കള്ളങ്ങള്‍ കുത്തിവെയ്ക്കുന്ന മുഖ്യമന്ത്രി

കെ സുധാകരൻ എം പി
(കെ പി സി സി പ്രസിഡന്റ്)

കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ കേരളം ദേശീയ ശരാശരിക്ക് പിന്നിലെന്ന കണക്കു പുറത്തു വന്നതില്‍ ഒട്ടും അത്ഭുതപ്പെടാനില്ല. കാരണം ഇവിടെ വാക്‌സിനേഷന്റെ അവസ്ഥ അനുഭവിച്ചറിയുന്നവരോട് പ്രത്യേകിച്ച് ഇക്കാര്യം വിശദീകരിക്കേണ്ടതില്ല.
ഒന്നാം ഡോസ് വാക്‌സിനെടുത്ത് രണ്ടാം ഡോസെടുക്കാന്‍ സമയപരിധി കഴിയുമ്പോഴും അതിന് സൗകര്യം കിട്ടാതെ അലഞ്ഞു നടക്കുകയാണ് ജനം. ദിവസവും ഓണ്‍ലൈന്‍ ബുക്കിംഗിനായി സമയം ചെലവിടുന്നതല്ലാതെ ആര്‍ക്കും ബുക്കിംഗ് ലഭിക്കുന്നില്ല. സമീപത്തെ സര്‍ക്കാര്‍ ആശുപത്രികളിലെല്ലാം ബുക്കിംഗ് പൂര്‍ണമെന്ന അറിയിപ്പു മാത്രമാണ് എപ്പോഴും ലഭിക്കുന്നത്. ആരോഗ്യകേന്ദ്രങ്ങളില്‍ ബന്ധപ്പെട്ടാല്‍ അവര്‍ക്കും വ്യക്തതയില്ല. 45 വയസിനു മുകളിലുള്ളവര്‍ക്കു പോലും വാക്‌സിനെടുക്കാനാകാത്ത ദുരവസ്ഥയാണ് ഇവിടെയുള്ളത്.
വാക്‌സിനേഷന്‍ ശരാശരിയുടെ കാര്യത്തില്‍ കേരളം രാജ്യത്ത് 23-ാം സ്ഥാനത്താണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച കക്ഷി നേതാക്കളുടെ യോഗത്തിലാണ് വ്യക്തമാക്കപ്പെട്ടത്. എന്നിട്ടും മുഖ്യമന്ത്രി പറയുന്നു ദേശീയ ശരാശരിയേക്കാള്‍ മുകളിലാണെന്ന്.
പച്ചക്കള്ളമാണ് മുഖ്യമന്ത്രി പറയുന്നത്. കോവിഡ് വാക്‌സിനേഷന്റെ കാര്യത്തില്‍ ആരെ ബോധിപ്പിക്കാനാണ് മുഖ്യമന്ത്രി കള്ളക്കണക്കുകള്‍ നിരത്തുന്നത്..?വാക്‌സിനേഷന്‍ എളുപ്പം ലഭ്യമാകുന്ന സാഹചര്യം കേരളത്തിലുണ്ടെന്ന് മുഖ്യമന്ത്രിക്ക് സത്യസന്ധമായി പറയാന്‍ സാധിക്കുമോ..? ആളുകള്‍ വാക്‌സിനേഷനായി ഇവിടെ നെട്ടോട്ടമോടുന്നതൊന്നും നിങ്ങള്‍ കാണുന്നില്ലേ..? അതോ നിങ്ങളുടെ പാര്‍ട്ടി ഓഫീസില്‍ നിന്ന് വാക്‌സിനേഷന്‍ സൗകര്യം പ്രത്യേകമായി ചെയ്തു കൊടുക്കുന്നുണ്ടോ. ആരോഗ്യവകുപ്പ് നിര്‍ദ്ദേശിക്കുന്ന രീതിയിലാണെങ്കില്‍ ഇവിടെ വാക്‌സിനേഷന് ബുക്ക് ചെയ്യാന്‍ സാധിക്കാത്ത സ്ഥിതിയാണ്. ആഴ്ചകളായി ഇതിനു വേണ്ടി ശ്രമിക്കുന്ന എത്രയോ ആളുകള്‍ ഞങ്ങളോട് സങ്കടം പറയുന്നുണ്ട്.
ഇന്നലെ ഒരു ചെറുപ്പക്കാരന്‍ പറഞ്ഞ കാര്യമാണ്. 70 വയസുള്ള അമ്മയ്ക്ക് രണ്ടാം ഡോസ് വാക്‌സിനെടുക്കേണ്ടത് കഴിഞ്ഞ ഒന്നാം തീയതിയായിരുന്നു. കിട്ടിയതാകട്ടെ ഈ മാസം 22ന്. മൂന്നു മാസമായി വാക്‌സിനേഷന് സ്ലോട്ട് തപ്പുന്ന 35 കാരിയായ ഭാര്യ ദിവസവും മൊബൈലില്‍ കണ്ണുനട്ടിരിക്കുന്നു. പക്ഷേ വീട്ടിനടുത്തുള്ള 20 വയസു തികയാത്ത ഒരു ഭരണപാര്‍ട്ടിക്കാരിയുടെ ബന്ധുവിന് രണ്ട് ഡോസ് വാക്‌സിനേഷനും കിട്ടിയെന്നാണ് അറിഞ്ഞത്. ഇത്തരം ആക്ഷേപങ്ങള്‍ ദിവസവും കേള്‍ക്കുന്നുണ്ട്.
കേന്ദ്രം പറയുന്നത്
കോവിഡ് മുന്നണിപ്പോരാളികളിലെ ആദ്യ ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 91 ശതമാനമാണ്. കേരളത്തില്‍ ഇത് 74 ശതമാനം മാത്രമാണ്. രണ്ടാം ഡോസ് വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 83 ശതമാനവും കേരളത്തില്‍ ഇത് വെറും 60 ശതമാനവുമാണ്. യുവാക്കളുടെ വാക്‌സിനേഷനിലും കേരളം വളരെ പിന്നിലാണ്. 18നും 45നും മധ്യേ പ്രായമുള്ളവരിലെ വാക്‌സിനേഷന്റെ കാര്യത്തില്‍ ദേശീയ ശരാശരി 21 ശതമാനമാണെങ്കില്‍ കേരളത്തില്‍ 16 ശതമാനം മാത്രമാണ്. ഓരോ സംസ്ഥാനത്തിനും നല്‍കിയ വാക്‌സിന്‍ ഡോസിന്റെ കാര്യത്തില്‍ കേരളം തങ്ങള്‍ക്ക് ലഭ്യമായ വാക്‌സിന്‍ പോലും ഉപയോഗിച്ചിട്ടില്ലെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. ഇതിനെ മറച്ചുവെച്ച് ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ കണക്കെടുപ്പു നടത്തി വാക്‌സിനേഷന്റെ കാര്യത്തില്‍ മുന്നിലെന്ന് സ്ഥാപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിക്കുന്നത് അപഹാസ്യമാണ്.

വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ തിരക്ക്
മുന്നൂറ് ഡോസ് വാക്‌സിനാണ് ഒരു കേന്ദ്രത്തില്‍ നല്‍കുന്നതെങ്കില്‍ അവിടെ മൂവായിരത്തോളം പേര്‍ തിങ്ങിക്കൂടുന്ന സ്ഥിതിയാണ് കേരളത്തില്‍. വാകസിന്‍ വിതരണത്തിലെ അശാസ്ത്രീയതയാണ് ഇതിനു കാരണം. മന്ത്രി ഒരിക്കല്‍ പറയും കോവിന്‍ പോര്‍ട്ടല്‍ മുഖേന സ്ലോട്ട് ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുകയെന്ന്. ചിലപ്പോഴാകട്ടെ സ്‌പോട്ട് ബുക്കിംഗും. ടോക്കണ്‍ കിട്ടാന്‍ ആളുകള്‍ ക്യൂ നില്‍ക്കുമ്പോഴും ഇടിച്ചു കയറുമ്പോഴും കോവിഡ് നിയന്ത്രണങ്ങളെല്ലാം ലംഘിക്കപ്പെടുന്ന സ്ഥിതിയാണ്. രോഗ്യവ്യാപനത്തോത് കുറയാതെ നില്‍ക്കുന്ന കേരളത്തില്‍ അശാസ്ത്രീയമായ വാക്‌സിനേഷന്‍ രീതിയും അതിലൊരു ഘടകമല്ലേ എന്ന സംശയം സ്വാഭാവികമായും ഉയരുകയാണ്.

തുടക്കത്തിലേ കള്ളക്കളി
കോവിഡ് വ്യാപനത്തിന്റെ തുടക്കം തൊട്ട് സംസ്ഥാന സര്‍ക്കാര്‍ നടത്തിയ കള്ളക്കളികള്‍ പലതവണ പ്രതിപക്ഷം തുറന്നു കാണിച്ചതാണ്. കേവലമായ കൈയടികള്‍ക്കും സോഷ്യല്‍മീഡിയയിലെ ആര്‍പ്പുവിളികള്‍ക്കും വേണ്ടി മാത്രമായി കേരളത്തിന്റെ പ്രതിരോധപരിപാടികളെ പര്‍വതീകരിക്കുകയായിരുന്നു തുടക്കം തൊട്ട് സര്‍ക്കാര്‍ ചെയ്തത്. അന്താരാഷ്ട്ര പി ആര്‍ ഏജന്‍സികളെ ഉപയോഗപ്പെടുത്തി, കോടികള്‍ ചെലവഴിച്ച് വിദേശമാധ്യമങ്ങളിലും മറ്റും മുഖ്യമന്ത്രിയേയും അതിനുമപ്പുറം അന്നത്തെ ആരോഗ്യമന്ത്രിയേയും പ്രകീര്‍ത്തിക്കാനുള്ള ദൗത്യമായിരുന്നു സര്‍ക്കാര്‍ ഏറ്റെടുത്തത്. പുരസ്‌കാരങ്ങളിലും പെരുമയിലും കണ്ണുനട്ടുള്ള കോമാളിക്കളി ഇവിടെ നടത്തുമ്പോള്‍ മറ്റു പല സംസ്ഥാനങ്ങളും കൃത്യമായ നടപടികളിലൂടെ കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതില്‍ വിജയം കൈവരിച്ചു. മറ്റു സംസ്ഥാനങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ ആറു മണി ഗീര്‍വാണ പ്രഭാഷണമില്ല. മറിച്ച് ഉദ്യോഗസ്ഥരുടെ കൃത്യമായ ഏകോപനവും പൊതുജനങ്ങളെ കൂടി വിശ്വാസത്തിലെടുത്തുള്ള സൗമ്യയമായ ഇടപെടലുകളുമൊക്കെയായി ഈ മഹാമാരിയെ പടിപടിയായി പ്രതിരോധിച്ചു. കേരളത്തിലാകട്ടെ കോവിഡിനെ രാഷ്ട്രീയവല്‍ക്കരിക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. തുടര്‍ഭരണത്തിലേക്കുള്ള സുവര്‍ണാവസരമായി കോവിഡ് മഹാമാരിയെ ഉപയോഗപ്പെടുത്തുന്നതിലേക്കായിരുന്നു ഇവര്‍ ശ്രദ്ധ ചെലുത്തിയത്. അതിലവര്‍ വിജയിക്കുകയും ചെയ്തു.

മറച്ചു വെച്ച മരണങ്ങള്‍ മറ നീക്കുന്നു
കോവിഡ് മൂലം സംസ്ഥാനത്ത് മരിച്ചവരുടെ യഥാര്‍ത്ഥ കണക്കുകള്‍ മൂടിവെയ്ക്കുകയാണ് തുടക്കത്തില്‍ ചെയ്തത്. കോവിഡ് മൂലം മരണങ്ങള്‍ സംഭവിച്ച് അനാഥമാകുന്ന കുടുംബങ്ങള്‍ക്ക് സഹായധനമുള്‍പ്പെടെ ലഭിക്കുന്ന സാഹചര്യം വന്നതോടെയാണ് മരണം മറച്ചുവെച്ചുള്ള കള്ളക്കളി അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
കോവിഡ് മരണങ്ങള്‍ ഓരോ ദിവസവും ആരോഗ്യവകുപ്പ് ബുള്ളറ്റിനില്‍ ഇപ്പോള്‍ പുറത്തുവിടുന്നുണ്ട്. നേരത്തേ മറച്ചു വെച്ച പല മരണങ്ങളും ഇപ്പോള്‍ ലിസ്റ്റിലുള്‍പ്പെടുത്തുന്നുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ ബുള്ളറ്റിന്‍ പരിശോധിച്ചാല്‍ വ്യക്തമാകും.
2020 ജനുവരി 16ന് മരണപ്പെട്ട ആലപ്പുഴ ചേര്‍ത്തല സ്വദേശിയായ 40 വയസുകാരന്റെ മരണം കോവിഡ് പട്ടികയിലുള്‍പ്പെടുത്തിയിരിക്കുന്നത് ജൂലൈ 22ന്. മെയ് മാസം ഒന്നാം തീയതി മരണപ്പെട്ട കൊല്ലം പാലമുക്ക് സ്വദേശിയായ 75 കാരന്റെ മരണം കോവിഡ് മൂലമെന്ന് പറഞ്ഞ് പട്ടികയില്‍ വന്നത് ജൂലൈ 23ന്. മെയ് മാസം 17നു മരിച്ച എറണാകുളം പെരുവാരം സ്വദേശിയുടെ മരണം പട്ടികയില്‍ വന്നത് ജുലൈ 22ന്. ഇത്തരത്തില്‍ ഓരോ ദിവസത്തെ പട്ടികയെടുത്തു നോക്കിയാല്‍ കാണാം മാസങ്ങള്‍ക്കു മുമ്പ് മരിച്ചവരുടെ പേരുകള്‍ തിരുകിക്കയറ്റിയിരിക്കുന്നത്. ഒരു മരണം കോവിഡ് മൂലമെന്ന് സ്ഥിരീകരിക്കാന്‍ ഒന്നോ രണ്ടോ ദിവസം മതി. ഇവിടെ രണ്ടും മൂന്നും മാസം കഴിഞ്ഞുള്ള സ്ഥിരീകരണം എവിടെ നിന്നാണ് വരുന്നത്..? കള്ളക്കളി വ്യക്തമല്ലേ..? നിങ്ങള്‍ കോവിഡ് മരണങ്ങള്‍ പലതും പട്ടികയിലുള്‍പ്പെടുത്താതെ മറച്ചു പിടിച്ചത് ഇപ്പോള്‍ ബാഹ്യഇടപെടലുകളെ തുടര്‍ന്ന് ഉള്‍പ്പെടുത്തുന്നതല്ലേ ഇക്കാണുന്നത്..? മറുപടി പറയണം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും.

Related posts

Leave a Comment