ഇന്ധന വില കുറയ്ക്കണമെന്നു സര്‍വകക്ഷി യോഗത്തില്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹിഃ ജനവിരുദ്ധ നയങ്ങളില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്തിരിയ​ണ‌മെന്നു പാര്‍ലമെന്‍ററി കാര്യ മന്ത്രാലയം വിളിച്ചുകൂട്ടിയ സര്‍വകക്ഷി യോഗത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പെട്രോളിന്‍റെയും ഡീസലിന്‍റെയും പാചക വാതകത്തിന്‍റെയും വില അനന്തമായി കുതിച്ചുയരുകയാണ്. ഇതു താങ്ങാന്‍ സാധാരണക്കാര്‍ക്കു കഴിയുന്നില്ല. വില കുറച്ചു കൊണ്ടുവരാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ലോക്സഭയിലെ കോണ്‍ഗ്രസ് പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അധീര്‍ രണ്‍ജന്‍ ചൗധരി ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ നടക്കുന്ന കര്‍ഷക സമരം എത്രയും വേഗം അവസാനിപ്പിക്കണം. ഏഴുമാസം പിന്നിട്ട സമരം കര്‍ഷകരുടെ പൊതുവികാരത്തിന്‍റെ പ്രകടനമാണ്. കര്‍ഷകര്‍ക്കു വേണ്ടാത്ത നിയമങ്ങള്‍ അവര്‍ക്കു മേല്‍ അടിച്ചേല്പ്പിക്കരുതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പഞ്ചാബില്‍ നിന്നുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഹര്‍സിംറത്ത് ബാദല്‍ കര്‍ഷകര്‍ക്കു വേണ്ടി കൊണ്ടുവന്ന നിര്‍ദേശങ്ങള്‍ക്കു പ്രതിപക്ഷം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.

പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ളാദ് ജോഷി വിളിച്ചു കൂട്ടിയ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, മന്ത്രിമാരായ രാജ്നാഥ് സിംഗ്, അര്‍ജുന്‍ റാം മേഘവാള്‍, പീയൂഷ് ഗോയല്‍, കോണ്‍ഗ്രസ് നേതാക്കളായ അധീര്‍ രണ്‍ജന്‍ ചൗധരി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, വിവിധ കക്ഷി നേതാക്കളായ ഡെറക് ഓബ്രാന്‍, സുദീപ് ബന്ദോപാധ്യായ (ടിഎംസി), തിരുച്ചി ശിവ, ടി.ആര്‍. ബാലു( ഡിഎംകെ), മിഥുന്‍ റെഡ്ഡി, വിജയ് സായി റെഡ്ഡി (വൈഎസ്ആര്‍ കോണ്‍ഗ്രസ്), റിനേഷ് പാണ്ഡെ, സതീശ് മിശ്ര (ബിഎസ്‌പി), രാം ഗോപാല്‍ യാദവ് (എസ്പി) തുടങ്ങിയവര്‍ പങ്കെടുത്തു.

സമ്മേളനം വിജയകരമാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷ സഹകരണം തേടി. പ്രതിപക്ഷത്തിന്‍റെ നിര്‍ദേശങ്ങള്‍ കൂടി മാനിച്ചാവും സഭാനടപടികള്‍ മുന്നോട്ടു പോവുകയെന്ന് പാര്‍ലമെന്‍ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷിയും ഉറപ്പ് നല്‍കി.

Related posts

Leave a Comment