ബോംബാക്രമണത്തിനു പിന്നിൽ ജനശ്രദ്ധ തിരിച്ചു വിടാനുള്ള തന്ത്രം: കോൺ​ഗ്രസിനും യുഡിഎഫിനും ഒരു പങ്കുമില്ലെന്നു വി.ഡി. സതീശൻ

കൊച്ചി: തിരുവനന്തപുരം എകെജി സെന്ററിനു മുന്നിലേക്കു ബോംബോ പടക്കമോ എറിഞ്ഞ സംഭവത്തിൽ കോൺ​ഗ്രസിനോ യുഡിഎഫിനോ ഒരു പങ്കുമില്ലെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ ശക്തമായ പ്രക്ഷോഭത്തിലാണ് ഞങ്ങൾ. തന്നെയുമല്ല, കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി ഇന്നു വയനാട്ടിലെത്തുന്നുമുണ്ട്. അദ്ദേഹത്തിന്റെ പൊതുപരിപാടികൾ വിജയിപ്പിക്കാനുള്ള പരമാവധി ഒരുക്കത്തിലാണ് യുഡിഎഫ്. ഈ സാഹചര്യങ്ങളിൽ കേരളത്തിന്റെ പൊതു ശ്രദ്ധ വഴിതിരിച്ചുവിടാനുള്ള ഒരു ശ്രമവും ഞങ്ങൾ നടത്തില്ല. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ പൊതുശ്രദ്ധ തിരിച്ചു വിടാൻ ആർക്കാണു താത്പര്യമെന്ന് എല്ലാവർക്കും അറിയാം. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിക്കട്ടെ, കുറ്റവാളികളെ കണ്ടെത്താനുള്ള പൂർണ ഉത്തരവാദിത്വം പൊലീസിനാണെന്നും സതീശൻ മാധ്യമങ്ങളോടു പറഞ്ഞു.
സിപിഎമ്മിന്റെ മൂന്നാമത്തെ അക്രമ പരമ്പരയാണിത്. ആദ്യം മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചു എന്നു പറഞ്ഞായിരുന്നു അക്രമം. പിന്നീട് രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്തു. ഇപ്പോൾ സ്വന്തം ഓഫീസിനു ബോംബ് വച്ച ശേഷം കലാപത്തിനിറങ്ങുന്നു.
ഈ മൂന്ന് അക്രമപരമ്പരകളിലുമായി കോൺ​ഗ്രസിന്റെ എത്രയെത്ര ഓഫീസുകളാണ് തകർക്കപ്പെട്ടത്. എ.കെ. ആന്റണി ഉണ്ടായിരുന്നപ്പോഴാണ് കെപിസിസി ഓഫീസിലേക്ക് സിപിഎം പ്രവർത്തകർ പ്രകടനമായി എത്തി ആക്രമണം നടത്തിയത്. അതിന്റെ തെളിവു സഹിതം ഹാജരാക്കിയിട്ടും ഒരു നടപടിയും സ്വീകരിച്ചില്ല. പയ്യന്നൂരിൽ ​ഗാന്ധി സ്മാരകം ആക്രമിച്ചു. മഹാത്മാവിന്റെ പ്രതിമയുടെ ശിരസറത്തിട്ടും കുറ്റക്കാരെ പിടികൂടിയില്ല. ഞങ്ങളുടെ 40-42 ഓഫീസുകൾ അടിച്ചു തകർത്തു, അഞ്ചെണ്ണത്തിനു തീയിട്ടു. നാലെണ്ണത്തിനു ബോംബെറിഞ്ഞു.
ഇതുകൊണ്ടൊന്നും കോൺ​ഗ്രസ് പ്രവർത്തകരുടെ പോരാട്ട വീര്യം അടിച്ചമർത്താനാവില്ല. കഴിഞ്ഞ മൂന്നു ദിവസമായി ഞങ്ങൾ സർക്കാരിനെ വരിഞ്ഞു മുറുക്കിയിരിക്കയാണ്. ഇടതു സർക്കാരിന്റെ അഴിമതി ഭരണത്തിനെതിരേ ശക്തമായ പോരാട്ടം തുടരുക തന്നെ ചെയ്യും. അതിനിടെ എകെജി സെന്റർ ആക്രമിക്കേണ്ട ആവശ്യം ഞങ്ങൾക്കില്ല. അത്തരം സമര രീതികളോടു യോജിക്കുന്നവരല്ല ഞങ്ങളാരും. അക്രമവും കലാപങ്ങളും അഴിച്ചു വിട്ട് പ്രതിരോധത്തിൽ നിൽക്കുന്ന സർക്കാരിനെതിരായ ജനവികാരം ഇല്ലാതാക്കാനുള്ള വിഡ്ഢിത്തം തങ്ങൾക്കില്ലെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Related posts

Leave a Comment