ്കിലും കേരളമൊഴികെയുള്ള സ്ഥലങ്ങളിൽ തെരഞ്ഞെടുപ്പ് നീക്കുപോക്കോ സഹകരണമോ ആകാം. ലോക്സഭാ തെരെഞ്ഞെടുപ്പിന് മുൻപുള്ള പാർട്ടി കോൺഗ്രസാണ് ഏപ്രിലിൽ ചേരുന്നത്. വർഗീയതയോട് പൊരുതുന്നതിൽ കോൺഗ്രസ് പലപ്പോഴും വിട്ടുവീഴ്ച കാണിക്കുന്നുണ്ടെങ്കിലും കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികളെ ഒരുമിച്ചു നിർത്തി മുന്നോട്ടു പോകണമെന്നാണ് സിപിഎം സമീപനം. അതുകൊണ്ടുതന്നെ കോൺഗ്രസിനെ ഒഴിവാക്കിയുള്ള മൂന്നാം മുന്നണിയുമായി സിപിഎം സഹകരിക്കില്ല.

Related posts

Leave a Comment