Featured
സഖാവ് പിണറായി; ഞങ്ങളെയൊന്ന് ഭരിക്കൂ
ബംബർ ലോട്ടറി അടിച്ചത് പോലെ തുടർഭരണത്തിന് അവസരം കിട്ടിയ ഇടതുമുന്നണിയുടെ രണ്ടാമൂഴത്തിലും മുഖ്യമന്ത്രി കസേരയിൽ എത്തിയത് പിണറായി വിജയനായിരുന്നു. എട്ടുവർഷം മുൻപ് ആദ്യമായി മുഖ്യപദം ഏറ്റെടുത്ത ശേഷം സെക്രട്ടറിയേറ്റിൽ നടന്ന ജീവനക്കാരുടെ സ്വീകരണത്തിൽ പിണറായി വിജയൻ പറഞ്ഞ ഒരു വാചകമുണ്ട്. ആ പിണറായി വചനങ്ങൾ മറക്കാത്ത മലയാളി മൗനമായി ഇപ്പോൾ വിലപിക്കുകയാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണെന്നും അതിനാൽ ജീവനക്കാർ ആത്മാർത്ഥതയോടെ പ്രവർത്തിക്കണമെന്നുമായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. രണ്ടാം പിണറായി സർക്കാർ മൂന്നുവർഷം പിന്നിടുമ്പോൾ കേരളത്തിൽ ഒരു മുഖ്യമന്ത്രിയോ ഭരണകൂടമോ ഭരണമോ ഉണ്ടോ എന്ന ആശങ്കയിലാണ് മലയാളികൾ. സർക്കാരിന് നേതൃത്വം കൊടുക്കുന്നത് സിപിഎം – സിപിഐ എന്നീ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.
ഈ പാർട്ടികളുടെ നേതാക്കന്മാരും മുഖ്യമന്ത്രിയും മന്ത്രിമാരും നിരന്തരം ഓരോ വിവാദങ്ങളിലും കേസുകളിലും കുരങ്ങുന്നതിന്റെ വാർത്തകളാണ് നിത്യേന പുറത്തുവരുന്നത്. മാസപ്പടി കോഴയിലും മുഖ്യമന്ത്രി തന്നെയാണ് പ്രതിസ്ഥാനത്ത്. സ്ത്രീപീഡനം, സാമ്പത്തിക തട്ടിപ്പ്, ക്രിമിനൽ പ്രവർത്തനം തുടങ്ങിയ പരാതികൾ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പേരിലും ഉയർന്നിട്ടുണ്ട്. പോലീസ് മേധാവി തന്നെ സകല കുറ്റകൃത്യങ്ങൾക്കും കുടപിടിക്കുന്നു എന്ന വാർത്തകളും പുറത്തുവരുന്നു. ഭരണകക്ഷിയിലെ ഒരു എംഎൽഎ സർക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ വൻ അഴിമതിയുടെ തെളിവുകൾ നിരത്തി. മാധ്യമങ്ങളിൽ നിത്യേന പല ആരോപണങ്ങളും ഉയർന്നുവന്നു. ഒടുവിൽ കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യക്ക് പിന്നിൽ സിപിഎം നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ പ്രതിസ്ഥാനത്തായി ജാമ്യ വഴികൾ തേടുകയാണ്.
ഇത്തരത്തിൽ സർക്കാരിനും ഇടതു നേതാക്കൾക്കും പങ്കാളിത്തമുള്ള കുറ്റകൃത്യങ്ങളുടെ വാർത്തകൾ മാധ്യമങ്ങൾ വിളമ്പിക്കൊണ്ടിരിക്കുമ്പോൾ ഭരണം എന്നത് നിലച്ച യന്ത്രമായി മാറി എന്നതാണ് വാസ്തവം. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സർക്കാരിന് ജനങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്ന സ്ഥിതിയാണ്. പൊതുജനത്തിന്റെ ഒരു പരാതിയും പരിഹാരത്തിൽ എത്തുന്നില്ല. നിത്യേന തുടർന്നു പോകേണ്ട അത്യാവശ്യ സർവീസുകൾ പോലും നിലയ്ക്കുന്ന സ്ഥിതിയാണ്. അഴിമതിയും ധൂർത്തും പിടിപ്പുകേടും അലങ്കാരമായി കൊണ്ടുനടക്കുന്ന സർക്കാരിനെ ഓർത്ത് ജനം വിലപിക്കുകയാണ്. പിണറായി സഖാവേ.. മറ്റു ഇടപാടുകൾ മാറ്റിവെച്ച് ഞങ്ങളെ ഒന്ന് ഭരിക്കൂ എന്ന മൗനമായി വിലപിക്കുകയാണ് പൊതുജനം.
Ernakulam
ഇരട്ടി മധുരം; പിറന്നാൾ ദിനത്തിൽ സ്വർണനേട്ടവുമായി അമൽചിത്ര
കൊച്ചി: സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക്സിന്റെ വേദിയിൽ സ്വർണ നേട്ടത്തോടെ ജന്മദിനം ആഘോഷിക്കുകയാണ് കെ എസ് അമൽചിത്ര. ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 2.90 മീറ്റർ ഉയരത്തിൽ അമൽചിത്ര സ്വർണം സ്വന്തമാക്കി. മലപ്പുറം കടകശ്ശേരി ഐഡിയല്‍ ഇ എച്ച് എസ് എസിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ് അമൽചിത്ര. സംസ്ഥാന തലത്തിൽ ജൂനിയർ വിഭാഗത്തിൽ ആദ്യമായി മത്സരിക്കുന്ന അമൽചിത്രയ്ക്ക് ഇത് ആദ്യ സ്വർണമാണ്.
കുടുംബത്തിന്റെ പിന്തുണ
തൃശൂർ താണിക്കുടം കൂത്തുപറമ്പിൽ സുധീഷിന്റെയും വിജിതയുടെയും മകളാണ് അമൽചിത്ര. ഡ്രൈവറായ സുധീഷ് മകളുടെയൊപ്പം മത്സരം കാണുന്നതിനായി എത്തിയിരുന്നു. കുടുംബത്തിന്റെ പൂർണ പിന്തുണ മകൾക്ക് ഉണ്ടെന്നും ഒന്നാമത്തെത്തിയതിൽ അഭിമാനവും സന്തോഷവും ഉണ്ടെന്നും അമൽചിത്രയെ ചേർത്ത് പിടിച്ച് സന്തോഷ കണ്ണീരോടെ സുധീഷ് പറഞ്ഞു. ചെറുപ്പം മുതൽ കായിക മേഖലയിൽ താല്പര്യം ഉണ്ടായിരുന്ന അമൽചിത്ര ഓട്ടം ആയിരുന്നു തെരഞ്ഞെടുത്തത്. എന്നാൽ ആ വിഭാഗത്തിൽ കാര്യമായ നേട്ടം സ്വന്തമാക്കാൻ കഴിഞ്ഞില്ല. പിന്നീട് അധ്യാപകരാണ് പോൾവാൾട്ടിലേക്ക് കടന്നു വരുന്നതിന് പ്രചോദനമായത്. ആദ്യമായി സ്വർണനേട്ടം കരസ്ഥമാക്കിയതിൽ സന്തോഷമുണ്ട്. അധ്യാപകർ നൽകിയ ആത്മവിശ്വാസവും പരിശീലനവും കുടുംബാംഗങ്ങൾ നൽകിയ പിന്തുണയും എനിക്ക് വിജയം നേടിതരാൻ സഹായിച്ചുവെന്ന് അമൽചിത്ര പറഞ്ഞു.
പിറന്നാൾ സർപ്രൈസ്
സ്വർണം നേടി മൈതാനത്തിന് അരികിലെത്തിയപ്പോഴേക്കും അമൽചിത്രയുടെ ചുറ്റും അധ്യാപകരും അച്ഛനും കൂട്ടുകാരും കൂടി നിന്നു. ‘ഹാപ്പി ബർത്ത്ഡേ’ അമൽചിത്ര എന്നെഴുതിയ കേക്ക് അമൽചിത്രയുടെ മുന്നിലേക്ക് കൊണ്ടുവന്നു. സന്തോഷംകൊണ്ട് അവളുടെ മുഖം തിളങ്ങി. കേക്കുമായി പ്രിയപ്പെട്ടവർ എത്തിയപ്പോഴാണ് സർപ്രൈസ് അമൽചിത്രയ്ക്ക് പിടികിട്ടിയത്. പിന്നെ കേക്ക് മുറിച്ച് പിറന്നാളും അതോടൊപ്പം മത്സരവിജയവും ആഘോഷിച്ചു.
വിജയം ഉറപ്പിച്ചിരുന്നു
ഐഡിയൽ ഇന്റർനാഷ്ണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷനിൽ അമൽചിത്രയുടെ കോച്ച് അഖിൽ കെ പിയ്ക്ക് തന്റെ ശിഷ്യയുടെ നേട്ടത്തിൽ അത്ഭുതമില്ല. അവൾ ഇത് സ്വന്തമാക്കുമെന്ന് അറിയാമായിരുന്നു. എം എ കോളേജിൽ അധ്യാപകൻ ആയിരിക്കുമ്പോഴാണ് സാം ജി സാർ അമൽ ചിത്രയെപറ്റി പറയുന്നത്. കായികക്ഷമതയുള്ള അമൽചിത്രയ്ക്ക് ഉയരങ്ങളിൽ എത്താനാകുമെന്ന് തിരിച്ചറിഞ്ഞ് അവളെ എനിക്ക് പരിചയപ്പെടുത്തുകയായിരുന്നു. പിന്നീട് ഐഡിയൽ സ്കൂളിലേക്ക് അധ്യാപകനായി വന്നപ്പോൾ പരിശീലനം നൽകാൻ ആരംഭിച്ചു. ജില്ലാ മത്സരത്തിൽ 2.50 മീറ്റർ ഉയരത്തിൽ എത്തിയപ്പോൾ അവളിലുള്ള ആത്മവിശ്വാസം വർധിച്ചു. ഇപ്പോൾ 2.90 മീറ്റർ ഉയരത്തിലെത്താൻ സാധിച്ചു. അടുത്ത വർഷവും ജൂനിയർ വിഭാഗത്തിൽ മത്സരിക്കാൻ കഴിയും. മുന്നോട്ടും മികച്ച വിജയങ്ങൾ നേടിയെടുക്കാൻ അമൽചിത്രയ്ക്ക് കഴിയുമെന്നും അഖിൽ കെ പി പറഞ്ഞു. അഖിലിന്റെ പരിശീലനത്തിൽ ആറ് കുട്ടികളാണ് സംസ്ഥാന സ്കൂൾ അത്‌ലറ്റിക് മത്സരത്തിൽ പങ്കെടുത്തത്. ഇതിൽ ഒരു സ്വർണവും രണ്ട് വെങ്കലവും നേടാൻ കഴിഞ്ഞു. രാവിലെ 6 മണിക്ക് കുട്ടികൾ പരിശീലനത്തിനായി ഇറങ്ങും. 8 മണി വരെ തുടരും. അങ്ങനെ ദിവസേനയുള്ള നിരന്തരമായ കഠിനാധ്വാനത്തിലൂടെയാണ് വിജയത്തിലെത്താൻ സാധിച്ചത്.
Featured
സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്നം: വി.ഡി സതീശന്‍
പാലക്കാട്: സര്‍ക്കാരില്ലായ്മയാണ് കേരളം അനുഭവിക്കുന്ന പ്രശ്നമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. തെരഞ്ഞെടുത്ത ആളുകള്‍ പ്രയാസപ്പെടുമ്പോള്‍ സര്‍ക്കാറിന്റെ സാന്നിധ്യമാണ് വേണ്ടത്. സി.പി.എം ജയിച്ചാല്‍ അഹങ്കാരികളാകുമെന്ന ഭയം കൊണ്ട് നല്ല കമ്യൂണിസ്റ്റുകള്‍ വോട്ട് മാറ്റി ചെയ്യുമെന്നും സതീശന്‍ പറഞ്ഞു.
ബി.ജെ.പി ജയിക്കാന്‍ പാടില്ലെന്ന മതേതര നിലപാട് സ്വീകരിക്കുന്നവര്‍ പാലക്കാട് ഉണ്ട്. ആ വോട്ടും തങ്ങള്‍ക്ക് ലഭിക്കും. പിണറായി വിജയന്‍ ലെഫ്റ്റ് അല്ല. തീവ്ര വലുതുപക്ഷ നയമാണ് പിണറിയുടേത്.
കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും നിലപാടുകളുടെയും വില ജനങ്ങള്‍ നല്‍കുമെന്നാണ് പ്രതീക്ഷ. വയനാട്ടിലും പാലക്കാട്ടും ചേലക്കരയും വിജയിക്കുമെന്നും വി.ഡി സതീശന്‍ വ്യക്തമാക്കി.
Featured
പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടി: രമേശ് ചെന്നിത്തല
മുക്കം: പാലക്കാട് സി.പി.എം നടത്തുന്ന നാടകം ബി.ജെ.പിയെ സഹായിക്കാന്‍ വേണ്ടിയുള്ളതാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം രമേശ് ചെന്നിത്തല മുക്കത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ കളിച്ച് ഭരണവിരുദ്ധ വികാരം ചര്‍ച്ച ചെയ്യാതിരിക്കാനുള്ള ബോധപൂര്‍വമായ നീക്കണ് സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്. പാലക്കാട്ടെ നാടകം പൊളിഞ്ഞു പോയതിന്റെ ദുഃഖത്തിലാണ് സി.പി.എം ഇപ്പോള്‍. എല്ലാ തെരഞ്ഞെടുപ്പിലും ഇത്തരം നാടകങ്ങള്‍ ഇവര്‍ കാണിക്കാറുണ്ട്. ഉമ തോമസ് മത്സരിച്ച തൃക്കാക്കരയില്‍ എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ തെറ്റായ വീഡിയോ പ്രചരിപ്പിച്ചു എന്നായിരുന്നു പരാതി. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കിയില്ല എന്ന പ്രചരണമായിരുന്നു. ഇപ്പോള്‍ പാലക്കാട് പരാജയം ഉറപ്പായതോട് കൂടി മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നുള്ള വെപ്രാളത്തിലാണ് ബാഗ് വിവാദവും രാത്രിയിലെ റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകം നടത്താന്‍ സി.പി.എം തയാറായത്. ഇത് സി.പി.എം എല്ലാ തിരഞ്ഞെടുപ്പിലും സ്വീകരിക്കുന്ന നടപടികളാണ്. കഴിഞ്ഞ കുറെ കാലമായി ബി.ജെ.പിയും സി.പി.എം തമ്മിലുള്ള അന്തര്‍ധാര കേരളത്തില്‍ നിലനില്‍ക്കുകയാണ്. തൃശ്ശൂരില്‍ സുരേഷ് ഗോപിയെ വിജയിപ്പിച്ചത് അതിന്റെ ഭാഗമാണ്. തൃശ്ശൂര്‍ പൂരം കലക്കിക്കൊണ്ട് സുരേഷ് ഗോപിയെ വിജയിപ്പിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തവര്‍ തന്നെയാണ് പാലക്കാട് സി.പി.എമ്മിന്റെ വോട്ട് മറിച്ച് നല്‍കി ബി.ജെ.പിയെ വിജയിപ്പിക്കാന്‍ ശ്രമിക്കുന്നത്. ചേലക്കരയില്‍ തിരിച്ചു ബി.ജെ.പിയുടെ വോട്ടുകള്‍ സി.പി.എമ്മിന് നല്‍കും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന് സഹായകരമാകുന്ന രീതിയിലാണ് രാത്രി റെയ്ഡ് ഉള്‍പ്പെടെയുള്ള നാടകങ്ങള്‍ നടത്തിയത്. കേരളത്തിലെ ഏറ്റവും വെറുക്കപ്പെട്ട സര്‍ക്കാരാണ് പിണറായി വിജയന്റേത്. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ ചര്‍ച്ച ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം നാടകങ്ങള്‍ സി.പി.എം നടത്തുന്നത്. സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തരായി ഈ തെരഞ്ഞെടുപ്പിനെ കാണാന്‍ തയാറുണ്ടോയെന്നും രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ വെല്ലുവിളിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലെ അതേ രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ നിലനില്‍ക്കുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സി.പി.എം തെറ്റുകള്‍ തിരുത്തുമെന്ന് പറഞ്ഞെങ്കിലും ഇതുവരെ തെറ്റുകള്‍ തിരുത്തിയിട്ടില്ല. ജനങ്ങള്‍ എതിരായി വോട്ട് ചെയ്യുമെന്നുള്ളത് കൊണ്ടാണ് സി.പി.എം രാഷ്ട്രീയം ചര്‍ച്ച ചെയ്യാത്തത്. നരേന്ദ്ര മോദിക്കെതിരെയോ അമിത് ഷാക്കെതിരെയോ എന്തുകൊണ്ട് പിണറായി വിജയന്‍ വിമര്‍ശനം നടത്തുന്നില്ല. തനിക്കെതിരെയും കുടുംബത്തിനെതിരെയുമുള്ള കേസില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടി പിണറായി വിജയന്‍ ബി.ജെ.പിയുമായി ധാരണയിലെത്തിയിട്ടുണ്ട്. അതുകൊണ്ടാണ് പാലക്കാട് ബി.ജെ.പിയെ വിജയിപ്പിക്കാനുള്ള നീക്കങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
-
Featured3 months ago
പാലിയേക്കര ടോള്‍: കരാര്‍ കമ്പനിക്ക് 2128.72 കോടി രൂപ പിഴ ചുമത്തി ദേശീയപാത അതോറിറ്റി
-
Featured2 weeks ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala2 weeks ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
Education2 months ago
മഹാരാജാസിന് ഓട്ടോണമസ് പദവി നഷ്ടപ്പെട്ടിട്ട് നാലുവര്‍ഷം: കോളേജ് നടത്തുന്ന പരീക്ഷകള്‍ അസാധുവാകും
-
News3 months ago
ജീവനക്കാരുടെ അവകാശങ്ങൾക്ക് തടസ്സം നിൽക്കുമെന്ന് സർക്കാർ
-
Business3 months ago
സംസ്ഥാനത്ത് കോഴി വില കുത്തനെ കുറഞ്ഞു
-
Ernakulam3 months ago
ശനിയാഴ്ച പ്രവൃത്തിദിനം ഹൈക്കോടതിവിധി സർക്കാരിന് കനത്ത തിരിച്ചടി: കെ പി എസ് ടി എ
-
Education3 months ago
രാജ്യത്തെ ഏറ്റവും മികച്ച കോളേജുകളുടെ പട്ടികയില്‍ ഇടം പിടിച്ച് ദേവമാതാ കോളേജ്
You must be logged in to post a comment Login