അടിമുടി മാറ്റത്തിന് അടിത്തറയിട്ട് കോണ്‍ഗ്രസ്, ഒരു വര്‍ഷത്തെ ഊര്‍ജിത കര്‍മപദ്ധതികള്‍

നെയ്യാര്‍ ഡാം (തിരുവനന്തപുരം): അടിമുടി പ്രവര്‍ത്തന മാറ്റത്തിനും കര്‍മ പദ്ധതികള്‍ക്കും തുടക്കം കുറിച്ചു രണ്ടു ദിവസത്തെ കോണ്‍ഗ്രസ് നേതൃതല ക്യാംപിനു സമാപനം കുറിച്ചു. കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കണ്‍വീനര്‍ എം.,എം. ഹസന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ശില്പശാലയില്‍ പുതുതായി ചുമതലയേറ്റ പതിന്നാലു ഡിസിസി പ്രസിഡന്‍റു‌മാരും പങ്കെടുത്തു. അടുത്ത ഒരു വര്‍ഷം നീളുന്ന കര്‍മ പദ്ധതികള്‍ക്ക് രൂപം നല്ഡകിയതായി തുടര്‍ന്നു നടത്തിയ ‌വാര്‍ത്താ സമ്മേളനത്തില്‍ കെപിസിസി പ്രസിഡന്‍റ് പ്രഖ്യാപിച്ചു.

  • 28 ന് വിവരാവകാശ ദിനം

ലോകത്തേക്കും മികച്ച നിയമനിര്‍മാണങ്ങളില്‍ ഒന്നായ വിവരാവാകശ നിയമത്തിന്‍റെ പ്രചാരണാര്‍ഥം ഈ മാസം 28ന് വിവരാവകാശ നിയമ സംരക്ഷണ ദിനമായി ആചിരിക്കാന്‍ യോഗം തീരുമാനിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ആവിഷ്കരിക്കപ്പെട്ട ഏറ്റവും മികച്ച നിയമങ്ങളിലൊന്നാണ് വിവരാവകാശ നിയമം. സാധാരണക്കാരന് ഭരണ സംവിധാനങ്ങള്‍ സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും അവകാശമാക്കിയ നിയമനിര്‍മാണമാണത്. അതില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമങ്ങള്‍ പല കോണുകളിലും നടക്കുന്നുണ്ട്. അതെല്ലാം അവസാനിപ്പിച്ച,് ജനാധിപത്യ സംരക്ഷണത്തിന്‍റെ ആണിക്കല്ലായി വിവരാവകാശ നിയം സംരക്ഷിക്കപ്പെടാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണ്. അതിനുള്ള തുടക്കമാണ് 28നു നടക്കുക.

  • കൊടികളില്‍ ചര്‍ക്കച്ചിഹ്നം

കോണ്‍ഗ്രസിന്‍റെ പാര്‍ട്ടി പതാകകളില്‍ നിലവില്‍ കൈപ്പത്തിയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്. പാര്‍ട്ടിയുടെ പരമ്പരാഗത കൊടിയടയാളമായ ചര്‍ക്ക തിരികെ കൊണ്ടുവരും. പാര്‍ട്ടി കൊടിയും ചിഹ്നവും പവിത്രമായി കൊണ്ടുനടക്കും. ഒക്റ്റോബര്‍ രണ്ടിന് ഗാന്ധി ജയന്തി അതിവിപുലമായി ആഘോഷിക്കും. യുവതലമുറയിലേക്ക് ഗാന്ധി ദര്‍ശനത്തിന്‍റെ ആഴവും പരപ്പും പകര്‍ന്നു നല്‍കും. ദേശീയ സ്വാതന്ത്ര്യ സമരം, സ്വാതന്ത്ര്യ ലബ്ധി, ഗാന്ധി നെഹറു യുഗത്തിന്‍റെ സംഭവനകള്‍, ജനാധിപത്യസംരക്ഷണം തുടങ്ങിയ കോണ്‍ഗ്രസ് മൂല്യങ്ങള്‍ വരും ദിവസങ്ങളില്‍ പുതുതലമുറയ്ക്കു അനുഭവേദ്യമാക്കും.

  • സ്ഥിരം അധികാരികള്‍ ഉണ്ടാവില്ല

കോണ്‍ഗ്രസ് ഭരിക്കുന്ന പൊതു സ്ഥാപനങ്ങളില്‍ ഇനി സ്ഥിരമായി ആരുമുണ്ടാവില്ലെന്നു കെ. സുധാകരന്‍. സഹകരണ സംഘങ്ങള്‍, പാര്‍ട്ടി സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പതിറ്റാണ്ടുകളായി തുടരുന്നവരെ മാറ്റും. അവിടേക്ക് പുതുമുഖങ്ങളെ കൊണ്ടുവരും. തദ്ദേശ സ്ഥാപനങ്ങളില്‍ സംവരണമാനദണ്ഡമുള്ളതിനാല്‍ ഈ മാറ്റം സ്വാഭാവികമാണെന്നും കെപിസിസി പ്രസിഡന്‍റ്.

  • മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ഉടന്‍

സംസ്ഥാന മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് കെപിസിസി ഒരു പാനല്‍ സമര്‍പ്പിച്ചിട്ടുണ്ട്. അതിലെ അംഗങ്ങളുമായി കേന്ദ്ര നേതൃത്വം കൂടിക്കാഴ്ച നടത്തി. വൈകാതെ പ്രഖ്യാപനമുണ്ടാകും. അടുത്ത ആഴ്ചയോടെ കേരളത്തിലെ മഹിളാ കോണ്‍ഗ്രസിന് അധ്യക്ഷയുണ്ടാകും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലും തെരഞ്ഞെടുക്കപ്പെട്ട ഒരു പഞ്ചായത്തില്‍ വനിതാ മണ്ഡലം പ്രസിഡന്‍റ് ഉണ്ടായിരിക്കുമെന്നും സുധാകരന്‍.

അച്ചടക്കലംഘനത്തിന് ഇനി പാര്‍ട്ടിയില്‍ സ്ഥാനമില്ല. നിയോജക മണ്ഡലം. ജില്ലാ തലങ്ങളില്‍ അച്ചടക്ക സമിതികളുണ്ടാകും. അവിടെ പരിഹരിക്കാനാവാത്ത കാര്യങ്ങള്‍ മാത്രം കെപിസിസിയുടെ അച്ചടക്ക സമിതി പരിശോധിക്കും. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പുനഃസംഘടനെക്കുറിച്ചും അതതു സംഘടനകള്‍ ആലോചിക്കും. കെപിസിസിയുടെ നേതൃത്വവും ഇടപെടലുകളും ഉണ്ടെങ്കലും അനുബന്ധ സംഘടനകള്‍ക്കു പൂര്‍ണ സ്വാതന്ത്ര്യം നല്കുമെന്നും കെ. സുധാകരന്‍.

കേരളത്തിലെ കോണ്‍ഗ്രസിലുണ്ടായിരുന്ന എല്ലാ അഭിപ്രായ ഭിന്നതകളും വളരെ സ്നേഹത്തോടെ ചര്‍ച്ച ചെയ്ചു പരിഹരിച്ചെന്ന് കെ. സുധാകരന്‍. ഇപ്പോള്‍ പാര്‍ട്ടിക്കു കൂട്ടായ നേതൃത്വമാണ്. എല്ലാവരും കൂടിയാലോചിച്ചും യോജിച്ചുമാണ് തീരുമാനങ്ങളെടുക്കുന്നത്. ഇപ്പോള്‍ പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സുധാകരന്‍ അറിയിച്ചു.

Related posts

Leave a Comment