ബേബിഡാം മരംമുറി അനുമതിക്കു പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസ്

സി.പി. രാജശേഖരൻ
കൊച്ചി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ബേബി ഡാമിനു താഴെയുള്ള 15 വൻമരങ്ങൾ മുറിക്കാൻ തമിഴ്നാടിന് അനുമതി നൽകിയ കേരള സർക്കാരിന്റെ തീരൂമാനത്തിനു പിന്നിൽ വൻ അഴിമതി. വകുപ്പ് മന്ത്രി പോലും അറിയാതെ ഉന്നത ഉദ്യോ​ഗസ്ഥർ എങ്ങനെയാണ് അതിന് അനുമതി നൽകിയതെന്നാണു ഉയരുന്ന ചോദ്യം. എന്നാൽ വകുപ്പിനെയും മന്ത്രിയെയും നോക്കുകുത്തിയാക്കി, മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസാണ് ഇതിന് അനുമതി നൽകിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.
മുല്ലപ്പെരിയാർ വിഷയത്തിൽ അടുത്ത കാലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ ചില പരാമർശങ്ങൾ തമിഴ്നാടിന് അനുകൂലമായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിനു സുരക്ഷാ ഭീഷണിയില്ലെന്നും അനാവശ്യ പരാമർശങ്ങൾ നടത്തി വിവാദ​മൂണ്ടാക്കരുതെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ കേരളത്തോടുള്ള അഭ്യർഥന. അതിനു ശേഷമാണ് തമിഴ്നാട് മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് 152 അടി വരെ ഉയർത്താമെന്ന നില സ്വീകരിച്ചത്. പ്രധാന അണക്കിട്ടിൽ നിന്നു മാറിയുള്ള ബേബി ഡാം ബലപ്പെടുത്തിയാൽ പ്രധാന അണക്കെട്ടിന്റെ സുരക്ഷ ഉറപ്പാകുമെന്നു സ്ഥലം സന്ദർശിച്ച തമിഴ്നാട് മന്ത്രിമാർ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്കു ശേഷമാണ് തമിഴ്നാട് മന്ത്രിതല സംഘം മുല്ലപ്പെരിയാറിയെത്തിയത്.
തമിഴ്‌നാട്‌ ജലവിഭവ വകുപ്പ്‌ മന്ത്രി ദുരൈമുരുകൻ, ധനമന്ത്രി ഡോ. പി ത്യാഗരാജൻ, സഹകരണമന്ത്രി ഐ പെരിയസ്വാമി, റവന്യുമന്ത്രി എന്നിവരാണ്‌ അണക്കെട്ടിൽ എത്തിയത്. ബേബി ഡാം ബലപ്പെടുത്തി പ്രധാന അണക്കെട്ടിലെ ജലനിരപ്പ് 152 അടി വരെ ഉയർത്താമെന്നാണ് സംഘത്തിനു നേതൃത്വം നൽകിയ മന്ത്രി ദുരൈ മുരുകൻ വ്യക്തമാക്കിയത്. ഇതിനു പിന്നാലെയാണ് മരം മുറിക്കുന്നതിനു സംസ്ഥാന വനം വകുപ്പ് മേധാവിയുടെ ഉത്തരവിറങ്ങിയ വാർത്ത മാധ്യമങ്ങൾ പുറത്തുകൊണ്ടു വന്നത്. വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ പോലും അതിനു ശേഷമാണ് കാര്യങ്ങൾ അറിഞ്ഞത്.
മുല്ലപ്പെരിയാർ വിഷയത്തിൽ വൈകാരിക സമീപനമല്ല വേണ്ടതെന്ന സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രസ്താവനയും തമിഴ്നാടിന്റെ ഭാഷയിലുള്ളതായിരുന്നു. ഇരുസർക്കാരുകളും തമ്മിൽ ചർച്ച ചെയ്യാം എന്ന തമിഴ്‌നാട് നിലപാട് പ്രതീക്ഷ നൽകുന്നതാണെന്നും റോഷി പറഞ്ഞു. ബേബി ഡാം ബലപ്പെടുത്തി ജലനിരപ്പ് ഉയർത്തണമെന്ന് തമിഴ്‌നാട് ആവശ്യപ്പെടുന്നത് കൂടുതൽ ജലം ലഭിക്കുന്നതിനാണ്. ആവശ്യത്തിന് ജലം നൽകാൻ കേരളം തയാറാണ്. പുതിയ അണക്കെട്ടും ജനങ്ങളുടെ സുരക്ഷിതത്വവുമാണ് കേരളത്തിന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രിയുടെയും ജലമന്ത്രിയുടെയും ഈ നിലപാടുകളുടെ ചുവട് പിടിച്ച് ബേബി ഡാം ബലപ്പെടുത്തി, കൂടുതൽ ജലമൂറ്റുകയാണു തമിഴ്നാടിന്റെ ലക്ഷ്യം. മുല്ലപ്പെരിയാർ അണക്കെട്ട് ഡീകമ്മിഷ,ൻ ചെയ്യാതെ ജലനിരപ്പ് 152 അടിയിലേക്കെന്ന തമിഴ്നാടിന്റെ ​ഗൂഡ നീക്കത്തിനു കേരള സർക്കാരിൽ നിന്നു ലഭിച്ച പച്ചക്കൊടിയാണ് ബേബിഡാം സൈറ്റിൽ നിന്നു മരങ്ങൾ മുറിച്ചുമാറ്റാനുള്ള അനിമതിയെന്ന് വിലയിരുത്തപ്പെടുന്നു.

Related posts

Leave a Comment