അനുശോചനപ്രവാഹം

മലപ്പുറംഃ കോട്ടയ്ക്കല്‍ ആര്യവൈദ്യശാലാ ട്രസ്റ്റി ഡോ. പി.കെ. വാര്യരുടെ വേര്‍പാടില്‍ അനുശോചനം പ്രവഹിക്കുന്നു.

  • കെ.സുധാകരന്‍

ആയുർവേദ കുലപതിയും കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യരുടെ നിര്യാണത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി അനുശോചിച്ചു.

വൈദ്യത്തിന് മാനവികതയുടെ മുഖം നൽകിയ വിശ്വപൗരനാണ് അദ്ദേഹം.സഹാനുഭൂതിയും കരുണയും കൈമുതലാക്കിയ സവിശേഷ വ്യക്തിത്വം.ആയുർവേദ ചികിത്സയുടെ പെരുമ ലോകമെമ്പാടും എത്തിച്ച ധിഷണാശാലി.പ്രവർത്തന പന്ഥാവിൽ തന്റെതായ വ്യക്തിമുദ്രപതിപ്പിച്ച അദ്ദേഹം പ്രകൃതിയുമായി ഇണങ്ങിയ ചികിത്സാ രീതിയാണ് പിന്തുടർന്നത്.

ഭാരതീയ ചികിത്സാ സമ്പ്രദായത്തിന് പി കെ വാര്യർ നൽകിയ സംഭാവനകൾ മാനിച്ചും ആറുദശാബ്ദക്കാലത്തെ നിസ്തുല സേവനം മുൻനിർത്തിയും കണ്ണൂർ ആറളം വനപ്രദേശത്ത് കണ്ടെത്തിയ അപൂർവയിനം സസ്യത്തിന് അദ്ദേഹത്തിന്റെ പേര് നൽകിയിട്ടുണ്ട്.

ലോകം മുഴുവൻ അംഗീകരിക്കുന്ന പി കെ വാര്യരുടെ വേർപാട് വൈദ്യമേഖലയ്ക്ക് അപരിഹാര്യമായ നഷ്ടമാണെന്നും സുധാകരൻ പറഞ്ഞു.

  • ഉമ്മന്‍ ചാണ്ടി

ആയുര്‍വേദത്തിന് ആഗോള പ്രശസ്തി നേടിക്കൊടുത്ത കേരളത്തിന്റെ മഹാവൈദ്യനാണ് ഡോ. പി. കെ വാര്യറെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി.

ഏഴു ദശാബ്ദം നേതൃത്വം നല്കി നൂറാം വയസില്‍ വിടവാങ്ങിയപ്പോള്‍ 400 കോടി രൂപ വിറ്റുവരവും 2000 പേര്‍ക്ക് തൊഴിലും നല്കുന്ന മഹാപ്രസ്ഥാനമായി കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയെ മാറ്റിയെടുക്കാന്‍ സാധിച്ചു. ലക്ഷക്കണക്കിന് ആളുകളാണ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലൂടെ സൗഖ്യം നേടിയത്.

കേരളത്തിന്റെ സ്വന്തം എന്നവകാശപ്പെടുന്ന ആയുര്‍വേദത്തിന് ഡോ. പികെ വാര്യര്‍ നല്കിയ അതുല്യമായ സംഭാവനകള്‍ എക്കാലവും സ്മരിക്കപ്പെടും.

  • മുഖ്യമന്ത്രി

ആയുർവേദത്തെ ആഗോള പ്രശസ്തിയിലേക്കും സർവ്വ സ്വീകാര്യതയിലേക്കും നയിച്ച പ്രമുഖ ഭിഷഗ്വരൻമാരുടെ നിരയിലാണ് ഡോ.പി കെ വാര്യരുടെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

ആയുർവേദത്തിന്റെ ശാസ്ത്രീയതയാണ് ഡോ. പി കെ വാര്യർ മുന്നോട്ട് വെച്ചതും ലോകത്തെ ബോധ്യപ്പെടുത്തിയതും. ഈ ദൗത്യം അദ്ദേഹത്തെ പോലുള്ളവർ ഏറ്റെടുത്തില്ലെങ്കിൽ ആയുർവേദത്തിന് അന്താരാഷ്ട്ര രംഗത്ത് ഇന്ന് കാണുന്ന സ്വീകാര്യത ഉണ്ടാകുമായിരുന്നില്ല. മനുഷ്യത്വത്തെ വൈദ്യശാസ്ത്രത്തിൽ ലയിപ്പിച്ച മഹത്വത്തിന്റെ ഉടമയായിരുന്നു അദ്ദേഹം. ചികിത്സക്ക് പണം തടസ്സമാകരുത് എന്ന ചിന്തയോടെ ആയുർവേദത്തിന്റെ സിദ്ധികളെ അദ്ദേഹം സമൂഹത്തിന്റെ താഴേതലത്തിൽ വരെയെത്തിച്ചു. രാഷ്ട്രത്തലവൻമാർ മുതൽ അഗതികൾ വരെ അദ്ദേഹത്തെ ചികിത്സ തേടി സമീപിച്ചു. വൈദ്യസമൂഹത്തിന്റെ സഹായത്തോടെ അവർക്കാകെ അദ്ദേഹം രോഗശുശ്രൂഷയും സാന്ത്വനവും നൽകി.

അദ്ദേഹത്തിന്റെ ഭരണനൈപുണ്യം എടുത്ത് പറയേണ്ടതുണ്ട്. കോട്ടയ്ക്കൽ ആര്യ വൈദ്യശാലയെ പുരോ​ഗതിയിലേക്കും ​ആധുനികതയിലേക്കും അദ്ദേഹം നയിച്ചു. പാരമ്പര്യത്തിന്റെ മൂല്യങ്ങൾ നിലനിർത്തിക്കൊണ്ടു തന്നെ നവീനതയെ ഉൾക്കൊണ്ടു. വിറകടുപ്പിൽ നിന്നും സ്റ്റീം പ്ലാന്റുകളിലേക്കും, കുപ്പിക്കഷായങ്ങളിൽ നിന്നും ടാബ്ലറ്റുകളിലേക്കും, തൈലങ്ങളിൽ നിന്ന് ജെൽ രൂപത്തിലേക്കും മാറി. ഔഷധസസ്യങ്ങളെക്കുറിച്ച് അഞ്ചു വാല്യങ്ങളിലായി ഒരു ആധികാരിക ​ഗ്രന്ഥം പുറത്തിറക്കാൻ അദ്ദേഹം നേതൃത്വം നൽകി. വിലമതിക്കാനാകാത്ത സംഭാവനയാണിത്.

മതനിരപേക്ഷവും പുരോ​ഗമനപ്രദവുമായ വീക്ഷണം എന്നും അദ്ദേഹത്തിന്റെ മുഖമുദ്രയായി. വ്യക്തിബന്ധങ്ങൾക്ക് വില കൽപ്പിച്ചു. ഈ ആതുര സേവകൻ കേരളത്തിലെ ആയുർവേദ രം​ഗത്തെ കുലപതിയാണ്. വൈദ്യരത്നം പി എസ് വാര്യർ തുടങ്ങിവെച്ച ആര്യ വൈദ്യശാലയെ 68 വർഷം പി കെ വാര്യർ നയിച്ചു. അദ്ദേഹം എന്നും സ്നേഹ വാൽസല്യങ്ങളോടെയുള്ള പരി​ഗണന എനിക്ക് നൽകിയിരുന്നു എന്നതും ഓർമ്മിക്കുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ കുടുംബത്തെയും വൈദ്യശാലയേയും അദ്ദേഹത്തെ സ്നേഹബഹുമാനങ്ങളോടെ കാണുന്ന സമൂഹത്തെയാകെ ദുഃഖം അറിയിക്കുന്നതായി മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment