എ.കെ. ആന്റണിയുടെ നേതൃത്വത്തിൽ കോൺ. നേതാക്കൾ ഇന്ന് രാഷ്‌ട്രപതിയെ കാണും

ന്യൂഡൽഹി. ലഖിംപുർ ഖേരി കൂട്ടക്കൊലക്കേസിൽ പ്രതികളെ സംരക്ഷിക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരേ പരാതിയുമായി കോൺ​ഗ്രസ് നേതാക്കൾ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിനെ കാണും. പ്രവർത്തക സമിതി അം​ഗവും മുതിർന്ന നേതാവുമായ എ.കെ. ആന്റണി, രാഹുൽ ​ഗാന്ധി. പ്രിയങ്ക ​ഗാന്ധി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രാഷ്‌ട്രപതിയെ കാണുന്നത്. ഇന്നു രാവിലെ പതിനൊന്നര.യ്ക്കാണ് കൂടിക്കാഴ്ചയ്ക്ക് അനുമതി നൽകിയിരിക്കുന്നത്.
ഒന്നര വർഷമായി നടക്കുന്ന കർഷക പ്രക്ഷോഭത്തെ കേന്ദ്ര സർക്കാർ കണ്ടില്ലെന്നു നടിക്കുകയാണ്. നൂറുകണക്കിനു കർഷകർക്ക് ഇതിനകം ജീവഹാനി നേരിട്ടു. ഇതിനെല്ലാം പു‌റമേയാണ് ഒരു കേന്ദ്ര മന്ത്രിയുടെ മകന്റെ നേതൃത്വത്തിൽ ലംഖിംപുരിൽ കർഷകർക്കു നേരേ വാഹനം കയറ്റിയതും വെടി വച്ചതും. ഒൻപതു പേരാണ് സംഭവങ്ങളിൽ കൊല്ലപ്പെട്ടത്.
ഈ കേസിലെ പ്രധാന പ്രതി കേന്ദ്ര ആഭ്യന്തര സഹ മന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയാണ്. അയാൾക്കെതിരേ വ്യക്തമായ തെളിവുകളുണ്ടായിട്ടും കേസ് ശരിയായ വഴിക്കല്ല നീങ്ങുന്നത്. സുപ്രീം കോടതി അതിനിശിതമായി വിമർശിച്ച് ഇടപെട്ടിട്ടും കേന്ദ്ര സർക്കാർ അനങ്ങുന്നില്ല. കുറ്റവാളികളെ സംരക്ഷിക്കുന്നതിനു നേതൃത്വം നൽകുന്ന കേന്ദ്രമന്ത്രി അയജ് മിശ്രയെ പുറത്താക്കണമെന്നാണ് കോൺ​ഗ്രസ് നേതാക്കൾ രാഷ്‌ട്രപതിയോട് നേരിട്ട് ആവശ്യപ്പെടുന്നത്.
കേന്ദ്രമന്ത്രിക്കെതിരായ നടപടി സ്വീകരിക്കാൻ ബിജെപി നേതൃത്വം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടിരിക്കയാണ്. എന്നാൽ കർഷകരെ കൂട്ടക്കൊല ചെയ്യാനാണു പ്രധാനമന്ത്രി കൂട്ടു നിൽക്കുന്നതെന്നു കർഷകർ ആരോപിക്കുന്നു. കരിനിയമങ്ങൾ പിൻവലിക്കാതെ പ്രക്ഷോഭത്തിൽ നിന്നു പിന്മാറില്ലെന്നു കർഷകർ മുന്നറിയിപ്പ് നല്കുമ്പോൾ, കേന്ദ്ര സർക്കാർ അതിനു തയാറാകുന്നില്ല. ഈ സാഹചര്യത്തിലാണ് കോൺ​ഗ്രസ് നേതാക്കൾ രാഷ്‌ട്രപതി രാം നാഥ് കോവിന്ദിനെ കാണുന്നത്.

Related posts

Leave a Comment