വകുപ്പ് അറിയാതെ സ്കൂള്‍ തുറക്കല്‍ഃ അതൃപ്തി പുകയുന്നു

കൊല്ലം: വകുപ്പ് അറിയാതെ സംസ്ഥാനത്തെ സ്കൂള്‍ തുറക്കല്‍ തീയതി പ്രഖ്യാപിച്ചതില്‍ വിദ്യാഭ്യാസ വകുപ്പില്‍ അതൃപ്തി പുകയുന്നു. പൊതു വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍ കുട്ടി പോലും സ്കൂള്‍ തുറക്കല്‍ തീയതി അറിഞ്ഞതു മാധ്യമങ്ങള്‍ മുഖേന. മന്ത്രിയുമായി ചര്‍ച്ച ചെയ്തില്ലെങ്കിലും മുഖ്യമന്ത്രിക്കു തീരുമാനമെടുക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വേണ്ടത്ര ആശയവിനിമയം നടക്കാതെ സ്കൂള്‍ തുറക്കുന്ന തീയതി പ്രഖ്യാപിച്ചത് മുന്നൊരുക്കള്‍ക്കു കാലതാമസമുണ്ടാക്കുമെന്നാണ് വിമര്‍ശനം. ഇക്കാര്യം പൊതു വിദ്യാഭ്യാസ സെക്രട്ടറി, ഡിപിഐ എന്നിവരെ ധരിപ്പിക്കാനാണ് ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നത്.

എങ്ങനെ അധ്യയനം പുനരാരംഭിക്കണം എന്നതിലാണ് വകുപ്പ് തിരുമാനമെടുക്കേണ്ടത്. 15 ദിവസങ്ങൾക്ക് മുമ്പ് മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണമെന്നാണ് സർക്കാർ നിർദേശം വന്നിട്ടുള്ളത്. സ്കൂളുകൾ തുറക്കാനുള്ള തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിച്ചെങ്കിലും നിരവധി ചോദ്യങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് ഉയരുന്നത്. വേണ്ടത്ര ആലോചനകള്‍ ഇല്ലാതെയെടുത്ത തീരുമാനം മൂലം സര്‍വത്ര ആശയക്കുഴപ്പം നിലനില്‍ക്കുന്നതായി ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.

എല്ലാ വിദ്യാർത്ഥികളെയും ഒരു ദിവസം സ്കൂളുകളിൽ എത്തിക്കേണ്ട എന്നാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ ആലോചനകള്‍. ബാച്ച് സംവിധാനം കൊണ്ട് വന്ന് ഒരു ദിവസം പകുതി വിദ്യാർത്ഥികൾ എന്നതാണ് പദ്ധതി. ഇന്നലെ നിർണ്ണായക തീരുമാനം എടുക്കുന്നതിന് മുമ്പ് മുഖ്യമന്ത്രി വിദ്യാഭ്യാസ വകുപ്പുമായി ചർച്ച നടത്താത്തതും ആശയക്കുഴപ്പം ഉയർത്തിയിട്ടുണ്ട്.

പ്ലസ് വണ്‍ പരീക്ഷാ നടത്തുന്നതിലാണ് നിലവിൽ വിദ്യാഭ്യാസ വകുപ്പിന്‍റെ പൂര്‍ണ്ണ ശ്രദ്ധ. അത് പൂർത്തിയായ ശേഷമാകും അധ്യയനം തുടങ്ങുന്നത് സംബന്ധിച്ച ക്രമീകരണങ്ങളിലേക്ക് വകുപ്പ് പ്രായോഗികമായി കടക്കുക. എല്ലാ വിദ്യാർത്ഥികൾക്കും പ്രത്യേകം തയ്യാറാക്കിയ മാസ്ക്കുകള്‍ നൽകണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. ഇതോടെ 40 ദിവസം കൊണ്ട് 35 ലക്ഷത്തിലധികം കുട്ടികൾക്ക് വേണ്ട മാസ്ക്ക് തയ്യാറാക്കേണ്ടി വരും. അത് എത്രമാത്രം പ്രായോഗികമാണെന്നു കണ്ടറിയണം. റേഷന്‍ കിറ്റുകള്‍ വഴി വിതരണം ചെയ്ത ഗുണനിലവാരമില്ലാത്ത മാസ്കുകളുടെ പിന്നിലെ അഴിമതിയെക്കുറിച്ചുള്ള വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അത്തരം മാസ്കുകളാണോ കുട്ടികള്‍ക്കും നല്‍കുക എന്ന ആശങ്ക ഇതിനകം ഉയര്‍ന്നിട്ടുണ്ട്.

ആദ്യ ഘടത്തിൽ ഒന്നുമുതൽ ഏഴ് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുമാണ് പഠനം തുടങ്ങേണ്ടത്. നവംബർ ഒന്നിന് മുമ്പ് വിദ്യാർത്ഥികൾക്ക് അടക്കം എത്ര പേർക്ക് കൊവിഡ് പ്രതിരോധം കൈവന്നുവെന്ന പഠനം പൂർത്തിയാക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടൽ. പതിനെട്ട് വയസിന് മുകളിലുള്ളവരുടെ വാക്സിനേഷനും 90 ശതമാനത്തിലേക്കെങ്കിലും എത്തിക്കാനുള്ള സാവകാശവുമുണ്ട്.

Related posts

Leave a Comment