മുഖ്യമന്ത്രി പറഞ്ഞുപറ്റിച്ചു, വ്യാപാരികള്‍ സമരത്തിലേക്ക്

തിരുവനന്തപുരംഃ കോവിഡ് പ്രതിസന്ധികാലത്ത് സംസ്ഥാനത്തെ കച്ചവട സ്ഥാപനങ്ങളെ സംരക്ഷിക്കുമെന്നു ഉറപ്പു നല്‍കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു പറ്റിച്ചെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ കുറ്റപ്പെടുത്തി, സര്‍ക്കാര്‍ കെട്ടിടങ്ങളില്‍ വാടകയ്ക്കു പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ആറുമാസത്തേക്ക് വാടക ഇളവ് അനുവദിക്കുമെന്ന ഉറപ്പാണ് ഇപ്പോള്‍ ലംഘിച്ചിരിക്കുന്നത്.

കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ-അർദ്ധസർക്കാർ-തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങൾക്ക് സെപ്റ്റംബർ മാസം (ഉൾപ്പെടെ) വരേയുള്ള 6 മാസത്തെ വാടക ഒഴിവാക്കും എന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇത് വ്യാപാരി സമൂഹത്തിന് വലിയ ആശ്വാസമായിരുന്നു. എന്നാൽ പ്രസ്തുത പ്രഖ്യാപനത്തിന് വിരുദ്ധമായി ഈ കാലയളവിലെ വാടക ബന്ധപ്പെട്ട ഉദ്യോഗസ്ഥർ വ്യാപാരികളിൽ നിന്നും നിർബന്ധപൂർവ്വം ഈടാക്കുകയാണ്.

ഇതു പ്രതിഷേധാർഹമാണെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് . കമലാലയം സുകു, ജില്ലാ പ്രസിഡന്റ് . കെ. എസ്. രാധാകൃഷ്ണൻ, ജില്ലാ ജനറൽ സെക്രട്ടറി . എസ്. എസ്. മനോജ്, ജില്ലാ ട്രഷറർ . നെട്ടയം മധു എന്നിവർ പറഞ്ഞു. പ്രതിസന്ധി മൂലം നട്ടം തിരിഞ്ഞ വ്യാപാരികൾക്കായി ആകെ പ്രഖ്യാപിച്ച ഇളവ് പോലും നടപ്പിലാക്കാതെ മുന്നോട്ട് പോകുന്നത് വഞ്ചനയാണ്. സർക്കാർ പ്രഖ്യാപനങ്ങളെ ഉദ്യോഗസ്ഥർ അട്ടിമറിക്കുന്നുവെന്ന് നേതാക്കൾ പറഞ്ഞു. അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ സമര മാർഗ്ഗങ്ങൾ സ്വീകരിക്കുമെന്നും അവർ പറഞ്ഞു.

Related posts

Leave a Comment