പബ് ഇല്ലാത്തത് പോരായ്മയെന്ന് മുഖ്യമന്ത്രി; ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ ആരംഭിക്കാനൊരുങ്ങി പിണറായി സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഐടി പാർക്കുകളിൽ വൈൻ പാർലറുകൾ തുടങ്ങാനുള്ള നടപടികളുമായി പിണറായി സർക്കാർ . കേരളത്തിലെ ഐടി പാർക്കുകളിൽ പബ് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്തത് പോരായ്മയാണെന്നും, ഐടി പാർക്കുകളിൽ സ്ഥാപനങ്ങൾ തുടങ്ങാനായി വരുന്ന വിവിധ കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ പ്രധാന കുറവായി ഇത് ചൂണ്ടിക്കാട്ടപ്പെടുന്നതായും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

‘സംസ്ഥാനത്ത് നിക്ഷേപത്തിനായി എത്തുന്ന ബഹുരാഷ്ട്ര കമ്പനികൾ ഉന്നയിക്കുന്ന പ്രശ്നം ഐടി മേഖലയിൽ ജീവനക്കാർക്ക് മാനസിക ഉല്ലാസത്തിനുള്ള സൗകര്യങ്ങളുടെ പരിമിതിയാണ്. കമ്പനി പ്രതിനിധികൾ തയ്യാറാക്കുന്ന റിപ്പോർട്ടിൽ ഈ കുറവുകളാണ് പ്രധാനമായും ഉന്നയിക്കുന്നത്. ഇത് വലിയ കമ്പനികളുടെ കടന്ന് വരവിന് തടസമാകുന്നുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിലാണ് ഐടി കേന്ദ്രങ്ങളിൽ വൈൻ പാർലറെന്ന ആലോചന സർക്കാർ നേരത്തെ തുടങ്ങിയത്. എന്നാൽ കൊവിഡ് വന്നതോടെ മുന്നോട്ട് പോകാനായില്ല. കൊവിഡ് തീരുന്ന മുറയ്ക്ക് ഐടി പാർക്കുകളിൽ പബ്ബ്-വൈൻ പാർലറുകൾ ആരംഭിക്കുന്ന ആലോചിക്കുമെന്നും’- മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു. ചോദ്യോത്തര വേളയിൽ കുറക്കോളി മൊയ്തീൻ എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

നേരത്തെ നിസാൻ ഉൾപ്പെടെയുള്ള കമ്പനികൾ എത്തിയപ്പോൾ ഈ പോരായ്മ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ ഇക്കാര്യത്തിൽ ആലോചന നടത്തിയത്. തീരുമാനം വൻ വിവാദമാവുകയും ചെയ്തിരുന്നു.

Related posts

Leave a Comment