ഡോക്ടർമാരുടെ പ്രത്യക്ഷ സമരം ഒരു മാസത്തേക്കു മാറ്റി, നിസഹകരണം തുടരും

തിരുവനന്തപുരം; അർഹമായ ആനുകൂല്യങ്ങൾ തടഞ്ഞു വച്ചതിൽ പ്രതിഷേധിച്ച് കെജിഎംഒഎയുടെ നേതൃത്വത്തിൽ ഇന്നു മുതൽ ആരംഭിച്ച നിൽപ്പുസമരം ആരോ​ഗ്യമന്ത്രിയുടെ ഉറപ്പിനെ തുടർന്ന് ഒരു മാസത്തേക്ക് മാറ്റിവെച്ചതായി കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ: ജി എസ് വിജയകൃഷ്ണനും, സെക്രട്ടറി ഡോ: ടി എൻ സുരേഷും അറിയിച്ചു. സർക്കാർ ആവശ്യം പരി​ഗണിക്കാത്തതിൽ പ്രതിക്ഷേധിച്ച് ഡോക്ടർമാർ നടത്തി വന്ന നിസഹകരണ സമരം നവംബർ 1 മുതൽ പ്രത്യക്ഷ സമരത്തിലേക്ക് മാറ്റുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ രാവിലെ 10 മണി മുതൽ സെക്രട്ടറിയേറ്റിന് മുന്നിൽ നിൽപ്പു സമരം ആംഭിച്ചതോടെ ആരോ​ഗ്യമന്ത്രി കെജിഎംഒഎ നേതാക്കളെ ചർച്ചയ്ക്ക് വിളിച്ചു.
തുടർന്ന് ഡോക്ടർമാരുടെ പ്രശ്നങ്ങൾ ധനകാര്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും ഉടൻ തന്നെ അനുകൂല തീരുമാനം ഉണ്ടാകുമെന്നും മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. മന്ത്രിയുടെ ഉറപ്പിന്റെ അടിസ്ഥാനത്തിൽ പ്രത്യക്ഷ സമരം ഒരു മാസത്തേക്ക് നീട്ടി വെയ്ക്കുവാനും, 16 ന് കൂട്ട അവധിയെടുത്തുള്ള പ്രതിക്ഷേധം മാറ്റി വെയ്ക്കാനും, നിസഹകരണ സമരം തുടരുവാനും കെജിഎംഒഎ തീരുമാനിക്കുകയായിരുന്നു.

രാവിലെ സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന നിൽപ്പു സമരം കെ ജി എം ഒ എ മുൻ സംസ്ഥാന പ്രസിഡണ്ട് ഡോ: എസ് പ്രമീളദേവി ഉദ്ഘാടനം ചെയ്തു. കെജിഎംഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. ജി.എസ്.വിജയകൃഷ്ണൻ, സെക്രട്ടറി ടി എൻ സുരേഷ് , ട്രഷറർ ഡോ. ജമാൽ അഹമ്മദ്, എഡിറ്റർ ഡോ. അനൂപ്, വൈസ് പ്രസിഡന്റ് ഡോ. ശ്രീകാന്ത് തുടങ്ങിയവർ നേതൃത്വം നൽകി

Related posts

Leave a Comment