കര്‍ഷക സമരം രാഷ്ട്രീയ പ്രേരിതമാക്കേണ്ടന്നത് കോണ്‍ഗ്രസ് തീരുമാനം: കെ സി വേണുഗോപാല്‍


പാലക്കാട്: കുത്തക മുതലാളിമാര്‍ക്ക് കാര്‍ഷികമേഖല തീറെഴുതി കൊടുക്കുന്നതിനെതിരെയുള്ള താക്കീതാണ് കര്‍ഷകരുടെ ഐതിഹാസിക സമര വിജയമെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കര്‍ഷകസമരം രാഷ്ട്രീയപ്രേരിതമാക്കേണ്ടന്നത് കോണ്‍ഗ്രസിന്റെ തീരുമാനമായിരുന്നു. പാലക്കാട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി കോട്ടമൈതാനിയില്‍ സംഘടിപ്പിച്ച പ്രതിഷേധ ജ്വാലയുടെയും കിസാന്‍ വിജയ്ദിവസിന്റെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പാര്‍ലമെന്റില്‍ വോട്ടിനിടാന്‍ പോലും അവസരം നല്‍കാതെയാണ് മൂന്ന് കരിനിയമങ്ങളും കേന്ദ്രസര്‍ക്കാര്‍ പാസാക്കിയത്. കാര്‍ഷികമേഖലയെ കേവലം ഒന്നോ, രണ്ടോ മുതലാളിമാര്‍ക്ക് വേണ്ടി എഴുതി കൊടുക്കുകയായിരുന്നു. എന്നാല്‍ രാജസ്ഥാനിലും പഞ്ചാബിലും ഛത്തീസ്ഗഡിലും നിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. ബില്ലിനെതിരെ രണ്ടുകോടി കര്‍ഷകരാണ് ഒപ്പിട്ടത്. കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെയുള്ള വികാരമാണ് സമര വിജയമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.
ഇന്ധനവില വര്‍ദ്ധനവിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നാം പ്രതിയും കേരള സര്‍ക്കാര്‍ രണ്ടാംപ്രതിയുമാണ്. കോവിഡ് കാലത്ത് പോലും നികുതി കുറക്കാന്‍ സര്‍ക്കാരുകള്‍ തയ്യാറായില്ല. പാചകവാതകത്തിന് വില വര്‍ദ്ധിക്കുയും ഭക്ഷ്യവസ്തുക്കള്‍ക്ക് വില കൂടുകയും ചെയ്തു. ഉപതിരഞ്ഞെടുപ്പുകളില്‍ ഏറ്റ തോല്‍വിയാണ് ഇന്ധനവിലയില്‍ നാമമാത്രമായ കുറവുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. എന്നിട്ടും അധികനികുതി വേണ്ടെന്ന് വെക്കാന്‍ പിണറായി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരത്തില്‍ ഇരുന്നപ്പോള്‍ അധികനികുതി വേണ്ടെന്ന് വെച്ചിരുന്നു. ജനങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ എന്തുകൊണ്ട് പിണറായി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. രണ്ട് സര്‍ക്കാരുകള്‍ക്കുമെതിരെയുള്ള പോരാട്ടമാണ് കോണ്‍ഗ്രസ് കമ്മിറ്റി ആഹ്വാനം ചെയ്തിട്ടുള്ള ജല്‍ജാഗ്രന്‍ അഭിയാന്‍ പ്രക്ഷോഭം. സര്‍ക്കാരുകള്‍ക്കെതിരെയുള്ള പോരാട്ടവുമായി കോണ്‍ഗ്രസ് മുന്നോട്ടുപോവും. കോണ്‍ഗ്രസ് ഇല്ലാതാവുമെന്നത് മലര്‍പൊടിക്കാരന്റെ സ്വപ്നമാണെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി പറഞ്ഞു.
തിരഞ്ഞെടുപ്പ് വരുമ്പോള്‍ ജാതീയമായും മതപരമായും ജനങ്ങളെ വേര്‍തിരിക്കുന്ന നിലപാടാണ് ബി ജെ പി ലക്ഷ്യംവെക്കുന്നത്. വര്‍ഗീയ ശക്തികളാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും കെ സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി എസ് വിജയരാഘവനെ ചടങ്ങില്‍ എ ഐ സി സി ക്ക് വേണ്ടി കെ സി വേണുഗോപാല്‍ ആദരിച്ചു.
ഡി സി സി പ്രസിഡന്റ് എ തങ്കപ്പന്‍ അധ്യക്ഷനായിരുന്നു. കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം പി, കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം, എം പിമാരായ വി കെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ സി ചന്ദ്രന്‍, കെ എ തുളസി, നിര്‍വാഹക സമിതിയംഗം സി വി ബാലചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എം എല്‍ എ, മുന്‍ എം പി വി എസ് വിജയരാഘവന്‍, മുന്‍ എം എല്‍ എ കെ എ ചന്ദ്രന്‍, യു ഡി എഫ് ജില്ലാ കണ്‍വീനര്‍ പി ബാലഗോപാല്‍, ഡി സി സി വൈസ് പ്രസിഡന്റ് അഡ്വ. സുമേഷ് അച്യുതന്‍, പി വി രാജേഷ്, ബാബുരാജ്, വി രാമചന്ദ്രന്‍ എന്നിവര്‍ സംബന്ധിച്ചു.

Related posts

Leave a Comment