തട്ടിപ്പിന്‍റെ സഹകരണംഃ മയ്യനാട് ബാങ്ക് പ്രസിഡന്‍റിനെ സിപിഎം പുറത്താക്കി

കൊല്ലം: സഹകരണ സംഘങ്ങളെ തട്ടിപ്പു സംഘങ്ങളാക്കിയ സിപിഎമ്മിനെതിരേ കൊല്ലത്ത് ബാങ്ക് ജീവനക്കാര്‍ രംഗത്ത്. പാര്‍ട്ടിയുടെ മുതിര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തിന്‍റെ പിന്തുണയോടെ ചില ഏരിയ, ലോക്കല്‍ കമ്മിറ്റി ഭാരവാഹികളുടെ ഒത്താശയിലാണ് തട്ടിപ്പെന്നു ചൂണ്ടിക്കാട്ടി ജീവനക്കാര്‍ തന്നെ രംഗത്തെത്തി. മയ്യനാട് സര്‍വീസ് സഹകരണ സംഘത്തിലാണ് ഒന്നര കോടിയുടെ തിരിമറി നടന്നത്. തട്ടിപ്പിനെക്കുറിച്ചു മാധ്യമങ്ങളോടു പരസ്യമായി പ്രതകരിച്ചതിനു ബാങ്ക് പ്രസിഡന്‍റിനെ സിപിഎം പുറത്താക്കി.

വായ്പകള്‍ തിരിമറി നടത്തിയും ചിട്ടിത്തട്ടിപ്പ് നടത്തിയും കോടികളാണ് ബാങ്കില്‍നിന്നു പാര്‍ട്ടി നേതാക്കളും അവരുടെ ബിനാമികളും കൊള്ളയടിച്ചത്. ബാങ്കിലെ സെക്രട്ടറിയാണ് തട്ടിപ്പിന്‍റെ മുഖ്യകണ്ണിയെന്നു ജീവനക്കാര്‍ പറയുന്നു. ഇയാള്‍ക്കെതിരേ പാര്‍ട്ടി നേതൃത്വത്തിനും സഹകരണ മന്ത്രിക്കും സഹകരണ രജിസ്ട്രാര്‍ക്കും പരാതി നല്‍കിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പുറത്താക്കപ്പെട്ട പ്രസിഡന്‍റ് ശ്രീസുതന്‍ പറഞ്ഞു.

ബാങ്ക് സെക്രട്ടറി രാധാകൃഷ്ണന്‍ ബിനാമി അക്കൗണ്ടുകള്‍ ഉപയോഗിച്ചു പണം തിരിമിറി നടത്തുന്നു എന്നാണു പ്രധാന ആരോപണം. ഇയാള്‍ സിപിഎം അംഗമാണ്. ബാങ്കിലെ ഒരു ജീവനക്കാരനും സിപിഎം പ്രാദേശികനേതാവുമായ ആളുടെ സഹായത്തോടെയാണ് തട്ടിപ്പ് നടത്തുന്നത് വായ്പകള്‍ക്കു ഈട് നല്‍കുന്ന വസ്തുവിന്‍റെ മാര്‍ക്കറ്റ് വിലയുടെ അനേകമടങ്ങ് വായ്പ നയ്കി‍യാണ് തട്ടിപ്പ് നടത്തുന്നത്. തട്ടിപ്പിന്‍റെ ഈ സഹകരണത്തിലെ ഗുണഭോക്താക്കളെല്ലാം പാര്‍ട്ടി അനുഭാവികളും അംഗങ്ങളുമാണ്. സെക്രട്ടറി രാധാകൃഷ്ണന്‍ അഞ്ചു ലക്ഷം രൂപ നല്‍കി വാങ്ങിയ ഭൂമി, ഇതേ ബാങ്കില്‍ ഈടുവച്ച് മുപ്പതു ലക്ഷം രൂപ വായ്പ എടുത്തു. ഈ തുകയില്‍ ഒരു രൂപ പോലും തിരിച്ചടച്ചില്ല. ഭാര്യയുടെയും ഡിവൈഎഫ്ഐനേതാവായ മരുമകന്‍റെയും പേരിലാണ് വായ്പ.

ഈ വായ്പ കുടിശിക ഉള്ളപ്പോള്‍ത്തന്നെ മറ്റ് നാല് അക്കൗണ്ടുകള്‍ വഴി നാല്പതു ലക്ഷം രൂപ കൂടി വായ്പയെടുത്തു. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഈ തുകയും തിരിച്ചടച്ചില്ല. തിരിച്ചടവ് മുടങ്ങി ഒരു കോടിയുടെ കിട്ടാക്കടമായി, ജാമ്യ വസ്തുക്കള്‍ വിറ്റാല്‍ വായ്പത്തുകയുടെ നാലിലൊന്നു പോലും കിട്ടില്ലെന്നാണ് ബാങ്ക് ജീവനക്കാര്‍ തന്നെ പറയുന്നത്. പാര്‍ട്ടി നിര്‍ദേശിക്കുന്നവര്‍ക്കെല്ലാം ഇതേപോലെ വായ്പ അനുവദിച്ചതാണ് സെക്രട്ടറിയെ സംരക്ഷിക്കാന്‍ പാര്‍ട്ടി ശ്രമിക്കുന്നതെന്നാണു പുറത്താക്കപ്പെട്ട പ്രസിഡന്‍റും സിപി എം നേതാവുമായ ശ്രീസുതന്‍റെ പരാതി. ബാങ്കിനെ തകര്‍ക്കാന്‍ പാര്‍ട്ടിയിലെ ചിലര്‍ ശ്രമക്കുന്നു എന്ന് പരസ്യമായി പറഞ്ഞതിനാണ് ഇയാളെ പുറത്താക്കിയത്.എന്നാല്‍ തട്ടിപ്പ് നടത്തിയെന്നു പറയപ്പെടുന്ന സെക്രട്ടറിക്കു പാര്‍ട്ടി പൂര്‍ണ സംരക്ഷണവും നല്ഡകുന്നു.

Related posts

Leave a Comment