വണ്ടിപ്പെരിയാർ പീഡന കൊലപാതക കേസ്; പ്രതിയുടെ രാഷ്ട്രീയം അറിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ രാഷ്ട്രീയ ബന്ധം മറച്ചുവെച്ച് നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി. ഈ കേസിലെ പ്രതിക്ക് ഏതെങ്കിലും രാഷ്ട്രീയ സംഘടനയുമായി ബന്ധമുള്ളതായി അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്നായിരുന്നു പി.കെ. ബഷീര്‍, നജീബ് കാന്തപുരം എന്നിവർ ഇതുസംബന്ധിച്ച് ഉന്നയിച്ച ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നൽകിയത്.
കേസില്‍ അറസ്റ്റിലായ പ്രതി അര്‍ജുന്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണെന്നും കേസ് അന്വേഷണാവസ്ഥയിലാണെന്നും സംഭവത്തിലെ അന്വേഷണത്തെ കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി. കേസിലെ പ്രതിയെ ആരെങ്കിലും സഹായിക്കുകയോ തെളിവു നശിപ്പിക്കുകയോ ചെയ്തതായി നാളിതുവരെ നടത്തിയ അന്വേഷണത്തില്‍ വെളിവായിട്ടില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മുഖ്യമന്ത്രി മറുപടി നല്‍കി.
കേസില്‍ അറസ്റ്റിലായ അര്‍ജുന്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനാണെന്ന് ആരോപണം നിലനില്‍ക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ജൂണ്‍ മുപ്പതിനാണ് എസ്റ്റേറ്റിലെ മുറിക്കുള്ളില്‍ വാഴക്കുല കെട്ടിയിടുന്ന കയറില്‍ ഷാളുപയോഗിച്ച് കുട്ടിയെ പ്രതിയായ അര്‍ജുന്‍ (21) പീഡനത്തിനുശേഷം കെട്ടിത്തൂക്കിയത്. അസ്വാഭാവികമരണത്തിന് അന്നുതന്നെ കേസെടുത്തിരുന്നെങ്കിലും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലാണ് പീഡനവിവരം അറിയുന്നത്.
ആറുവയസ്സുകാരിയെ 2019 നവംബര്‍ മുതല്‍ അര്‍ജുന്‍ ലൈംഗികമായി ഉപയോഗിച്ചുവരുകയാണെന്നാണ് പോലീസിന് ലഭിച്ച മൊഴി. കുട്ടിയുടെ വീട്ടുകാരുമായുള്ള അടുത്ത ബന്ധം ഇയാള്‍ ചൂഷണം ചെയ്യുകയായിരുന്നു. 

Related posts

Leave a Comment