Connect with us
48 birthday
top banner (1)

Editorial

കോണ്‍ഗ്രസ്തീരുമാനം ശ്ലാഘനീയം; ഇന്നത്തെ വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Avatar

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കാമെന്ന എസ്ഡിപിഐയുടെ വാഗ്ദാനം മര്യാദപൂര്‍വം നിരസിച്ച യുഡിഎഫിന്റെ നിലപാട് ശ്ലാഘനീയമാണ്. ഇന്ത്യയില്‍ മതനിരപേക്ഷതയ്ക്കും ജനാധിപത്യത്തിനും മണ്ണൊരുക്കി വിത്തുപാകിയ കോണ്‍ഗ്രസ് ഭൂരിപക്ഷ വര്‍ഗീയതയെ മാത്രമല്ല ന്യൂനപക്ഷ വര്‍ഗീയതയെയും ശക്തമായി എതിര്‍ക്കുന്ന പാര്‍ട്ടിയാണ്. വോട്ടിനു വേണ്ടി എന്ത് അവസരവാദവും നിലപാട് മാറ്റവും കോണ്‍ഗ്രസിന് സാധ്യമല്ല. ഭൂരിപക്ഷ വര്‍ഗീയത സര്‍വവിധ സംഹാര ശേഷിയോടെ പത്തി വിടര്‍ത്തിയാടുമ്പോള്‍ അതിനെ തകര്‍ക്കുന്നതിന് പകരം അടുക്കള വഴക്കുണ്ടാക്കി ജനശ്രദ്ധ തിരിച്ചുവിടുന്നത് വര്‍ഗീയതയെ സഹായിക്കുന്നതിന് തുല്യമാണ്.മുസ്ലിം ലീഗ് ഉള്ളിടത്തോളം മുസ്ലിം സമൂഹത്തിന്റെ ഇടയിലേക്കു കടന്നുകയറ്റം നടത്തുന്നതിന് സാധ്യമായില്ല. ഏതോ ഒരു തെരഞ്ഞെടുപ്പില്‍ ലീഗ് സീറ്റില്‍ സിപിഎം ജയിച്ചപ്പോള്‍ മലപ്പുറം ചുവന്നെന്ന അട്ടഹാസം മുഴക്കിയവര്‍ക്ക് പിറ്റേ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ ഹരിതഭംഗിയോടെ മുസ്ലിം ലീഗും യുഡിഎഫും തിരിച്ചുവരുന്നതാണ് കാണാന്‍ സാധിച്ചത്. ജമാഅത്തെ ഇസ്ലാമിയും പിഡിപിയും പോപ്പുലര്‍ ഫ്രണ്ടും എസ്ഡിപിഐയും തീവ്രവാദി സംഘടനകളെന്ന് ഇപ്പോള്‍ പറയുന്ന സിപിഎം അവരുമായി പരസ്യമായും രഹസ്യമായും തെരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കിയിട്ടുണ്ട്.

1977-ലെ അടിയന്തരാവസ്ഥക്കാലത്താണ് ജമാഅത്തൈ ഇസ്ലാമി ആദ്യമായി വോട്ട് ചെയ്തത്. ഒന്നിച്ചു ജയിലില്‍ കിടന്ന ആര്‍എസ്എസിനും ജനതാപാര്‍ട്ടിക്കും സിപിഎമ്മിനും അവര്‍ വോട്ട് ചെയ്തു. പിന്നീട് നിയമസഭാ ഉപതെരഞ്ഞെടുപ്പ് വന്നപ്പോള്‍ ഇഎംഎസ് പ്രഖ്യാപിച്ചത് ആരുടെ വോട്ടും സ്വീകരിക്കുമെന്നും വോട്ടിന് അയിത്തമില്ലായെന്നുമായിരുന്നു. ഒറ്റപ്പാലം ഉപതെരഞ്ഞെടുപ്പില്‍ പിഡിപിയുമായി വേദി പങ്കിടുകയും ഗുരുവായൂര്‍, തിരൂരങ്ങാടി ഉപതെരഞ്ഞെടുപ്പുകളില്‍ പിഡിപിയെ രംഗത്തിറക്കി യുഡിഎഫ് സ്ഥാനാര്‍ഥി മുഖ്യമന്ത്രി എ കെ ആന്റണിയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചതും സിപിഎം മറന്നു പോയോ. ലീഗിനെ തളര്‍ത്താന്‍ അഖിലേന്ത്യാ ലീഗും ഐഎന്‍എല്ലും രൂപീകരിച്ചു. സുലൈമാന്‍ സേട്ടുവിനെ രണ്ടു ദശാബ്ദക്കാലം മുന്നണി കക്ഷി പോലും ആക്കാതെ വെയിലത്ത് നിര്‍ത്തിയതും ആരും മറന്നിട്ടില്ല. ഇപ്പോള്‍ ലീഗിന് ലോക്‌സഭാ സീറ്റ് കുറഞ്ഞു പോയെന്നും പറഞ്ഞു വിലപിക്കുന്ന ദുഃഖം ലീഗുകാര്‍ക്കായിരുന്നില്ല; സിപിഎമ്മിനായിരുന്നു.

Advertisement
inner ad

എല്‍ഡിഎഫിലെ ഘടകകക്ഷികളായ എന്‍സിപിയില്‍ നിന്നും ജനതാദള്‍ എസില്‍ നിന്നും ആര്‍എസ്പിയില്‍ നിന്നും ലോക്‌സഭാ സീറ്റ് പിടിച്ചെടുത്ത ആദിപാപം തീരാത്ത സിപിഎം ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാക സംരക്ഷകരായി ചമയുകയാണ്. ആനയെയും അണ്ണാരക്കണ്ണനെയും തിരിച്ചറിയാത്ത വിവരദോഷികളായ ഇ പി ജയരാജനെപ്പോലെയുള്ളവരെ ത്വാതികാചാര്യന്‍മാരാക്കിയ പാര്‍ട്ടിയുടെ അവസ്ഥയാണിത്.തന്റെ വീട്ടില്‍ തന്തയാരെന്നറിയാത്ത മൂന്ന് കുഞ്ഞുങ്ങള്‍ ആര്‍ത്തു കരയുമ്പോള്‍ അയലത്തെപ്പെണ്ണിന്റെ കുളിതെറ്റിയത് നോക്കി നടക്കുന്ന ദുഷ്ടയായ തള്ളയെപ്പോലെയാണ് സിപിഎം. ഇത്തവണ മത്സരിക്കുന്നത് ഫാസിസത്തെ പ്രതിരോധിക്കാനോ ന്യൂനപക്ഷങ്ങളുടെ അവകാശ സംരക്ഷണത്തിനോ വേണ്ടിയല്ല. ദേശീയ പാര്‍ട്ടി എന്ന പദവി നഷ്ടപ്പെടാതിരിക്കാനും മരപ്പട്ടിക്കും ഈനാംപേച്ചിക്കും വോട്ട് ചെയ്യാതിരിക്കാനുമാണ്.പരമമായ ഈ സത്യം എ കെ ബാലന്റെ വായില്‍ നിന്ന് അറിയാതെ വീണുപോയതാണ്.

രാഹുല്‍ഗാന്ധിയുടെ റോഡ്‌ഷോയില്‍ കോണ്‍ഗ്രസിന്റെയും ലീഗിന്റെയും പതാകയില്ലാത്തതാണ് സിപിഎമ്മിന്റെ ദുഃഖം. ലോകമെങ്ങും ചെങ്കൊടി താഴുകയും കറുപ്പും മഞ്ഞയും പച്ചയും നീലയും നിറമുള്ള കൊടികളുയരുകയുമാണ്. വയനാട്ടില്‍ മൂവര്‍ണ്ണക്കൊടിയും പച്ചപതാകയും ഇല്ലാത്തതിലുള്ള മുതലക്കണ്ണീര്‍ ആര്‍ക്കാണ് തിരിച്ചറിയാനാവാത്തത്. നാടിന്റെ ഭാഗധേയം നിര്‍ണയിക്കുന്ന അതീവ പ്രധാന്യമുള്ള ഒരു തെരഞ്ഞടുപ്പില്‍ പ്രധാന പ്രചരണ വിഷയങ്ങളെ മാറ്റി ജനശ്രദ്ധ തിരിച്ചുവിട്ടു ബിജെപിയെ സഹായിക്കുകയാണ് സിപിഎം.

Advertisement
inner ad

Editorial

സ്പീക്കര്‍മാര്‍
കോടാലിക്കൈകളാകുമ്പോള്‍; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

സ്പീക്കര്‍മാര്‍ നിയമ നിര്‍മാണ സഭകളില്‍ കോടാലിക്കൈകളായി മാറുന്നത് സുഗമമായ സഭാ നടത്തിപ്പിനും ജനാധിപത്യത്തിന്റെ ആരോഗ്യത്തിനും ഹാനികരമാണ്. ഭരണപക്ഷത്തിന്റെ കാര്യസ്ഥനും സഭയുടെ നടത്തിപ്പുകാരനും മാത്രമല്ല സ്പീക്കര്‍, പ്രതിപക്ഷത്തിന്റെ രക്ഷകനുമാണ്. ശബ്ദമില്ലാതെ പോവുകയും അവഗണിക്കപ്പെടുകയും ചെയ്യുന്ന പ്രതിപക്ഷത്തിന് ശബ്ദവും പരിഗണനയും സാധ്യമാവുന്നത് സ്പീക്കറുടെ ഇടപെടലുകളിലൂടെയാണ്. എന്നാല്‍ ഇന്നലെ ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത് അസാധാരണ നടപടികളായിരുന്നു.
പ്രതിപക്ഷ അവകാശങ്ങളെ കവരാനുള്ള ശ്രമങ്ങളാണ് കേരള നിയമസഭയില്‍ നടന്നതെങ്കില്‍ പ്രതിപക്ഷ ഐക്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് ലോക്‌സഭയില്‍ കണ്ടത്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടികളേറ്റ ബിജെപിയും സിപിഎമ്മും ആണ് സഭയുടെ അന്തസ്സും നിഷ്പക്ഷതയും ഇല്ലാതാക്കാന്‍ സ്പീക്കറെ ഹാസ്യനാടകങ്ങളിലെ കോമാളികളാക്കി മാറ്റുന്നത്.

അജണ്ടയില്‍ ഇല്ലാത്ത പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ച സ്പീക്കര്‍ ഓം ബിര്‍ള അസാധാരണമായ കീഴ്‌വഴക്കം സൃഷ്ടിക്കുകയായിരുന്നു. അടിയന്തരാവസ്ഥയെ അപലപിച്ചുകൊണ്ടായിരുന്നു പ്രമേയം. സഭയില്‍ നിഷ്പക്ഷതയും സത്യസന്ധതയും പാലിക്കുമെന്ന് പ്രതിജ്ഞ ചെയ്ത് ഏതാനും മിനുട്ടുകള്‍ക്കുള്ളിലായിരുന്നു സ്പീക്കര്‍ ഭരണപക്ഷത്തിന്റെ ചുമടെടുപ്പുകാരനായി മാറിയത്. അടിയന്തരാവസ്ഥയെയും ഇന്ദിരാഗാന്ധിയെയും അപലപിക്കുന്ന പ്രമേയമായിരുന്നു ബിര്‍ളയുടേത്. നൂറുശതമാനം രാഷ്ട്രീയമായിരുന്ന ഈ പ്രമേയം സഭാചട്ടങ്ങള്‍ക്ക് നിരക്കുന്നതായിരുന്നില്ല. അടിയന്തരാവസ്ഥ ഇരുണ്ടകാലമായിരുന്നുവെന്ന് ആക്ഷേപിച്ചുകൊണ്ട് അടിയന്തരാവസ്ഥയില്‍ കൊല്ലപ്പെട്ടവരെ സ്മരിച്ചുകൊണ്ടുള്ള ഓം ബിര്‍ളയുടെ മൗന പ്രാര്‍ത്ഥന കാപട്യമായിരുന്നു. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയുണ്ടായിട്ടും തലനാരിഴക്ക് രക്ഷപ്പെട്ട മോദി സര്‍ക്കാര്‍ പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനാണ് ശ്രമിക്കുന്നത്. മോദിയുടെ ദുശ്ശാഠ്യങ്ങളും ജനാധിപത്യവിരുദ്ധ പ്രവര്‍ത്തനങ്ങളും പാര്‍ലമെന്റിനെ സുഗമമായി പ്രവര്‍ത്തിപ്പിക്കാന്‍ സഹായകരമായിരിക്കില്ലെന്നാണ് ഇത്തരം നടപടികള്‍ വ്യക്തമാക്കുന്നത്.

Advertisement
inner ad

കഴിഞ്ഞദിവസം കേരള നിയമസഭയിലും ഇത്തരമൊരു അസാധാരണ സംഭവമുണ്ടായി. ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളുടെ ശിക്ഷ ഇളവ് ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ കെ.കെ രമ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാത്ത സ്പീക്കറുടെ നടപടി അസാധാരണവും പക്ഷപാതപരവുമായിരുന്നു. മുഖ്യമന്ത്രി വിശദീകരണം നല്‍കുന്നതിന് പകരം സ്പീക്കര്‍ വിശദീകരണം നല്‍കിയത് അനുചിതവും ചട്ടവിരുദ്ധവുമായിരുന്നു. ഈ നടപടിയുടെ നിയമവിരുദ്ധത ബോധ്യമായിട്ടും സ്പീക്കര്‍ നിലപാടില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു. ഒന്നുകില്‍ അറിവില്ലായ്മ, അല്ലെങ്കില്‍ അഹങ്കാരം. ഇതാണ് സ്പീക്കറെയും സര്‍ക്കാരിനെയും നയിക്കുന്നത്. ഒരു എം.എല്‍.എയുടെ സാധാരണ അടിയന്തര പ്രമേയമല്ലായിരുന്നത്. ഭര്‍ത്താവിനെ അതിക്രൂരമായ് കൊലചെയ്ത കുറ്റവാളികളെ ശിക്ഷ പൂര്‍ത്തിയാക്കുന്നതിന് മുന്‍പ് ജയില്‍ മോചിതരാക്കാനുള്ള ക്രൂര നടപടിക്കെതിരെയുള്ള രോഷവും വേദനുമായിരുന്നു ആ അടിയന്തര പ്രമേയത്തിന്റെ ഉള്ളടക്കം. ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു സ്ത്രീയുടെ കണ്ണില്‍ നിന്നും ജ്വലിക്കുന്ന അഗ്നിസ്ഫുലിംഗങ്ങളെ നേരിടാനുള്ള ത്രാണിയില്ലായ്മ കാരണം മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കാനാകാതെ സ്പീക്കറുടെ മടിയിലേക്കിട്ട് ഒഴിഞ്ഞുമാറുകയായിരുന്നു.

നോട്ടീസിന് അനുമതി നല്‍കിയാല്‍, തന്നെയും പ്രതിക്കൂട്ടിലാക്കുന്ന വാദങ്ങളും വാക്കുകളും കെ.കെ രമയില്‍ നിന്ന് കൂരമ്പുകളായ് വന്ന് തറയ്ക്കുമെന്നും അത് കനത്ത പ്രഹരമായിരിക്കുമെന്നുമുള്ള ഭീതിയാണ് സ്പീക്കറെ പകരക്കാരനാക്കാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചത്. സാധാരണ നിലയില്‍ നോട്ടീസ് അനുവദിക്കുകയും ബന്ധപ്പെട്ട മന്ത്രിമാരില്‍ നിന്ന് വിശദീകരണം ലഭിച്ചാല്‍ പ്രമേയ അനുമതി നിഷേധിക്കുകയുമാണ് പതിവ്. എന്നാല്‍ ഇവിടെ ഉണ്ടായത് നോട്ടീസ് അനുവദിക്കാത്തതിന്റെ വിശദീകരണം നല്‍കിയത് സ്പീക്കറായിരുന്നു, ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയായിരുന്നില്ല. ഈ അന്യായ നടപടി ഉണ്ടായിട്ടും സ്പീക്കര്‍ അതിനെ ന്യായീകരിച്ചത് കേവലം സിപിഎം വക്താവിനെപ്പോലെയാണ്.
നിയമ നിര്‍മാണ സഭകളിലെ സ്പീക്കര്‍മാരെ നിഷ്പക്ഷവും നീതിപൂര്‍വവുമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കാത്ത ഭരണകക്ഷിയുടെ ധാര്‍ഷ്ട്യമാണ് ലോക്‌സഭയിലും കേരള നിയമസഭയിലും കണ്ടത്.

Advertisement
inner ad
Continue Reading

Editorial

അടിയന്തരാവസ്ഥ അനിവാര്യമാക്കിയതാര്?; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

Published

on

ഇന്ത്യന്‍ ഭരണഘടനയുടെ 352-ാം അനുച്ഛേദം അനുസരിച്ച് 1975 ജൂണ്‍ 25ന് കേന്ദ്ര മന്ത്രിസഭയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും 2014 ല്‍ നരേന്ദ്രമോദി അധികാരമേറ്റതിന് ശേഷം രാജ്യത്ത് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്ന അപ്രഖ്യാപിത അടിയന്തരാവസ്ഥയും താരതമ്യപ്പെടുത്തേണ്ട പ്രകടനങ്ങളാണ് പതിനെട്ടാം ലോക്‌സഭയുടെ ആദ്യദിനത്തില്‍ തന്നെ ബിജെപി ആരംഭിച്ചിരിക്കുന്നത്. പ്രതിപക്ഷവുമായ് കൈയെത്തും അകലമുള്ള ഭൂരിപക്ഷത്തോടെ ഭരിക്കുന്ന ബിജെപി പ്രതിപക്ഷത്തെ ഒട്ടും വിശ്വാസത്തിലെടുക്കുന്നില്ല എന്നുള്ളതിന്റെ വിളംബരമാണ് ലോക്‌സഭ സ്പീക്കര്‍, ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകള്‍.


സഭയിലെ സൗഹാര്‍ദ്ദം നിലനിര്‍ത്തുന്നതിനും പ്രതിപക്ഷത്തിലുള്ള വിശ്വാസവും ബഹുമാനവും നിലനിര്‍ത്തുന്നതിനുമായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ ഡെപ്യൂട്ടി സ്പീക്കര്‍ സ്ഥാനം പ്രതിപക്ഷത്തിന് നല്‍കാനുള്ള കീഴ്‌വഴക്കം ആരംഭിച്ചത്. എന്നാല്‍ ആ കീഴ്‌വഴക്കങ്ങളും പ്രതിപക്ഷ ബഹുമാനവും നരേന്ദ്രമോദിയില്‍ നിന്നുണ്ടായില്ല. രണ്ടുദിവസത്തെ പ്രോടേം സ്പീക്കറുടെ അര്‍ഹതപ്പെട്ട പദവിപോലും പ്രതിപക്ഷത്തിന് നല്‍കാത്ത നരേന്ദ്രമോദിയുടെ അധമ സാന്നിധ്യംകൊണ്ട് ജനാധിപത്യത്തിന്റെ ശ്രീകോവില്‍ കളങ്കപ്പെട്ടിരിക്കയാണ്.

Advertisement
inner ad


രാജ്യത്തിനകത്തും പുറത്തും ആഭ്യന്തര ശക്തികളും വൈദേശിക ശക്തികളും ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ശിഥിലമാക്കാനുള്ള പ്രവര്‍ത്തനങ്ങളിലായിരുന്നു 1975 ലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യയുടെ ഉരുക്ക് വനിത ഇന്ദിരാഗാന്ധി അടക്കമുള്ള നേതാക്കളെ വധിക്കാനും കലാപം സൃഷ്ടിക്കാനും ഛിദ്രശക്തികള്‍ ശ്രമിച്ചു. വിദ്യാര്‍ഥികളെയും യുവാക്കളെയും നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സമരരംഗത്തിറക്കി. ഗുജറാത്തിലെ ചിമന്‍ഭായ് പട്ടേലിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിനെ നിരാഹാര സത്യഗ്രഹം നടത്തി മൊറാര്‍ജി ദേശായ് പറത്താക്കിച്ചു. ബിഹാറില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രസര്‍ക്കാരിനും എതിരായ് സമ്പൂര്‍ണ വിപ്ലവമെന്ന പേരില്‍ ഗാന്ധിയന്‍ സോഷ്യലിസ്റ്റായ ജയപ്രകാശ് നാരായണ്‍ന്റെ നേതൃത്വത്തില്‍ ആരംഭിച്ച സമരം പലയിടങ്ങളിലും അക്രമാസക്തമായി. ഇന്ത്യയിലെ ജനജീവിതവും ചരക്ക് കൈമാറ്റവും സ്തംഭിപ്പിച്ചുകൊണ്ട് ജോര്‍ജ് ഫെര്‍ണാണ്ടസിന്റെ നേതൃത്വത്തിലുള്ള റെയില്‍വെ തൊഴിലാളികള്‍ ആരംഭിച്ച സമരവും ശക്തമായിരുന്നു. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കൊപ്പം വലതുപക്ഷ കുലാക്കുകളും ഇടതുപക്ഷ സാഹസികരും ഇന്ത്യയിലെ ശാന്തജീവിതം തകര്‍ക്കാന്‍ ശ്രമിച്ചു. നക്‌സലൈറ്റുകളും ആര്‍എസ്എസും ആനന്ദമാര്‍ഗികളും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ വിവിധ തീവ്രവാദ സംഘടനകളും ഇന്ത്യയെ ശിഥിലീകരിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കി. ബിഹാറിലെ സമസ്തിപുരില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ കേന്ദ്ര റെയില്‍വെ മന്ത്രി ലളിത് നാരായണ്‍ മിശ്ര കൊല്ലപ്പെട്ടു. നാടെങ്ങും ഭീതിയും അസ്വസ്ഥതയും വളര്‍ന്നു. കരിഞ്ചന്തയും കള്ളക്കടത്തും പൂഴ്ത്തിവെയ്പും വ്യാപകമായി. പട്ടാളത്തോടും അതിര്‍ത്തി സേനയോടും പൊലീസിനോടും സര്‍ക്കാര്‍ ഉത്തരവുകള്‍ അനുസരിക്കരുതെന്ന് ജയപ്രകാശ് നാരായണ്‍ ആവശ്യപ്പെട്ടു. പട്ടാളത്തോട് ആയുധങ്ങളുമായ് ബാരക്കുകളില്‍ നിന്ന് പുറത്തുവരാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു. പാകിസ്ഥാനെപ്പോലെ ജനങ്ങളെ വെടിവെച്ചും മര്‍ദ്ദിച്ചും കൊല്ലാന്‍ ഇന്ത്യക്ക് സാധ്യമല്ലായിരുന്നു. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നാല്‍പത് ദിവസം തികയുന്ന നാളിലായിരുന്നു ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവും പ്രസിഡന്റും ഇന്ത്യയുടെ അടുത്ത സുഹൃത്തുമായ ഷേക് മുജീബുര്‍ റഹ്മാനെയും കുടുംബത്തെയും കൂട്ടക്കൊല ചെയ്തത്. ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ഇന്ദിരാഗാന്ധിയുടെ നടപടിയെ സാധൂകരിക്കുന്നതായിരുന്നു ഈ ദാരുണ സംഭവം.

അടിയന്തരാവസ്ഥയല്ല, അതിന്റെ പേരില്‍ നടന്ന നീചസംഭവങ്ങളായിരുന്നു രാജ്യത്ത് അച്ചടക്കവും ശാന്തിയും കൊണ്ടുവരാനുള്ള ശ്രമത്തെ കാളരാത്രികളായി ചിത്രീകരിക്കപ്പെട്ടത്. 1977 ല്‍ അടിയന്തരാവസ്ഥ നിലനില്‍ക്കെ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധിയും കോണ്‍ഗ്രസും തോറ്റു. പിന്നീട് വന്ന ജനത പാര്‍ട്ടി സര്‍ക്കാര്‍ ഇന്ദിരാഗാന്ധിയെ ക്രൂരമായ് വേട്ടയാടി. അന്യായമായ രീതിയില്‍ അവരുടെ പാര്‍ലമെന്റ് അംഗത്വം റദ്ദാക്കി. ഇന്ദിരയെ തകര്‍ക്കാന്‍ ശ്രമിച്ച ജനതാ ഭരണകൂടം മൂന്നുവര്‍ഷത്തിനുള്ളില്‍ സ്വയം തകര്‍ന്നുവീണു. 1980 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി പൂര്‍വ്വാധികം ശക്തിയോടെ അധികാരത്തില്‍ തിരിച്ചുവന്നു.

Advertisement
inner ad


അടിയന്തരാവസ്ഥയുടെ അസ്ഥികൂടം പൊക്കിക്കാണിച്ച് ലോക്‌സഭയില്‍ കോണ്‍ഗ്രസിനെ ഭയപ്പെടുത്താനുള്ള നരേന്ദ്രമോദിയുടെ ശ്രമങ്ങള്‍ വിജയിക്കില്ല. കോണ്‍ഗ്രസ് പശ്ചാത്തപിച്ചതും ജനങ്ങള്‍ ക്ഷമിച്ചതുമായ ഈ സംഭവത്തിന്റെ കുഴിതോണ്ടി പുറത്തിട്ടിട്ടും ഇന്ത്യയില്‍ പലതവണ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയിലൂടെ രാജ്യത്തെ വേട്ടയാടുന്ന മോദിയാണ് ഏറ്റവും ക്രൂരനായ ഏകാധിപതി. അടിയന്തരാവസ്ഥയുടെ പേരില്‍ നടന്ന അതിക്രമങ്ങളില്‍ ഇന്ദിരയുടെ ഖേദപ്രകടനം ഇന്ത്യന്‍ ജനത സ്വീകരിച്ചു എന്നതിന്റെ പ്രകടിത രൂപമായിരുന്നു 1980 ലെ അവരുടെ തിരിച്ചുവരവ്. അടിയന്തരാവസ്ഥ അനിവാര്യമാക്കിയവര്‍ അതിന്റെ വിമര്‍ശകരായ് മാറുന്നത് വിരോധാഭാസമാണ്.

Advertisement
inner ad
Continue Reading

Editorial

രാഹുല്‍: ഗംഗയ്ക്ക് ചാല്‍ കീറിയ ഭഗീരഥന്‍; മുഖപ്രസംഗം വായിക്കാം

Published

on

ഫാസിസത്തിന്റെ കൊമ്പ് കുലുക്കി ചിഹ്നം വിളിച്ചുള്ള വരവിനെ മയക്കുവെടികൊണ്ട് വീഴ്ത്താന്‍ ഇന്ത്യ മുന്നണിക്ക് സാധിച്ചത് ഭിന്നതകളില്ലാത്ത ഐക്യം കൊണ്ടായിരുന്നു. കോണ്‍ഗ്രസിലെയും ഘടകകക്ഷികളിലെയും നിരവധി നേതാക്കള്‍ തോളോടുതോള്‍ ചേര്‍ന്നപ്പോള്‍ അത് വലിയൊരു പ്രതിരോധ കോട്ടയായി മാറുകയായിരുന്നു. നാനൂറിലധികം സീറ്റുകള്‍ നേടുമെന്ന നരേന്ദ്രമോദിയുടെ അഹങ്കാരത്തോടെയുള്ള വിളംബരം അതിമോഹവും ധാര്‍ഷ്ട്യവും നിറഞ്ഞ പ്രഖ്യാപനമായിരുന്നു. വിമോചന പോരാട്ടങ്ങള്‍ക്ക് പടത്തലവന്‍ നേതൃത്വം നല്‍കുന്നതുപോലെയാണ് രാഹുല്‍ഗാന്ധി ചുവന്ന പുറംചട്ടയുള്ള ഇന്ത്യന്‍ ഭരണഘടനയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയത്.

രാഹുല്‍ രക്ഷിച്ചത് ഇന്ത്യന്‍ ജനാധിപത്യത്തെയും മതേതരത്വത്തെയും പരിപാവനമായ ഭരണഘടനയെയുമായിരുന്നു. എണ്ണമറ്റ സ്വാതന്ത്ര്യപോരാട്ടത്തില്‍ ജീവനും ജീവിതവും സമര്‍പ്പിച്ച് നേടിയ ഇന്ത്യയുടെ സ്വാതന്ത്ര്യം തകര്‍ക്കപ്പെടുമോയെന്ന് സന്ദേഹിച്ച വേളയിലാണ് പതിനെട്ടാം ലോക്‌സഭ തെരഞ്ഞെടുപ്പ് നടന്നത്. തങ്ങള്‍ നാനൂറ് സീറ്റുകള്‍ നേടുമെന്ന ബിജെപിയുടെ പ്രഖ്യാപനം ഇന്ത്യന്‍ ഭരണഘടനയെ ശിരച്ഛേദം ചെയ്യാനുള്ള കൊലവാള്‍ ആവശ്യപ്പെടുന്നതിന് തുല്യമായിരുന്നു. രാജ്യത്തെ വീണ്ടെടുക്കാനുള്ള ഈ പോരാട്ടത്തില്‍ മുറുകെപ്പിടിച്ച വീര്യവും യുദ്ധതന്ത്രങ്ങളും രാഹുല്‍ നേടിയത് ഏതെങ്കിലും സൈനിക പാഠശാലകളില്‍ നിന്നോ പുസ്തകത്താളുകളില്‍ നിന്നോ ആയിരുന്നില്ല.

Advertisement
inner ad

ഇന്ത്യയുടെ ഹൃദയത്തില്‍ കൈവെച്ചും ദരിദ്രരും ദീനരും ദുഃഖിതരുമായ ശതകോടി ജനങ്ങളെ ചേര്‍ത്തുപിടിച്ചുകൊണ്ടും രാഹുല്‍ ഇന്ത്യയുടെ സങ്കടം കാണാന്‍ നാടുനീളെ സഞ്ചരിച്ചു. അനേകം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ലോകത്തിന്റെ ദുഃഖം കാണാന്‍ രാജധാനി വിട്ടിറങ്ങിയ സിദ്ധാര്‍ഥ രാജകുമാരന്റെ പരിത്യാഗത്തിന് സമാനമായിരുന്നു രാഹുലിന്റെ ഭാരത് ജോഡോ യാത്രകള്‍.


ഒന്നാംഘട്ടം കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയും രണ്ടാംഘട്ടം മണിപ്പൂര്‍ മുതല്‍ മുംബൈ വരെയും യാത്ര ചെയ്തു. ഇതൊരു ഉല്ലാസയാത്രയായിരുന്നില്ല. മരംകോച്ചുന്ന കൊടുംതണുപ്പും കത്തിയാളുന്ന വെയിലും തിമിര്‍ത്ത് പെയ്യുന്ന മഴയും കൂസാതെയുള്ള യാത്രയില്‍ രാഹുല്‍ കണ്ടത് യഥാര്‍ഥ ഇന്ത്യയെ ആയിരുന്നു. ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും ചേരികളിലെയും പട്ടിണിയും ദാരിദ്ര്യവും കണ്ണീരും സങ്കടങ്ങളും മുഖാമുഖം കണ്ടു. പതിതരുടെയും അധഃസ്ഥിതരുടെയും ദുഃഖത്തിനറുതി വരുത്തുന്ന ഒരു രാഷ്ട്രീയത്തിന് മാത്രമേ ഇന്ത്യയുടെ യഥാര്‍ഥ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാവുകയുള്ളൂവെന്ന് രാഹുല്‍ മനസ്സില്‍ കുറിച്ചിട്ടു. ഇതോടൊപ്പം നാടുനീളെ ബിജെപി വിതച്ച വര്‍ഗീയ വിഷവിത്തുകളെ പൂര്‍ണമായും പിഴുതെറിഞ്ഞ് ജനാധിപത്യത്തെ സംരക്ഷിക്കുക എന്നതായിരുന്നു കോണ്‍ഗ്രസിന്റെ ലക്ഷ്യം. ഇന്ത്യ മുന്നണിയെന്ന രാഷ്ട്രീയ സഖ്യം അങ്ങിനെ രൂപം കൊണ്ടതാണ്.

Advertisement
inner ad

സ്ത്രീകളുടെയും യുവാക്കളുടെയും കര്‍ഷകരുടെയും തൊഴിലാളികളുടെയും ക്ഷേമത്തിനായുള്ള വിളംബരം മുഴക്കിക്കൊണ്ട് രാഹുല്‍ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളെ പ്രകമ്പനം കൊള്ളിച്ചു. ഒരു കൊടുങ്കാറ്റിന്റെ വേഗതയില്‍ തെക്ക് നിന്ന് വടക്കോട്ടും പടിഞ്ഞാറുനിന്ന് കിഴക്കോട്ടും രാഹുല്‍ സഞ്ചരിച്ചു. ആരും ക്ഷണിക്കാതെയും യാത്രാസൗകര്യങ്ങളില്ലാതെയും രാഹുലിനെ കാണാനും കേള്‍ക്കാനും ആളുകള്‍ തടിച്ചുകൂടി. സ്വന്തം മുത്തശ്ശിയുടെയും പിതാവിന്റെയും ജീവനുകള്‍ രാജ്യത്തിനുവേണ്ടി ബലിനല്‍കിയ ഭയപ്പെടുത്തുന്ന ഓര്‍മകള്‍ രാഹുലിന്റെ മുന്നോട്ടുള്ള പ്രയാണത്തിനു കരുത്തുപകര്‍ന്നതേയുള്ളൂ. സംഘര്‍ഷഭൂമികളില്‍ സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് മുന്നേറിയ രാഹുലിന്റെ നിശ്ചയദാര്‍ഢ്യം ഫാസിസത്തിനെതിരായ പോരാട്ടത്തിന് ‘ഇന്ത്യ’ക്ക് ഊര്‍ജമായി.


ആരോഗ്യപരമായ അവശതകളുണ്ടായിട്ടും സോണിയാ ഗാന്ധിയെ മണിക്കൂറുകളോളം ചോദ്യം ചെയ്യാനും രാഹുല്‍ ഗാന്ധിയെ നിയമക്കുരുക്കുകളില്‍ പെടുത്താനും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും ബിജെപി സര്‍ക്കാര്‍ ശ്രമിച്ചിട്ടും ജനങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് നിര്‍ഭയനായി രാഹുല്‍ഗാന്ധി ഈ പോരാട്ടം നയിച്ചു.

Advertisement
inner ad


പ്രഹരശേഷിയുള്ള വാക്കുകള്‍ കൊണ്ട് രാഹുല്‍ മോദിയെയും ബിജെപിയെയും ആക്രമിച്ചു. രാഹുലിന്റെ കൂരമ്പുകളേറ്റ് നിലംപൊത്തുന്ന മോദിപ്പടയെയാണ് തെരഞ്ഞെടുപ്പ് രംഗത്ത് നാം കണ്ടത്. നാനൂറ് പ്ലസ് ലക്ഷ്യംവെച്ച എന്‍ഡിഎയ്ക്ക് 292 സീറ്റുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. രാഹുലാണ് ഇന്ത്യ മുന്നണിയുടെ ഊര്‍ജടാങ്ക് എന്ന് മനസ്സിലാക്കിയ ബിജെപി രാഹുലിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചതിപ്രയോഗങ്ങളും ശരപ്രയോഗങ്ങളും മറികടന്ന് രാഹുല്‍ ഇന്ത്യ മുന്നണിയെ കരുത്തുറ്റ ശക്തിയാക്കി മാറ്റി.

മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില്‍ നടത്തിയ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ജീവന്‍ നല്‍കിയ ധീരരക്തസാക്ഷികള്‍ ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെയും ആദര്‍ശങ്ങളെയും ദുര്‍ബ്ബലപ്പെടുത്താന്‍ രാജ്യത്ത് ഒരു ശക്തിയേയും അനുവദിക്കില്ലെന്ന ജനങ്ങളുടെ ഉജ്വലമായ പ്രഖ്യാപനമാണ് ഈ വിധിയെഴുത്തിലൂടെ പ്രഘോഷിക്കപ്പെടുന്നത്.
ഗംഗയെ വഴിച്ചാലുകള്‍ കീറി ആകാശത്തുനിന്നും ഭൂമിയിലെത്തിച്ച ഭഗീരഥന്റെ പ്രയത്‌നത്തിന് തുല്യമായിരുന്നു രാഹുലിന്റെ അധ്വാനവും ലക്ഷ്യവും.

Advertisement
inner ad
Continue Reading

Featured