അർബുദത്തെ തോൽപ്പിച്ച ആത്മവിശ്വാസം; ഒടുവിൽ കോവിഡിന് കീഴടങ്ങി ശരണ്യ ശശി

തിരുവനന്തപുരം: തിരിച്ചടികളില്‍ പതറിവീഴുന്നവര്‍ക്ക് എന്നും പ്രചോദനമായിരുന്നു ശരണ്യ. വെള്ളിത്തിരയില്‍ മിന്നി നിറയേണ്ട കാലത്ത് തലച്ചോറിലെ അർബുദം ഭാവിയെ മാറ്റിമറിച്ചപ്പോഴും നിഷ്‌കളങ്കമായ ചിരിയോടെ അതിനെ മറികടന്ന ശരണ്യ അതിജീവനത്തിന്റെ മാതൃകയായിരുന്നു. തുടര്‍ച്ചയായ 11 ശസ്ത്രക്രിയകള്‍ തലച്ചോറിനെ കീറിമുറിച്ചപ്പോഴും ജീവിതത്തിലേക്ക് മടങ്ങിവരാനുള്ള ആഗ്രഹം തീവ്രമായിരുന്നു. മരണത്തിന് പിടികൊടുക്കാതെ ആശുപത്രിയിൽ നിന്ന് തിരികെയെത്തുമ്പോഴെല്ലാം ചിരിച്ചു കൊണ്ട് ശരണ്യ ആരാധകർക്ക് മുമ്പിലെത്തി. വീടിന്റെ നാലുചുവരുകളില്‍ ഒതുങ്ങി കഴിയാതെ സ്വന്തം യൂട്യൂബ് ചാനലിൽ ആളുകളോട് സംവദിച്ചാണ് സ്വന്തം ദുഃഖം ശരണ്യ മറച്ചുപിടിച്ചത്. ശസ്ത്രക്രിയക്ക് പണമില്ലാതെ പ്രതിസന്ധിയിലായ ശരണ്യക്ക് തണലേകി സുമനസുകൾ ഒരുമിച്ചു നിന്നപ്പോൾ പതിയെ വീണ്ടെടുത്ത ജീവിതതാളമാണ് ഇന്നലെ നിലച്ചത്.  
ശാലീന സുന്ദരിയായിരുന്നു മലയാള മിനി സ്ക്രീൻ പ്രേക്ഷകർക്ക് ശരണ്യ. ഇടയ്ക്ക് വില്ലൻ വേഷമണിഞ്ഞപ്പോഴും വീട്ടമ്മമാർ ശരണ്യയോട് അകലം കാട്ടിയില്ല. ചെറിയൊരു തലവേദന, അതായിരുന്നു തുടക്കം. ചെന്നിക്കുത്ത് എന്നാണ് ആദ്യം കരുതിയത്. രണ്ടുമാസത്തോളം മരുന്ന് കഴിച്ചിട്ടും കുറഞ്ഞില്ല. ഇതിനിടെ, 2012ൽ തെലുങ്കിൽ സ്വാതി എന്ന സീരിയലിന്റെ ഷൂട്ടിങ് സെറ്റിൽ ശരണ്യ കുഴഞ്ഞുവീണു. അന്ന് നടത്തിയ വിശദ പരിശോധനയിലാണ് ശരണ്യയുടെ തലച്ചോറിനെ അർബുദം കാർന്നു തിന്നുന്നത് ഡോക്ടർമാർ തിരിച്ചറിഞ്ഞത്. പിന്നീടങ്ങോട്ട് വീടുവിട്ടാൽ ആശുപത്രി, ആശുപത്രി വിട്ടാൽ വീട് എന്നായി ശരണ്യയുടെ ജീവിതം. തുടർച്ചയായുള്ള ശസ്ത്രക്രിയകൾ ശരണ്യയുടെ ആരോഗ്യത്തെ ബാധിച്ചു. തലയിലെ ഏഴാം ശസ്ത്രക്രിയയെത്തുടർന്നു ശരീരത്തിന്റെ ഒരു വശം തളർന്നു. രോഗം പലതവണ കീഴ്പ്പെടുത്തിയിട്ടും ശരണ്യ തളർന്നില്ല. ഇപ്പോൾ മരിക്കാനാവില്ലെന്നായിരുന്നു രോഗത്തോട് ശരണ്യയുടെ പ്രഖ്യാപനം.
2012 മുതൽ എട്ടുവർഷം  തലയിൽ ഒമ്പത് സർജറികൾ നടത്തി. 33 തവണ റേഡിയേഷനും ചെയ്തു. സാമ്പത്തികമായും തകർന്ന ശരണ്യയെ സഹായിക്കാൻ ആദ്യവസാനം ഒപ്പമുണ്ടായിരുന്നത് സീരിയൽ താരങ്ങളുടെ സംഘടനയായ ആത്മയുടെ ഭാരവാഹി സീമ ജി. നായരായിരുന്നു. ശരണ്യ അർബുദവുമായി മല്ലിടുന്ന അവസരത്തിലാണ് സുഹൃത്ത് ബിനുവിന്റെ ആലോചന ശരണ്യയ്ക്ക് എത്തുന്നത്. 2014–ൽ ഒക്ടോബർ 26 ന് ബിനുവും ശരണ്യയും വിവാഹിതരായി. എന്നാൽ വിവാഹം കഴിഞ്ഞും അർബുദം വില്ലനായതോടെ വിവാഹ ജീവിതവും താറുമാറായി. പിന്നീടുള്ള ജീവിത പോരാട്ടത്തിൽ ശരണ്യ തനിച്ചാവുയിരുന്നു.
ശാരീരികവും മാനസികമായും തളർന്ന ശരണ്യയ്ക്ക് പിന്നീട് ചികിൽസാ ചെലവുകൾക്കായി ഉണ്ടായിരുന്നതെല്ലാം വിൽക്കേണ്ടിവന്നു. സാമ്പത്തികമായും തകർന്നതോടെ അമ്മയും ശരണ്യയും ഒറ്റയ്ക്കായി. പിന്നീട് നടി സീമ ജീ. നായരുടെ നേതൃത്വത്തിലുള്ള സുമനസ്സുകളുടെ സഹായത്താൽ സ്നേഹസീമയെന്ന വീടുണ്ടാക്കി. വാടക വീട്ടിൽ നിന്ന് സ്നേഹസീമയിലേക്ക്  മാറി താമസിക്കുമ്പോൾ അധികം വൈകാതെ അഭിനയത്തിലേക്ക് മടങ്ങിയെത്താനാകുമെന്നായിരുന്നു ശരണ്യയുടെ പ്രതീക്ഷ. പക്ഷെ, അർബുദത്തെ തോൽപ്പിച്ച ആത്മവിശ്വാസത്തിന് കോവിഡിനെ തോൽപ്പിക്കാനായില്ല. സ്നേഹ സീമയിൽ ഇനി ശരണ്യയില്ല. 

Related posts

Leave a Comment