പാര്‍ട്ടി കോണ്‍ഗ്രസിലെങ്കിലും കുറ്റസമ്മതം ഉണ്ടാകുമോ..? ; സ്വാതന്ത്ര്യ പോരാട്ടത്തെ ഒറ്റുകൊടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വഞ്ചനാ വാര്‍ഷികം ഇന്ന്

കോഴിക്കോട്: ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരായ ഏറ്റവും വലിയ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതിന്റെ എണ്‍പതാം ദിനാചരണം ഇന്ന് നടക്കുമ്പോള്‍, ചരിത്രത്തിലെ കൊടുംവഞ്ചനയുടെ വാര്‍ഷികം കൂടിയാണ് ഇതെന്ന് പുതുതലമുറ അറിയാതെ പോകുന്നു. ദേശീയ പ്രസ്ഥാനത്തെ ഒറ്റുകൊടുക്കുംവിധം അന്നത്തെ ഇന്ത്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം സ്വീകരിച്ച നിലപാടുകള്‍ കണ്ണൂരില്‍ നടക്കാന്‍ പോകുന്ന സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെങ്കിലും തിരുത്തുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സി പി എമ്മും സി പി ഐയും വഞ്ചന നിറഞ്ഞ തങ്ങളുടെ ഭൂതകാലത്തെ സൗകര്യപൂര്‍വം മറക്കാന്‍ ശ്രമിക്കുകയാണ്.
1942 ഓഗസ്റ്റ് ഒമ്പതിന് കോണ്‍ഗ്രസ് ആഹ്വാനം ചെയ്ത ക്വിറ്റ് ഇന്ത്യാ സമരത്തോട് സ്വീകരിക്കേണ്ട സമീപനത്തെ ചൊല്ലി കമ്യൂണിസ്റ്റ് നേതാക്കള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരുന്നു. 1941 ജൂണ്‍ 21ന് ഹിറ്റ്ലര്‍ റഷ്യയെ അക്രമിച്ച ശേഷം ആറുമാസം വരെയുള്ള കാലം ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ശത്രുവായി കാണുന്ന നിലപാടായിരുന്നു പുലര്‍ത്തിയത്. എന്നാല്‍, ഹിറ്റ്ലറും സ്റ്റാലിനും ബ്രിട്ടനും പങ്കുവെച്ച സമാനമായ അധിനിവേശ താത്പര്യങ്ങള്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടിനെയും സ്വാധീനിച്ചു. ഇതേ തുടര്‍ന്ന് ഗാന്ധിജിയും കോണ്‍ഗ്രസുമാണ് തങ്ങളുടെ മുഖ്യശത്രുക്കളെന്ന് പ്രചരിപ്പിക്കാന്‍ ചില നേതാക്കള്‍ ബോധപൂര്‍വം ശ്രമിച്ചു. നേതാജി സുഭാഷ് ചന്ദ്രബോസും അവര്‍ക്ക് ശത്രുവായി മാറി. ഇതേക്കുറിച്ച് പാര്‍ട്ടിക്കുള്ളില്‍ കടുത്ത ഭിന്നതയുണ്ടായിരുന്നു.
1942 ഒക്ടോബര്‍ നാലാം തീയതി ‘ദേശാഭിമാനി’യില്‍ പി കൃഷ്ണപിള്ള ‘കോണ്‍ഗ്രസിന്റെ പേരില്‍ തെമ്മാടിത്തം’ എന്ന പ്രസ്താവനയില്‍ ക്വിറ്റിന്ത്യാ സമരത്തെ ‘തെമ്മാടി’ത്തമായി ചിത്രീകരിക്കുകയും സുഭാഷ് ചന്ദ്രബോസിനെ അധിക്ഷേപിക്കുകയും ചെയ്തതായി കാണാം. ”ഇന്നും അയാളീ രാജ്യത്തെ അടിമയാക്കുവാന്‍ വേണ്ടി ജപ്പാന്‍കാര്‍ക്ക് ഒറ്റുനിന്നു കൊടുക്കുന്ന വെറുക്കപ്പെട്ട ഒരു രാജ്യദ്രോഹിയാണ്” എന്ന വാക്കുകള്‍ നേതാജിയോടുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മനോഭാവം വെളിവാക്കുന്നു. ഒക്ടോബര്‍ 11, 1943 ഏപ്രില്‍ നാല് എന്നീ ദിവസങ്ങളിലെ ‘ദേശാഭിമാനി’പത്രത്തില്‍ സമാനമായ നിലപാടുകള്‍ ആവര്‍ത്തിച്ചു.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ‘ന്യൂ ഏജ് പ്രിന്റിംഗ് പ്രസ്സി’ന്റെ ചുമതലയുണ്ടായിരുന്ന ഷെരഫ് ആതര്‍ അലി പ്രസ്സിന്റെ പ്രവര്‍ത്തനത്തിന് കൂടുതല്‍ വൈദ്യുതി അനുവദിക്കണമെന്ന് അപേക്ഷിച്ചു കൊണ്ട് 1944 ജനുവരി 15ന് ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് അയച്ച കത്ത് ക്വിറ്റ് ഇന്ത്യാ സമരകാലത്തെ അവരുടെ ബ്രിട്ടീഷ് വിധേയത്വം വെളിപ്പെടുത്തുന്നതാണ്. അത്തരം ഒരു ആനുകൂല്യം ലഭിക്കുവാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുള്ള ‘യോഗ്യത’ വിശദീകരിച്ചപ്പോള്‍ അവയില്‍ അക്കമിട്ടു നിരത്തിയ പ്രധാന വസ്തുത ഇപ്രകാരമായിരുന്നു.

 1. 1942-43 കാലത്ത് ബ്രിട്ടീഷ് ഇന്ത്യയിലെ രാജ്യരക്ഷയ്ക്ക് പിന്തുണ നല്‍കിയ ഏക പാര്‍ട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്.!
 2. അഞ്ചാം പത്തികളെ എതിര്‍ക്കാനും അവരുടെ അട്ടിമറികളെ ചെറുക്കാനും മുമ്പോട്ടു വന്ന ഏക പാര്‍ട്ടി ഇതാണ്
  പീപ്പിള്‍സ് വാറില്‍ പാര്‍ട്ടി സെക്രട്ടറി പി സി ജോഷി എഴുതിയിരുന്ന ലേഖനങ്ങളില്‍ സുഭാഷ് ചന്ദ്രബോസിനെ ‘കില്ലപ്പട്ടി’, ‘ഗുണ്ടാത്തലവന്‍’ എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്നു. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പിനെ അവഗണിച്ച് ചെറുകാടിന്റെ കുപ്രസിദ്ധമായ കവിതാവരികള്‍ പാര്‍ട്ടി വേദികളില്‍ മുഴക്കിയതായി ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.
  ”ഞങ്ങളടെ നേതാവല്ല, ചെറ്റ
  ജപ്പാന്‍കാരുടെ ചെരുപ്പു നക്കി!” (1942 ഓഗസ്റ്റ് 8, ദേശാഭിമാനി വാരിക)
  എന്നായിരുന്നു ആ മുദ്രാവാക്യം. 1942 ഓഗസ്റ്റ് 18ന്റെ ദേശാഭിമാനി വാരികയില്‍ നേതാജിയെ അഞ്ചാംപത്തി എന്നു വിശേഷിപ്പിച്ചത് പി കൃഷ്ണപിള്ളയായിരുന്നു.. എന്നാല്‍ പതിറ്റാണ്ടുകള്‍ക്കു ശേഷം ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും നേതാജി സ്ഥാപിച്ച ‘ആള്‍ ഇന്ത്യാ ഫോര്‍വേഡ് ബ്ലോക്കു’മായി സഖ്യത്തിലേര്‍പ്പെടുകയും പാര്‍ട്ടി സമ്മേളനങ്ങളില്‍ സുഭാഷ് ചന്ദ്രബോസിന്റെ ഛായാചിത്രങ്ങള്‍ സ്ഥാപിക്കുകയും ചെയ്തു
  പില്‍ക്കാലത്ത് പ്രമുഖ സി പി എം ദേശീയ നേതാക്കള്‍ 1942ലെ വഞ്ചന നിറഞ്ഞ നിലപാടിനെ പരാജയമായി വിലയിരുത്തിയിട്ടുണ്ട്. ‘വിപ്ലവപാതയില്‍ എന്റെ യാത്ര’ എന്ന പുസ്തകത്തില്‍ എം ബാസവ പുന്നയ്യയും ‘കമ്യൂണിസ്റ്റുകാരും സ്വാതന്ത്ര്യ പ്രസ്ഥാനവും’ എന്ന പുസ്തകത്തില്‍ (പേജ് 13) ജ്യോതിബസുവും ‘ഇന്ത്യന്‍ സ്വാതന്ത്ര്യസമരവും കമ്യൂണിസ്റ്റുകാരും’ (പേജ് 47) എന്ന പുസ്തകത്തില്‍ ബി ടി രണദിവെയും ക്വിറ്റിന്ത്യാ പ്രക്ഷോഭ കാലത്ത് അതിനെ ഒറ്റുകൊടുത്തത് ശരിയായില്ലെന്ന് തുറന്നെഴുതി. 1986 ഓഗസ്റ്റ് എട്ടിന് ‘മെയിന്‍ സ്ട്രീമി’ല്‍ എസ് എ ഡാങ്കെ ഇപ്രകാരം എഴുതുന്നു: ”ബഹുജനങ്ങളുടെ സാര്‍വ്വദേശീയ താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ശ്രമത്തിന്റെ പേരില്‍ ദേശീയ താത്പര്യങ്ങളെ സംരക്ഷിക്കുക എന്ന കടമയില്‍ നിന്നും വേര്‍പെട്ടു നില്‍ക്കുക എന്ന വിനാശകരമായ സമീപം കൈകൊണ്ടതുമൂലം 1942ല്‍ പാര്‍ട്ടി ജനങ്ങളില്‍ നിന്നും ദയനീയമാംവിധം ഒറ്റപ്പെട്ടു.”
  ഐതിഹാസികമായ ജനകീയ പ്രക്ഷോഭത്തെ ഒറ്റുകൊടുത്ത ചരിത്രം മറച്ചുവെച്ചാണ് സിപിഎമ്മുള്‍പ്പെടെയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഇന്ന് ദേശാഭിമാനത്തെക്കുറിച്ച് സംസാരിക്കുന്നത്. മുമ്പ് സ്വീകരിച്ച പല നിലപാടുകളും പില്ക്കാലത്ത് തിരുത്തിയ പാരമ്പര്യമുള്ളതിനാല്‍ ക്വിറ്റിന്ത്യാ പ്രക്ഷോഭത്തില്‍ സ്വീകരിച്ച നിലപാട് തെറ്റാണെന്ന് വരാന്‍പോകുന്ന പാര്‍ട്ടി കോണ്‍ഗ്രസിലെങ്കിലും കുറ്റസമ്മതം നടത്താന്‍ പാര്‍ട്ടി തയ്യാറാകണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുയരുന്നുണ്ട്.

Related posts

Leave a Comment