ശിവശങ്കറിനെ കൈവിടാതെ മുഖ്യമന്ത്രി ;മാധ്യമങ്ങൾക്കെതിരെ രൂക്ഷ വിമർശനം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടായിരുന്നുവെന്ന പുതിയ വെളിപ്പെടുത്തലുകൾ വന്നതിന് പിന്നാലെ കേസിലെ പ്രതിയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയുമായ എം ശിവശങ്കറിനെ ശക്തമായി ന്യായീകരിച്ച് പിണറായി വിജയൻ. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ വാർത്താ സമ്മേളനം നടത്തിയ മുഖ്യമന്ത്രി, ശിവശങ്കറിനെ പിന്തുണയ്ക്കുകയും സ്വപ്നാ സുരേഷിന്റെ വെളിപ്പെടുത്തലുകൾ പുറത്തുകൊണ്ടുവന്ന മാധ്യമങ്ങളെ അതിരൂക്ഷമായി വിമർശിക്കുകയുമാണ് ചെയ്തത്.
ശിവശങ്കർ എഴുതിയ പുസ്തകത്തിൽ അന്വേഷണ ഏജൻസികൾക്കെതിരെയും മാധ്യമങ്ങൾക്കെതിരെയും പറഞ്ഞ കാര്യങ്ങൾ ശരിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്വാഭാവികമായും ആ വിമർശനത്തിന് ഇരയായവർക്ക് അദ്ദേഹത്തോട് പക ഉയർന്നുവരും. അതിന്റെ ഭാഗമായാണ് മാധ്യമങ്ങളും അന്വേഷണ ഏജൻസികളും അദ്ദേഹത്തിനെതിരെയുള്ള നില സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാർ പറഞ്ഞ അഭിപ്രായം തന്നെയാണ് തന്റേതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇപ്പോൾ പുറത്തുവരുന്നത് അന്വേഷണ ഏജൻസിയും മാധ്യമ ലോകവും ആലോചിച്ചുള്ള ചില നടപടികളാണ്. അത് ഭാവിയിലേ അറിയാൻ കഴിയൂവെന്നും പിണറായി ചൂണ്ടിക്കാട്ടി.
അതേസമയം, സർവീസിലിരിക്കെ ശിവശങ്കർ പുസ്തകമെഴുതിയത് സർക്കാരിന്റെ അറിവോടെയായിരുന്നോയെന്ന് ആവർത്തിച്ചു ചോദിച്ചിട്ടും മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സർക്കാരിന്റെ അറിവുണ്ടായിരുന്നോ ഇല്ലയോ എന്നത് സർക്കാർ പരിശോധിച്ചോളാം എന്നായിരുന്നു മുഖ്യമന്ത്രിയുടെ ധാർഷ്ട്യം. പുസ്തകത്തിലൂടെ ശിവശങ്കർ പറഞ്ഞത് അയാളുടെ അനുഭവമാണ്. അത് മാധ്യമങ്ങൾക്ക് പൊള്ളുന്നതാണ്. ഇനിയെങ്കിലും മാധ്യമങ്ങൾ കാര്യങ്ങൾ തിരിച്ചറിയണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് ശിവശങ്കറിന്റെ ഇടപെടൽ, വ്യാജ വിദ്യാഭ്യാസ രേഖകളുടെ അടിസ്ഥാനത്തിൽ സ്വപ്നക്ക് സ്പെയ്സ് പാർക്കിൽ ജോലി നൽകിയത് എന്നിങ്ങനെയുള്ള വെളിപ്പെടുത്തലിനെക്കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല. സ്വപ്നയെക്കുറിച്ച് താനൊന്നും പറയുന്നില്ലെന്നും അവർ തമ്മിലുള്ള കാര്യങ്ങൾ അവർ തന്നെ തീർക്കട്ടെയെന്നുമായിരുന്നു പിണറായിയുടെ നിലപാട്. വ്യാജ വിദ്യാഭ്യാസ രേഖയുടെ കാര്യത്തിൽ സംസ്ഥാന പൊലീസ് അന്വേഷണം തുടരുകയാണെന്നും പുസ്തകം എഴുതാനുണ്ടായ സാഹചര്യം ശിവശങ്കർ വിശദീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment