മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്ക് അവമതി ഉണ്ടാക്കി: സിപിഎം ഏരിയാ സമ്മേളനം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസ് പാർട്ടിക്കു നാണക്കേടുണ്ടാക്കുന്നു എന്ന് സിപിഎം വഞ്ചിയൂർ ഏരിയ സമ്മേളനം. പഴ്സണൽ സ്റ്റാഫ് അം​ഗങ്ങൾ ഉൾപ്പെട്ട അഴിമതികൾ ചെറുക്കാൻ കഴിയുന്നില്ലെന്നാണ് പ്രധാന ആക്ഷേപം. ഒന്നാം പിണറായി സർക്കാരിലെ മന്ത്രിമാരുടെ പഴ്സണൽ സ്റ്റാഫ് അം​ഗങ്ങളെ മുഴുവൻ മാറ്റണമെന്നത് പാർട്ടി തീരുമാനമായിരുന്നു. അതനുസരിച്ചു മറ്റ് വകുപ്പുകളിലെ മന്ത്രിമാരെയും സ്റ്റാഫിനെയും പൂർണമായി മാറ്റിയപ്പോൾ മുഖ്യമന്ത്രി മാത്രം മിക്കവാറും പേരേ നിലനിർത്തി. അവരാകട്ടെ, പാർട്ടിക്ക് അവമതി ഉണ്ടാക്കിയവരാണെന്നും സമ്മേളനം വിമർശിച്ചു.
സെപ്ഷ്യൽഅഡിഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രനെ അടക്കം നിലനിർത്തി കഴിഞ്ഞ തവണത്തേതിൽ നിന്ന് കാര്യമായ മാറ്റങ്ങളില്ലാതെയാണ് മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് വിന്യാസം. ശിവശങ്കർ, സ്വപ്ന സുരേഷ് എന്നിവരുൾപ്പെട്ട സ്വർണക്കടത്ത് കേസിലടക്കം ആരോപണ വിധേയനാണ് രവീന്ദ്രൻ. ശാസ്ത്ര സാങ്കേതിക വിഭാഗം ഉപദേശകനായിരുന്ന എംസി ദത്തനെ സയൻസ് വിഭാഗം മെന്റർ എന്ന നിലയിലാണ് നിലനിർത്തിയത്.
എൻ പ്രഭാവർമ മീഡിയ വിഭാഗം സെക്രട്ടറിയായി തുടരുന്നു. ഒന്നാം പിണറായി സർക്കാരിൽ മുഖ്യമന്ത്രിയുടെ മാധ്യമ വിഭാഗം ഉപദേഷ്ടാവായിരുന്നു ഇദ്ദേഹം. പി എം മനോജാണ് ഇത്തവണയും പ്രസ് സെക്രട്ടറി. അഡ്വ എ രാജശേഖരൻ നായർ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയാണ്. സി എം രവീന്ദ്രൻ, പി ഗോപൻ, ദിനേശ് ഭാസ്കർ എന്നിവരാണ് അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിമാർ. എ സതീഷ് കുമാർ, സാമുവൽ ഫിലിപ്പ് മാത്യു എന്നിവർ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിമാരാണ്.
വിഎം സുനീഷാണ് പേഴ്സണൽ അസിസ്റ്റന്റ്. ജി കെ ബാലാജി അഡീഷണൽ പിഎയാണ്. പുത്തലത്ത് ദിനേശൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി തുടരുകയും ചെയ്യുന്നു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും മുൻ രാജ്യസഭാംഗവുമായ കെ കെ രാഗേഷിനെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാക്കിയതാണ് പറയവുന്ന മാറ്റം. എന്നാൽ അദ്ദേഹത്തിന്റെ ഭാര്യയുടെ ജോലിയുടെ പേരിൽ പാർട്ടി പ്രതിരോധത്തിലാണെന്നും വിമർശനമുയർന്നു.

Related posts

Leave a Comment