മരുന്നു കമ്പനികളുമായി ഒത്തുകളി ; വിജിലൻസ് റെയ്ഡിൽ ഉദ്യോഗസ്ഥർ കുടുങ്ങി

തിരുവനന്തപുരം: മെഡിക്കൽ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന മരുന്നുകൾക്ക് ഗുണനിലവാരമില്ലെന്ന പരാതിയെ തുടർന്ന് വിജിലൻസ് സംസ്ഥാനത്തൊട്ടാകെ മിന്നൽ പരിശോധന നടത്തി. ഓപ്പറേഷൻ ഡ്രഗ്സ് ക്വാളിറ്റി എന്ന പേരിലായിരുന്നു ഡ്രഗ്‌സ് കണ്‍ട്രോളറുടേയും ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടേയും മരുന്ന് പരിശോധനാ ലാബുകളിലും വിജിലന്‍സ് റെയ്ഡ്. ചില മരുന്നുകമ്പനികള്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ സംസ്ഥാനത്തെ മെഡിക്കല്‍സ്‌റ്റോര്‍ വഴി വിറ്റഴിക്കാന്‍ ശ്രമിക്കുന്നുവെന്നായിരുന്നു പരാതി. രാവിലെ 11 മണിമുതല്‍ തിരുവനന്തപുരം ഡ്രഗ് കണ്‍ട്രോളറുടെ ഓഫീസിലും ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരുടെ കാര്യാലയങ്ങളിലും തിരുവനന്തപുരം, എറണാകുളം, തൃശ്ശൂര്‍ എന്നവിടങ്ങളില്‍ മരുന്ന് പരിശോധനാ ലാബുകളിലുമാണ് ഒരേ സമയം മിന്നല്‍ പരിശോധന നടത്തിയത്.
തിരുവനന്തപുരം മരുന്ന് പരിശോധന ലാബില്‍ 2017ലെ 91 സാമ്പിളുകളും 2018ലെ 75 സാമ്പിളുകളും 2019ലെ 74 സാമ്പിളുകളും 2020ലെ 54 സാമ്പിളുകളും 2021ല്‍ ഇതുവരെ 39 സാമ്പിളുകളും ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തി. എറണാകുളം മരുന്ന് പരിശോധന ലാബില്‍ 2020-21 വര്‍ഷത്തില്‍ 114 സാമ്പിളുകള്‍ ഗുണനിലവാരം കുറഞ്ഞവയാണെന്ന് കണ്ടെത്തി. കോട്ടയം ജില്ലയില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ കമ്പനികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിന് ഒരു വര്‍ഷത്തോളം കാലതാമസം വരുന്നതായി വിജിലന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടു. മലപ്പുറം ജില്ലയില്‍ ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ വിറ്റഴിച്ച മരുന്ന് കമ്പനികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് സാധ്യത ഉണ്ടായിട്ടും നടപടി സ്വീകരിച്ചില്ലെന്ന് കണ്ടെത്തി. ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ മാര്‍ക്കറ്റില്‍ നിന്നും പിന്‍വലിക്കുന്നതിന് കാലതാമസം വരുന്നതായും ഇതിനകം അവയില്‍ പലതും വിറ്റു പോകുന്നതായും ശ്രദ്ധയിൽപ്പെട്ടു. കണ്ണൂര്‍ അസ്സി.ഡ്രഗ്‌സ് കണ്‍ട്രോളറുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിച്ച മരുന്നു കമ്പനികള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും കുറ്റക്കാര്‍ക്കെതിരെ ചെറിയ ശിക്ഷാ നടപടികള്‍ മാത്രം സ്വീകരിക്കുന്നതായും വിജിലന്‍സ് കണ്ടെത്തി. വയനാട് ജില്ലയില്‍ നിന്നും 2015 മുതല്‍ 2021 വരെ ഗുണനിലവാരം കുറഞ്ഞ മരുന്നുകള്‍ വിറ്റഴിച്ച കമ്പനികള്‍ക്കെതിരെ നടപടികള്‍ ആവശ്യപ്പെട്ടു കൊണ്ട് അയച്ച ഫയലുകളില്‍ ചിലതില്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ലായെന്നും വിജിലന്‍സ് കണ്ടെത്തി. ഓരോ ജില്ലയിലും ഗുണനിലവാരം കുറഞ്ഞതായി കണ്ടെത്തിയ മരുന്നുകള്‍ക്കെതിരെ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ സ്വീകരിച്ച നടപടികളെപ്പറ്റി വരും ദിവസങ്ങളില്‍ വിശദമായി അന്വേഷണം നടത്തുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍ അറിയിച്ചു.

Related posts

Leave a Comment