കൊടിയുടെ പരാതി വ്യാജം, ലക്ഷ്യം കണ്ണൂര്‍ ജയില്‍, പിന്നില്‍ പാര്‍ട്ടിയും സ്വര്‍ണക്കടത്തുകാരും

കണ്ണൂര്‍:ജയിലില്‍ തന്നെ വധിക്കാന്‍ കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ നല്‍കിയെന്ന ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി കൊടി സുനിയുടെ മൊഴി വ്യാജമെന്നു പോലീസ്. കണ്ണൂര്‍ ജയിലിലേക്കു മടങ്ങിപ്പോകാനുള്ള തന്ത്രമാണ് ഇതിനു പിന്നിലെന്നാണ് സെപ്ഷ്യല്‍ ബ്രാഞ്ച് പൊലീസിനു ലഭിച്ച വിവരം. കണ്ണൂരിലെ സിപിഎം ലോബിയും സുനിയുടെ ബിസിനസ് പങ്കാളികളായ ചില സ്വര്‍ണക്കടത്തുകാരുമാണ് വ്യാജപരാതി ആസൂത്രണം ചെയ്തതെന്നാണു വിവരം. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലില്‍ പാര്‍പ്പിച്ചിരിക്കുന്ന സുനിക്ക് ഇപ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനും ലഹരിമരുന്നുകള്‍ കിട്ടാനും വഴയില്ല, ഇതാണു കൊടുംകുറ്റവാളി വിയ്യൂരില്‍ നിന്നു പുറത്തുകടക്കാന്‍ ശ്രമിക്കുന്നതിനു കാരണം. എന്നാല്‍ സുനിയുടെ ഗസ്റ്റ് ഹൗസായ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ഈ സൗകര്യങ്ങളെല്ലാം ഉറപ്പായതും ജയില്‍ മാറ്റത്തിന് അയാളെ നിര്‍ബന്ധിക്കുന്നു.

ടിപി വധക്കേസിലെ മുഖ്യപ്രതിയായ കൊടി സുനി ജയിലില്‍ കഴിയുന്നു എന്നേയുള്ളൂ. പുറത്തു ലഭിക്കുന്നതിനെക്കാള്‍ കൂടുതല്‍ സൗകര്യങ്ങള്‍ അയാള്‍ക്കു ലഭിക്കുന്നുണ്ട്. അയാളെ ഏതു ജയിലില്‍ താമസിപ്പിച്ചാലും അയാളാണ് അവിടുത്തെ സൂപ്രണ്ട് എന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ ആരോപിച്ചിരുന്നു. സ്വര്‍ണക്കടത്തു സംഘവുമായി നേരിട്ടുള്ള ഇടപാടുകളാണു ജയിലില്‍ കിടന്നുകൊണ്ട് കൊടി സുനി നടത്തിയത്. 2017 ല്‍ കുപ്രസിദ്ധ സ്വര്‍ണക്കടത്ത് ഗൂണ്ട കാക്ക രഞ്ജിത്തുമായി 244 തവണയാണ് സുനി ഫോണില്‍ ബന്ധപ്പെട്ടത്. കാറില്‍ കടത്തുകയായിരുന്ന മൂന്നു കിലോ സ്വര്‍ണം യാത്രക്കാരനെ ആക്രമിച്ചു തട്ടിയെടുത്ത കേസില്‍ കാക്ക രഞ്ജിത്തും സുനിയും പ്രതിയാണ്. ജയിലില്‍ താമസിച്ചുകൊണ്ടാണ് കൊടി സുനി കവര്‍ച്ച ആസൂത്രണം ചെയ്തത്.

ആയിരക്കണക്കിനു ഫോണ്‍ കോളുകളാണ് സുനി കണ്ണൂര്‍ ജയിലില്‍ നിന്നു നടത്തിയത്. രാഷ്‌ട്രീയ അക്രമങ്ങളും ആസൂത്രണം ചെയ്തു. കണ്ണൂര്‍ ജയിലിലെ ജീവനക്കാരും വേണ്ട ഒത്താശകള്‍ ചെയ്തു കൊടുത്തു. പണവും പാരിതോഷികങ്ങളും യഥേഷ്ടം ഒഴുകിയപ്പോള്‍ ഇന്നത ജയില്‍ ഉദ്യോഗസ്ഥരും കണ്ണടച്ചു. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി എന്നിവയുടെ സ്വാധീനത്താല്‍ വിവിഐപി പരിഗണനയും സുനിക്കു ലഭിച്ചു. എന്നാല്‍, ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്കു ലഭിക്കുന്ന ഈ പരിഗണനകള്‍ക്കെതിരേ കോണ്‍ഗ്രസ് ശക്തമായി രംഗത്തു വന്നതോടെ അധികൃതര്‍ ഇയാളെ തൃശൂര്‍ വിയ്യൂര്‍ ജയിലിലേക്കു മാറ്റി.

എന്നാല്‍ അവിടെയും സുനിക്ക് എല്ലാ ഒത്താശകളും ലഭിച്ചു. അയാളെ പാര്‍പ്പിച്ചിരുന്ന സെല്ലില്‍ നിന്ന് ഈയിടെ കഞ്ചാവും മൊബൈല്‍ ഫോണും പിടികൂടി. സമ്മര്‍ദത്തിനു വഴങ്ങാതിരുന്ന ചില ഉദ്യോഗസ്ഥരാണ് ഇവ പിടികൂടി റിപ്പോര്‍ട്ട് ചെയ്തത്. രക്ഷപ്പെടുത്താന്‍ ഒരു വഴിയും ഇല്ലാതായതോടെ അധികൃതര്‍‌ ഇയാളെ അതിസുരക്ഷാ സെല്ലിലേക്കു മാറ്റി. ഇവിടെ വ്യായാമത്തിനു പോലും പുറത്തിറങ്ങാന്‍ അനുവദിക്കുന്നില്ല. ഭക്ഷണം അകത്തെത്തിച്ചുകൊടുക്കുകയാണു ചെയ്യുന്നത്. പതിവുള്ള ലഹരി മുടങ്ങുകയും പുറത്തേക്കുള്ള ബന്ധങ്ങള്‍ അറ്റുപോവുകയും ചെയ്തപ്പോഴാണ് പുതിയ അടവുമായി കൊടി സുനി രംഗത്തു വന്നത്. കഴിഞ്ഞ ദിവസം ജയില്‍ സന്ദര്‍ശിക്കാനെത്തിയ ഉത്തരമേഖലാ ഡിഐജി എം.കെ. വിനോദിനോട് തനിക്കു ജയിലില്‍ വധഭീഷണി ഉണ്ടെന്ന് പരാതി നല്‍കുകയാണ് സുനി ചെയ്തത്.

കൊലക്കേസ് പ്രതികളായ റഷീദ്, അനൂപ് എന്നിവര്‍ക്കാണ് കൊടുവള്ളിയിലെ സ്വര്‍ണക്കടത്ത് സംഘം ക്വട്ടേഷന്‍ കൊടുത്തതെന്നും അഞ്ചു കോടി രൂപ പാരിതോഷികം സമ്മതിച്ചിട്ടുണ്ടെന്നും സുനി പറഞ്ഞു. റഷീദിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കു മാറ്റിയിരിക്കയാണ്. എന്നാല്‍ സുനി ആവശ്യപ്പെട്ടതുപോലെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കൊരു മാറ്റം ഉടനുണ്ടാവില്ലെന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന സൂചന. അതിനിടെ ജയില്‍ ഡിജിപി ഷേക്ക് ദര്‍ബേഷ് സാഹിബിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടു വിളിപ്പിച്ചിട്ടുണ്ട്. കണ്ണൂര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ച് വിശദാംശങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ നടത്തിയ ഗൂഢാലോചന മുതല്‍ ഇക്കാര്യത്തില്‍ നേരിട്ടു ബന്ധമുള്ള പിണറായി വിജയന്‍റെ ഒത്താശയില്ലാതെ ഈ കേസിലെ പ്രതികള്‍ക്കു ജയിലില്‍ വിഐപി പരിഗണന ലഭിക്കില്ലെന്നാണ് ചന്ദ്രശേഖരന്‍റെ വിധവ കെകെ. രമ എംഎല്‍എ പറയുന്നത്.

Related posts

Leave a Comment