ശബരിമല, പൗരത്വ ഭേദഗതി കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: ശബരിമല, പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകള്‍ പിന്‍വലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം നടപ്പായില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നത് സര്‍ക്കാര്‍ നയമല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരം പ്രക്ഷോഭങ്ങളെ ഗുരുതരമായി ബാധിക്കുന്ന യാതൊരു നടപടിയും സര്‍ക്കാരിന്റെ ഒരു ഏജന്‍സിയില്‍ നിന്നും ഉണ്ടാകില്ലെന്നും പറഞ്ഞിരുന്നു. സംസ്ഥാനത്ത് നടന്ന പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുമെന്ന് മന്ത്രിസഭാ യോഗവും തീരുമാനിച്ചിരുന്നു.

പൗരത്വ നിയമ ഭേദഗതി പ്രക്ഷോഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 836 കേസുകളില്‍ 13 കേസുകള്‍ മാത്രമാണ് ഇതുവരെ പിന്‍വലിച്ചത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 2636 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം 2016 മുതല്‍ 2021 സെപ്തംബര്‍ 30 വരെ ഈ രണ്ടു സംഭവങ്ങളുമായും ബന്ധമില്ലാത്ത 5325 കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇതിനോടകം തീരുമാനിച്ചിട്ടുണ്ട്. ശബരിമല, പൗരത്വ ഭേദഗതി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന ഉറപ്പ് പാലിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

കോടതിയുടെ പരിഗണനയിലുള്ള കാര്യമായതിനാല്‍ വിഷയത്തില്‍ സര്‍ക്കാരിന് പരിമിതിയുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുതര-ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കും. ഇതിനായി സര്‍ക്കാര്‍ തലത്തില്‍ നടപടികള്‍ വേഗത്തിലാക്കുമെന്നും മുഖ്യമന്ത്രി മറുപടി നല്‍കി.

Related posts

Leave a Comment