കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ; കണ്ണൂർ സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടി

തിരുവനന്തപുരം: കോളേജ് അധ്യാപകരുടെ സ്വകാര്യ ട്യൂഷൻ വിലക്കി കോളേജ് വിദ്യാഭ്യാസ ഡയറക്ടർ സർക്കുലർ ഇറക്കി. വ്യാപകമായ പരാതിയെ തുടർന്നാണിത്. അധ്യാപകർ സ്വകാര്യ ട്യൂഷൻ നടത്തുന്നുണ്ടെയന്ന് പരിശോധിച്ച് എല്ലാമാസവും റിപ്പോർട്ട് നൽകണം. സർക്കാർ, എയ്ഡഡ് കോളേജുകളിലെ പ്രിൻസിപ്പൽമാർക്കാണ് ഡയറക്ടർ സർക്കുലർ നൽകിയിരിക്കുന്നത്. അതേസമയം, സ്വകാര്യ ട്യൂഷൻ നടത്തിയ കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് അംഗത്തിനെതിരെ നടപടിയുമെടുത്തു. പയ്യന്നൂരിലെ സ്വകാര്യ ട്യൂഷൻ സ്ഥാപനത്തിന്റെ നടത്തിപ്പിൽ പങ്കാളിത്തമുണ്ടെന്ന് സംസ്ഥാന വിജിലൻസ് ഡയറക്ടറുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കണ്ണൂർ യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗവും പരീക്ഷ സ്ഥിരം സമിതി അധ്യക്ഷനുമായ തലശ്ശേരി ബ്രണ്ണൻ കോളേജിലെ അധ്യാപകൻ കെ.ടി ചന്ദ്രമോഹനെതിരെ നടപടി. ഇദ്ദേഹത്തെ  മലപ്പുറം സർക്കാർ വനിത കോളേജിലേക്ക് സ്ഥലം മാറ്റാനും കോളേജ് വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിട്ടു.
നേരത്തെ, അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ രണ്ട് അധ്യാപകരേയും കണ്ണൂർ വനിത കോളേജിലെ ഒരൂ അധ്യാപികയെയും  ശിക്ഷാ നടപടിയുടെ ഭാഗമായി കണ്ണൂരിന് പുറത്തുള്ള ജില്ലയിലേക്ക് സ്ഥലംമാറ്റിയിരുന്നു. അപ്പോഴും ഇടതുപക്ഷ അധ്യാപക സംഘടന നേതാവായ കെ.ടി ചന്ദ്രമോഹനനെതിരെയുള്ള  നടപടി  മരവിപ്പിച്ചിരിക്കുകയായിരുന്നു. എന്നാൽ, സ്വകാര്യ ട്യൂഷനിൽ ഏർപ്പെടുന്ന അധ്യാപകർക്കെതിരെ മാതൃകാപരമായ ശിക്ഷാ നടപടികൾ കൈകൊള്ളണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി ഗവർണർക്കും ഉന്നത വിദ്യാഭ്യാസ മന്ത്രിക്കും നൽകിയ പരാതിയെ തുടർന്നാണ് ചന്ദ്രമോഹനെതിരെ നടപടിയെടുക്കാൻ നിർബന്ധിതമായത്.

Related posts

Leave a Comment