കോണ്‍ഗ്രസ് സ്ഥാപകദിനാഘോഷം ഇന്ന്

തിരുവനന്തപുരം: ‌ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപകദിനാഘോഷം ഇന്ന് ഡിസിസി,ബ്ലോക്ക്, മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെയും സിയുസികളുടെയും നേതൃത്വത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിക്കും. മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സിയുസി തലത്തില്‍ ജന്മദിന പദയാത്രകള്‍ നടത്തും.കോണ്‍ഗ്രസ് പിന്നിട്ട 137 വര്‍ഷങ്ങളുടെ പ്രതീകാത്മകമായി 137 പേര്‍ ഇന്ത്യയുടെ ഭൂപടത്തില്‍  കോണ്‍ഗ്രസ് പതാകയുമായി അണിനിരന്ന് പ്രതിജ്ഞ എടുക്കും.
കെപിസിസി ആസ്ഥാനത്ത് രാവിലെ 10ന് സേവാദള്‍ വാളന്റിയര്‍മാര്‍ നല്‍കുന്ന ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ച ശേഷം കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി കോണ്‍ഗ്രസ് പതാക ഉയര്‍ത്തി ജന്മദിനാഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും.

ശാസ്തമംഗലം മണ്ഡലത്തില്‍ നിന്നും മൂന്ന് പദയാത്രകളായി കെപിസിസി ആസ്ഥാനത്ത് എത്തുന്ന പ്രവര്‍ത്തകര്‍ക്ക് കെപിസിസി പ്രസിഡന്റ് പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കും.തുടര്‍ന്ന് പൊതുസമ്മേളനം നടക്കും.  കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ ഡി.സുഗതന്‍ രചിച്ച  ഇന്ത്യയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും എന്ന ചരിത്ര പുസ്തകത്തിന്റെ പ്രകാശനം കെപിസിസി പ്രസിഡന്റ് നിര്‍വഹിക്കും.

പ്രവര്‍ത്തനഫണ്ട് ശേഖരണാര്‍ത്ഥം കെപിസിസി നടത്തുന്ന 137 രൂപ ചലഞ്ചിന്റെ സംസ്ഥാനതല  ഉദ്ഘാടനം കെ.സുധാകരന്‍ എംപി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. വിവിധ ജില്ലകളില്‍ നടക്കുന്ന ആഘോഷപരിപാടികള്‍ക്ക് കോണ്‍ഗ്രസിന്റെ സമുന്നത നേതാക്കള്‍ നേതൃത്വം നല്‍കും.

Related posts

Leave a Comment