അഴിമതിയിൽ മുങ്ങി കയർ വകുപ്പ്; അനധികൃത നിയമനം തകൃതി

തിരുവനന്തപുരം: കയർഫെഡ്, കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്‌ചറിങ് കമ്പനി, ഫോംമാറ്റിങ്സ് ഇന്ത്യ തുടങ്ങി കയർ വകുപ്പിന് കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളിൽ അഴിമതിയും അനധികൃത നിയമങ്ങളും തകൃതി.  കയർഫെഡിലെ നിയമനങ്ങൾ 1992 ൽ പി.എസ്.സിക്ക് വിടുകയും 2017 ൽ നിയമങ്ങൾക്കുള്ള സ്പെഷ്യൽ റൂൾസ് തയ്യാറാവുകയും ചെയ്‌തെങ്കിലും ഇതുവരെ പി.എസ്.സി വഴി ഒരാളെ പോലും നിയമിച്ചിട്ടില്ല. പെൻഷൻ പറ്റിയ ഇടതുപക്ഷ അനുകൂല ജീവനക്കാരെ അവർ മുമ്പ് ജോലി ചെയ്‌തിരുന്ന അതേ തസ്തികകളിൽ അതേ ശമ്പളത്തിൽ തന്നെ നിയമിക്കുകയാണ്. നാലുവർഷം മുൻപ് കരാർ അടിസ്ഥാനത്തിൽ നിയമിച്ച 18 ഓളം പേർക്ക് അനർഹമായ വേതന വർദ്ധന നൽകിയത് അടുത്തിടെയാണ്. ഇവരുടെ കരാർ കാലാവധി നീട്ടി നൽകാനും നീക്കം നടക്കുകയാണ്. അതേസമയം, സ്ഥിരം ജീവനക്കാരുടെ ശമ്പള പരിഷ്കരണം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അക്കൗണ്ടിങ് സോഫ്റ്റ്‌വെയർ മെച്ചപ്പെടുത്തുന്നതിനും മറ്റുമായി സർക്കാർ അനുവദിച്ച 35 ലക്ഷം രൂപ വകമാറ്റി ചിലവഴിച്ചു. സ്റ്റോക്ക് വേരിഫിക്കേഷനിലും വൻ ക്രമക്കേടുകൾ നടന്നിട്ടുണ്ട്. ഇതെല്ലാം 2020ൽ നൽകിയ 2017- 2018 ലെ ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടെങ്കിലും സർക്കാർ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. കയർ ഫെഡ് മുഖേന കയർ സഹകരണ സംഘങ്ങൾക്ക് ചകിരി വാങ്ങി നൽകുന്നതിലും അഴിമതി നടക്കുന്നുണ്ട്. ഗുണമേന്മയുള്ള ചകിരി നേരിട്ട് സംഭരിക്കുവാൻ സംഘങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്ന നടപടി വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കേരള സ്റ്റേറ്റ് കയർ മെഷീനറി മാനുഫാക്‌ചറിങ് കോർപ്പറേഷനിൽ നിർമ്മിക്കുന്ന യന്ത്രോപകരണങ്ങളുടെ ഗുണമേന്മ സംബന്ധിച്ചും പരാതികൾ വ്യാപകമാണ്. കയർ ഫെഡിലേയും അനുബന്ധ സ്ഥാപനങ്ങളിലേയും അഴിമതിയും അനധികൃത നിയമനങ്ങളും അന്വേഷണ വിധേയമാക്കാൻ കയർ വകുപ്പ് നടപടികൾ കൈക്കൊള്ളണമെന്ന് കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. ദിനേശ് കർത്ത ആവശ്യപ്പെട്ടു.

Related posts

Leave a Comment