വയനാട്ടിൽ ഇന്നു യുഡിഎഫ് പ്രതിഷേധ മഹാറാലി, ആയിരങ്ങൾ അണിനിരക്കും

കല്പറ്റ: കോൺ​ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുൽ ​ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് ജീവനക്കാരെ മർദിച്ച സംഭവത്തിൽ പ്രതിഷേധിച്ച് കോൺ​ഗ്രസ് നേതൃത്വത്തിൽ കല്പറ്റയിൽ ഇന്നു കൂറ്റൻ‌ റാലി നടത്തും. യുഡിഎഫിലെ മറ്റു കക്ഷികളുടെ പ്രവർത്തകരും റാലിയിൽ പങ്കെടുക്കും. കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു​ഗോപാൽ, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ്  അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും. കെപിസിസി ഭാരവാഹികൾ, വിവിധ ഡിസിസി പ്രസിഡന്റമാർ, എംപിമാർ തുടങ്ങിയവർ കല്പറ്റയിലെത്തിത്തുടങ്ങി.
രാവിലെ 11 ന് ഡിസിസിയിൽ ഉന്നതതല യോ​ഗം ചേർന്നു പ്രതിഷേധ പരിപാടികൾക്കു രൂപം നൽകും.
ഉച്ചകഴിഞ്ഞു മൂന്നിന് രാഹുൽ ​ഗാന്ധിയുടെ ഓഫീസിനു മുന്നിൽ നിന്നു തുടങ്ങുന്ന പ്രതിഷേധ റാലിയിൽ ആയിരങ്ങളെ അണിനിരത്താനാണ് ആലോചിക്കുന്നത്. ഒരു ആഹ്വാനവുമില്ലാതെ തന്നെ പ്രവർത്തകർ കല്പറ്റയിലേക്ക് ഒഴുകിത്തുടങ്ങി. എസ്എഫ്ഐ നടത്തിയ അക്രമത്തെ മുഖ്യമന്ത്രിയും സിപിഎമ്മും തള്ളിപ്പറഞ്ഞെങ്കിലും ഇതിനു പിന്നിൽ വൻ ​ഗൂഢാലോചനയാണു നടന്നത്. ഓരോ ജില്ലയിലും എസ്എഫ്ഐയുടെ ചുമതലയുള്ള സിപിഎം ജില്ലാ നേതാക്കളുണ്ട്. അവരുടെ അനുമതിയില്ലാതെ ഒരു പൊതു പരിപാടികളും നടത്താൻ പാടില്ലെന്നാണ് അവരുടെ ചട്ടം.
രാഹുൽ ​ഗാന്ധിയെപ്പോലെ സമുന്നതനായ ദേശീയ നേതാവിന്റെ ഓഫീസ് ആക്രമിക്കാൻ പോകുന്നതിനു മുൻപ് അതേക്കുറിച്ച് ഒരു ആലോചനയും നടന്നില്ലെന്നു കരുതാനാവില്ല. സിപിഎം ജില്ലാ നേതൃത്വത്തിന്റെ അനുമതിയോടെയായിരുന്നു ആക്രമണം എന്നു വ്യക്തമാക്കുന്ന പല തെളിവുകളും പുറത്തു വരുന്നുണ്ട്.
തന്നെയുമല്ല, ഓഫീസ് ആക്രമിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏതാനും ദിവസമായി എസ്എഫ്ഐ സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തിയിരുന്നു. ബഫർ സോൺ വിഷയത്തിൽ സുപ്രീം കോടതി വിധി വന്ന ശേഷമായിരുന്നു ഇത്. എവിടെയാണ് ഞങ്ങളുടെ എംപി? രാഹുൽ ​ഗാന്ധി ഉറങ്ങുകയാണോ? ബഫർ സോൺ വിഷയത്തിൽ ഇടപെടാത്ത രാഹുലിനെതിരേ പ്രതിഷേധിക്കുക തുടങ്ങിയ സന്ദേശങ്ങളാണ് പ്രചരിച്ചത്. ഇതേത്തുടർന്ന് രാഹുൽ ​ഗാന്ധിയുടെ ഓഫീസിനു ഭീഷണിയുള്ള കാര്യം ജില്ലയിലെ കോൺ​ഗ്രസ് നേതാക്കൾ ജില്ലാ പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്തിരുന്നു. എന്നാൽ പൊലീസ് മനഃപൂർവം കണ്ണടച്ചു. ഇതാണ് അക്രമികൾക്ക് വളമായത്.
ആയുധങ്ങളുമായി ഓഫീസിന്റെ രണ്ടാമത്തെ നിലയിലേക്കു ബാൽക്കണി വഴി കടന്നുവന്ന് മണിക്കൂറുകൾ അഴിഞ്ഞാടിയിട്ടും പൊലീസ് സ്ഥലത്തെത്തിയില്ല. ഓഫീസ് ജീവനക്കാരൻ അ​ഗസ്റ്റിൻ പുല്പള്ളിയെ ക്രൂരമായി മർദിച്ചു. അദ്ദേഹത്തിന്റെ ജീവൻ ഇപ്പോഴും അപകടത്തിലാണ്. ഇത്രയും വലിയ അതിക്രമം നടന്നിട്ടും പൊലീസ് കണ്ണടച്ചതിനു കാരണം ഭരണ തലപ്പത്തു നിന്നുള്ള രഹസ്യ നിർദേശമാണെന്നു കരുതിയാൽ തെറ്റില്ല.

Related posts

Leave a Comment