സഹകരണ ബാങ്ക് തട്ടിപ്പ് : മാധ്യമങ്ങളെ പഴിചാരി മുഖ്യമന്ത്രി ; ചോദ്യമുന്നയിക്കുന്നത് സിപിഎമ്മിനോടുള്ള വിരോധത്താൽ

തിരുവനന്തപുരം: തൃശൂര്‍ കരിവന്നൂര്‍ സഹകരണ ബാങ്കിൽ സിപിഎം ഭരണ സമിതി നടത്തിയ കോടികളുടെ തട്ടിപ്പിനെക്കുറിച്ച് ചോദ്യമുന്നയിച്ച മാധ്യമ പ്രവർത്തകരെ പഴിചാരി മുഖ്യമന്ത്രി പിണറായി വിജയൻ. തട്ടിപ്പ് സംബന്ധിച്ച് മാധ്യമ പ്രവർത്തകർ ചോദ്യം ഉന്നയിക്കുന്നത് സിപിഎമ്മിനോടുള്ള വിരോധം കൊണ്ടാണെന്നായിരുന്നു വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ മറുപടി. 2018ൽ തന്നെ ഈ ബാങ്കിന്റെ തട്ടിപ്പിനെക്കുറിച്ച് പരാതി ഉയർന്നിട്ടും വിജിലൻസ് അന്വേഷണത്തിന് ശുപാർശ വന്നിട്ടും നടപടി എടുക്കാതെ പാർട്ടി കമ്മീഷനെ വെച്ച് അന്വേഷിക്കുകയായിരുന്നുവെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.
‘മാധ്യമ പ്രവർത്തകർക്ക് സിപിഎമ്മിനോട് വിരോധമുണ്ടാകാം. അത് ഈ രീതിയിൽ പ്രകടിപ്പിക്കുകയല്ല വേണ്ടത്. സിപിഎം ഇത്തരത്തിലുള്ള ഏതെങ്കിലും വൃത്തികേട് കാണിച്ച് പങ്കു പറ്റുന്ന പാർട്ടിയാണെന്ന് എന്ത് അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് പറയാനാവുക. സമൂഹത്തിലുണ്ടാകുന്ന എല്ലാ വീഴ്ചകൾക്കും തെറ്റുകൾക്കും അനാവശ്യമായ മറ്റ് നടപടികൾക്കുമെതിരെ പോരാടുന്ന പാർട്ടിയാണ്. ലക്ഷക്കണക്കിന് പേർ അണിനിരന്നിട്ടുള്ള പാർട്ടിയാണിത്. അവരെല്ലാവരെയും സിപിഎം എന്നാണ് ആളുകൾ കാണുന്നത്. അക്കൂട്ടത്തിൽ ഏതെങ്കിലും ചിലർ തെറ്റ് കാണിച്ചാൽ അത് മൂടിവെയ്ക്കുന്ന സംസ്കാരം സിപിഎമ്മിനില്ല’ -മുഖ്യമന്ത്രി വിശദീകരിച്ചു. അതേസമയം, ഇതുസംബന്ധിച്ചുള്ള കൂടുതൽ ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി അവസരം നൽകിയില്ല.

Related posts

Leave a Comment