‘വളരെ ഗൗരവത്തിൽ കാണേണ്ടതും ഞെട്ടിക്കുന്നതുമായ അനുഭവങ്ങളാണ് പരാതികളിൽ ഉള്ളത്’ ; എംജിയിൽ സമരം തുടരുന്ന ദീപയ്ക്ക് ഐക്യദാർഢ്യവുമായി കെ കെ രമ എംഎൽഎ

എം.ജീ സർവ്വകലാശാലയിലെ ജാതിവിവേചനത്തിനെതിരെ സമരം ചെയ്യുന്ന ദലിത് ഗവേഷക വിദ്യാർത്ഥിനി ദീപയുടെ ജീവൻ രക്ഷിക്കണമെന്ന് എംഎൽഎയും ആർഎംപി നേതാവുമായ കെ കെ രമ ആവശ്യപ്പെട്ടു.

സർവകലാശാല അധികൃതർ പുലർത്തുന്ന ജാതിവിവേചനം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സർവകലാശാലയിലെ ഗവേഷക വിദ്യാർഥി ദീപ പി.മോഹന്റെ നിരാഹാര സമരം ഒത്തുതീർപ്പാക്കാൻ സർക്കാരും സർവ്വകലാശാല അധികൃതരും എത്രയും പെട്ടന്ന് മുൻകൈ എടുക്കണം.

പ്രതികൂല സാഹചര്യങ്ങളെ വെല്ലുവിളിച്ച് നാനോ സയൻസ് പോലെ നൂതന വിഷയങ്ങളിൽ ഗവേഷണം വരെ എത്തിയ ഒരു ദലിത് വിദ്യാർത്ഥിനിക്ക് സർവ്വാത്മനാ പിന്തുണയും കൈത്താങ്ങുമാവേണ്ടതാണ് നമ്മുടെ സർവ്വകലാശാലകൾ. അതൊരു ഔദാര്യമല്ല, മറിച്ച് ഭരണഘടനാ ദത്തമായ അവകാശമാണ്. എന്നിട്ടാണ് കഴിഞ്ഞ പത്തു വർഷത്തിനടുത്തായി പഠനാവസരങ്ങൾ നിഷേധിച്ചും വ്യക്തിപരവും ജാതീയവുമായി അവഹേളിച്ചും സർട്ടിഫിക്കറ്റുകൾ തടഞ്ഞുവച്ചും ഈ പെൺകുട്ടിക്കെതിരെ ആ പഠന വിഭാഗത്തിലെ ചില അദ്ധ്യാപകർ യുദ്ധം നടത്തുന്നത്. ദീപയ്ക്ക് അനുകൂലമായ ഹൈക്കോടതി വിധി വന്നിട്ടും പട്ടിക വർഗ്ഗ കമ്മീഷന്റെ ഉത്തരവ് ഉണ്ടായിട്ടും സർവ്വകലാശാലയുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല എന്നത് അതീവ ഗുരുതരമായ അലംഭാവമാണ്.

വളരെ ഗൗരവത്തിൽ കാണേണ്ടതും ഞെട്ടിക്കുന്നതുമായ അനുഭവങ്ങളാണ് ദീപയുടെ പരാതികളിൽ ഉള്ളത്. ദീപയ്ക്ക് ഗവേഷണം പൂർത്തീകരിക്കാൻ എല്ലാ സൗകര്യവും ഒരുക്കുക മാത്രമല്ല, പ്രതിഭാധനയായ ഒരു വിദ്യാർത്ഥിനിയുടെ ജീവിതത്തിലെ ഇത്രയും വർഷങ്ങളും സ്വസ്ഥ ജീവിതവും സന്തോഷങ്ങളും കവർന്നെടുത്തവർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൂടി സ്വീകരിക്കുക എന്നത് വളരെ പ്രധാനമാണ്.ദീപയ്ക്കും സമരസമിതിക്കും അഭിവാദ്യങ്ങളും പിന്തുണയും അറിയിക്കുന്നതായും കെ കെ രമ ഫേസ്ബുക്കിൽ കുറിച്ചു.

Related posts

Leave a Comment