മുഖ്യമന്ത്രി മുട്ടുമടക്കി, ഒരുവിഭാഗം വ്യാപാരികള്‍ പിന്‍വാങ്ങി

കോഴിക്കോട്ഃ കഴിഞ്ഞ ദിവസത്തെ വാര്‍ത്താ സമ്മേളനത്തിലൂടെ കേരളത്തിലെ വ്യാപാരി സമൂഹത്തെ അപ്പാടെ വെല്ലുവിളിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍, ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് പിന്‍വാങ്ങി. ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ വിശകു പറ്റിയെന്നും വെള്ളിയാഴ്ച തിരുവനന്തപുരത്ത് വ്യാപാരികളുമായി വിശദമായ ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി കേരള വ്യാപാരി വ്യവസായി ഏകോപന സമതി സംസ്ഥാന പ്രസിഡന്‍റ് ടി. നസറുദീനെ നേരിട്ടു ഫോണില്‍ വിളിച്ചറിയിച്ചു. ഇതിനു പിന്നാലെ നാളെ മുതല്‍ കടകള്‍ തുറക്കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരുവിഭാഗം വ്യാപാരികള്‍ പിന്‍വാങ്ങി. എന്നാല്‍ പല സ്ഥലങ്ങളിലും തങ്ങള്‍ കട തുറപ്പുമായിമുന്നോട്ടു പോകുമെന്ന് ചില പ്രാദേശിക നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

സംസ്ഥാനത്തെ വ്യാപാര സമൂഹം കോവിഡ് പ്രതിസന്ധമൂലം ആത്മഹത്യയുടെ വക്കിലാണെന്നാണ് വ്യാപാരികള്‍ പറയുന്നത്. പെരുന്നാള്‍ ആസന്നമായ സാഹചര്യത്തില്‍ ഒരാഴ്ചത്തേക്ക് കടകള്‍ എല്ലാ ദിവസവും തുറക്കാന്‍ അനുവദിക്കണമെന്നായിരുന്നു ഏകോപന സമിതിയുടെ ആവശ്യം. ഈ ആവശ്യത്തോട് ഇടതുപക്ഷ അനുഭാവമുള്ള വ്യാപാരി വ്യവസായ സമിതിയും അനുകൂലിച്ചിരുന്നു. കടകള്‍ തുറന്നാല്‍ എല്ലാ സഹകരണവും നല്‍കുമെന്ന് യുഡിഎഫ് നേതൃത്വവും വ്യക്തമാക്കി. വ്യാപാര സമൂഹത്തോടു മുഖ്യമന്ത്രി സ്വീകരിച്ച അപഹാസ്യമായ സമീപനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം ഉമ്മന്‍ ചാണ്ടി, കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീകരന്‍ തുടങ്ങിയ നേതാക്കള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ജീവിത പ്രതിസന്ധി നേരിടുന്ന വ്യാരപാരി സമൂഹം എടുക്കുന്ന ഏതു തീരുമാനത്തിനും പിന്തുണയും നല്‍കിയിരുന്നു.

പ്രതിഷേധം ശക്തമായ സാഹചര്യത്തിലും വ്യാപാരികളില്‍ നിന്നു കടുത്ത വിമര്‍ശനം ഉയര്‍ന്നതുമാണ് മുഖ്യമന്ത്രിയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ നാവുദോ ഷമല്ല മറിച്ച് ഭീഷണിയുടെ സ്വരമാണ് ഉയര്‍ന്നത്. “സംസ്ഥാനത്ത് നിലവില്‍ കടകള്‍ മുഴുവന്‍ തുറക്കാനുള്ള സാഹചര്യമല്ല ഉള്ളത്. അതിനു വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കും. അതു മനസിലാക്കി കളിച്ചാല്‍ മതി” എന്നായിരുന്നു മുഖ്യമന്ത്രിയുടെ ഭീഷണി. എല്ലാ വഴികളുമടഞ്ഞ് കടക്കെണിയും ആത്മഹത്യാ മുനമ്പിലും നില്‍ക്കുന്ന വ്യാപാരികള്‍ക്ക് ഇത് താങ്ങാന്‍ കഴിയുന്നതായിരുന്നില്ല. അതുകൊണ്ടാണ് അവരുടെ വിഷയം കോണ്‍ഗ്രസും യുഡിഎഫും ഏറ്റെടുത്തത്. ശക്തമായ പ്രതിരോധത്തിനൊടുവിലാണു മുഖ്യമന്ത്രി വ്യാപാരികളുമായി ചര്‍ച്ചയ്ക്കു സന്നദ്ധനായത്. വെള്ളിയാഴ്ച നടക്കുന്ന ചര്‍ച്ചകള്‍ക്കു ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് വ്യാപാരികളും പറയുന്നു.

Related posts

Leave a Comment