കലക്റ്ററേറ്റുകള്‍ക്കു മുന്നില്‍ ഇന്നു കോണ്‍ഗ്രസ് പ്രതിഷേധക്കടല്‍

തിരുവനന്തപുരംഃ സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം നേരിട്ട സംസ്ഥാന സര്‍ക്കാരിനെതിരേ പ്രതിഷേധിച്ചും പൊതുമുതല്‍ നശിപ്പിച്ചതിനു വിചാരണ നേരിടുന്ന മന്ത്രി വി. ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ടും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇന്നു സംസ്ഥാന വ്യാപകമായി സമരത്തിന്. പതിന്നാല് ജില്ലാ കലക്റ്ററേറ്റുകള്‍ക്കു മുന്നിലും ധര്‍ണ നടത്താന്‍ കെപിസിസി ആഹ്വാനം ചെയ്തു.

നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി.ശിവൻകുട്ടിയുടെ രാജിക്കായി പ്രതിഷേധം ശക്തമാക്കാൻ യുഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.. നിയമസഭയ്ക്ക് പുറത്ത് പ്രതിഷേധം കടുപ്പിച്ച് സർക്കാരിനെ പ്രതിരോധത്തിലാക്കാനാണ് കോൺഗ്രസിന്റെ തീരുമാനം. രാവിലെ പത്തിന് മുഴുവന്‍ കലക്ടറേറ്റുകളിലേക്ക് മാർച്ചും ധർണയും നടത്തും. 11.30ന് നിയമസഭയിലേക്ക് കെഎസ്​യുവും മാർച്ച് നടത്തും. ശിവന്‍കുട്ടിയുടെ രാജിക്കായി പ്രതിപക്ഷം ഇന്നു നിയമസഭയിലും നിലപാട് കടുപ്പിക്കും. പ്രക്ഷോഭം  
നിയമസഭയ്ക്ക് അകത്ത് ഒതുങ്ങിയെങ്കിൽ രാജിക്കായി തെരുവിൽ പ്രതിഷേധം ശക്തമാക്കും.

മന്ത്രി എ.കെ. ശശീന്ദ്രനെതിരായ സ്ത്രീപീഡനക്കേസിലും ശക്തമായി സമരത്തിനിറങ്ങാന്‍ ആലോചിച്ചിരുന്നു. എന്നാല്‍ ശശീന്ദ്രൻ ഇടപെട്ട വിഷയത്തിൽ ഒരുവശത്ത് ബി.ജെ.പിയായതിനാൽ തെരുവിൽ സമരത്തിനിറങ്ങേണ്ടതില്ലെന്നായിരുന്നു കെപിസിസിയുടെ തീരുമാനം. എന്നാൽ, കെ.എം.മാണിക്കെതിരായ ബാർക്കോഴ കേസ് ഉയർത്തി അന്നത്തെ യുഡിഎഫ് സർക്കാരിനെ പിടിച്ചുകുലുക്കി നിയമസഭയിൽ അക്രമം നടത്തിയ കേസിലാണ് സർക്കാരിന് തിരിച്ചടിയായിരിക്കുന്ന സുപ്രീംകോടതി വിധി വന്നിട്ടുള്ളത്. ഇത് രാഷ്ട്രീയമായി ഉപയോഗിക്കാനാണ് യുഡിഎഫിന്റെ ഒറ്റക്കെട്ടായ തീരുമാനം. 
ഹൈക്കോടതിയുടെ ഒരു പരാമർശത്തിന്റെ പേരിലാണ് അന്നു മന്ത്രി ആയിരുന്ന കെ.എം. മാണി രാജിവച്ചതെന്നും വി.ശിവൻകുട്ടി ഉൾപ്പെടെയുള്ളവർക്കെതിരെ വിമർശനം ഉന്നയിച്ചിരിക്കുന്നത് സുപ്രീംകോടതി വിധിയിലാണെന്നതും യുഡിഎഫ് നേതാക്കൾ ആയുധമാക്കുന്നു. നിയമസഭാ കയ്യാങ്കളിക്കേസിലൂടെ ഇടതുമുന്നണിയുടെ ഭാഗമായിരിക്കുന്ന കേരളാ കോൺഗ്രസ് എമ്മിനെ പ്രതിരോധത്തിലാക്കാനും ബാർക്കോഴക്കേസിലെ എൽ.ഡി.എഫിന്റെ ഇരട്ടത്താപ്പ് പുറത്തുകൊണ്ടുവരാനും കഴിയുമെന്നാണ് യുഡിഎഫിന്റെ പ്രതീക്ഷ. നിയമസഭയ്ക്ക് അകത്തും പുറത്തും സംസ്ഥാനത്ത് ഒട്ടാകെയും പ്രതിഷേധം സംഘടിപ്പിക്കാനാണ് കെപിസിസി തീരുമാനം. നാളെ സംസ്ഥാനവ്യാപകമായി മണ്ഡലാടിസ്ഥാനത്തിൽ വൈകിട്ട് പ്രതിഷേധപ്രകടനങ്ങൾ നടത്തും. 

Related posts

Leave a Comment