തള്ള് തുടങ്ങി, മൂന്നില്‍ രണ്ട് രോഗികളും കേരളത്തിലെന്ന് കേന്ദ്ര സര്‍ക്കാര്‍, മികവെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: 36 ദിവസത്തെ ഇടവേളയ്ക്കു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളിലൂടെ തള്ള് തുടങ്ങി. രാജ്യത്തെ ആകെ കോവിഡ് രോഗികളില്‍ എഴുപത് ശത്മാനത്തിലധികം പേരും കേരളത്തിലാണെന്ന് ഇന്നു രാവിലെ പോലും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കിയപ്പോള്‍, കോവിഡ് പ്രതിരോധത്തില്‍ കേരളമാണു മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്നലെ രാജ്യത്ത് ആകെ 46,769 പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്. അതില്‍ 32,801 പേരും കേരളത്തിലാണ്. മരണ നിരക്ക് കേരളത്തിലാണു കുറവെന്നു മുഖ്യമന്ത്രി പറയുമ്പോള്‍ മൊത്തം മരണ സംഖ്യയുടെ 34 ശതമാനവും കേരളത്തിലാണെന്ന വസ്തുതയും പിണറായി വിജയന്‍ മറച്ചു വയ്ക്കുന്നു. ഇന്നലെ രാജ്യത്ത് മരിച്ച 509 പേരില്‍ 179 പേരും കേരളത്തിലാണ്.

മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തില്‍ നിന്ന്ഃ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തുടരുകയാണ്. ഇന്ന് 31265 പേർക്കാണ് രോഗബാധ.167497 പരിശോധനയാണ് ഇന്ന് നടന്നത്. 153 കൊവിഡ് മരണം ഇന്ന് സ്ഥിരീകരിച്ചു.204086 പേരാണ് ചികിത്സയിൽ ഉള്ളത്.

ലോക്ക്ഡൗണിൽ ഇളവ് നൽകിയത് മൂലം കൊവിഡ് കേസുകളിലുണ്ടായ വര്‍ധന ഓണത്തോടെ കൂടി. ഈ സാഹചര്യം മുൻകൂട്ടി കണ്ട് ചികിത്സാ സൗകര്യങ്ങളും വര്‍ധിപ്പിച്ചിരുന്നു. വാക്സീനേഷൻ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. സാമൂഹിക പ്രതിരോധ ശേഷി സമീപകാലത്ത് തന്നെ ആര്‍ജിക്കാനാവും എന്നാണ് പ്രതീക്ഷ. ജനസംഖ്യ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതൽ പേര്‍ക്ക് വാക്സീൻ നൽകുന്നത് കേരളത്തിലാണ്. ഒരു ദിവസം അഞ്ച് ലക്ഷം പേര്‍ക്ക് വരെ വാക്സീൻ നൽകുന്നുണ്ട്.

മരണനിരക്ക് പിടിച്ചു നിര്‍ത്താനായി എന്നാൽ രോഗികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവിന് ആനുപാതികമായി മരണങ്ങളും വര്‍ധിച്ചു. മരിക്കുന്നവരിലേറെയും പ്രായാധിക്യവും അനുബന്ധ രോഗങ്ങളും ഉള്ളവരാണ്. വാക്സീൻ ആദ്യം തന്നെ നൽകിയത് ഈ വിഭാഗത്തിൽപ്പെട്ടവര്‍ക്കാണ്. ജനങ്ങളുടെ ജീവൻ സംരക്ഷിക്കുക എന്ന പരമപ്രധാനമായ ലക്ഷ്യം മുൻനിര്‍ത്തിയാണ് നമ്മുടെ സംസ്ഥാനം തുടക്കം മുതൽ പ്രവര്‍ത്തിക്കുന്നത്. ആ ഉദമ്യം നല്ല രീതിയിൽ കൊണ്ടു പോകാൻ നമ്മുക്കായി. അതു പ്രശംസിക്കപ്പെടുകയും ചെയ്തു. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തെ ഗൗരവപൂര്‍വ്വം പരിശോധിക്കുകയും നടപടി സ്വീകരിച്ചു വരികയും ചെയ്യുകയാണ്. മൂന്നാം തരംഗത്തിൻ്റെ സാധ്യത കണക്കിലെടുത്ത് ഇനിയുള്ള ദിവസങ്ങളിൽ മുന്നോട്ട് പോയെ മതിയാവൂ.

ദേശീയനിരക്കുമായി താരത്മ്യം ചെയ്താൽ കേരളത്തിലെ മരണനിരക്ക് വളരെ കുറവാണ്. ശക്തമായ പൊതുജനാരോഗ്യസംവിധാനമുള്ളതിനാൽ കേസ് കൂടിയാലും കേരളത്തിന് നേരിടാനാവും. കേരളത്തിൽ വലിയൊരു വിഭാഗം ഇനിയും രോഗബാധിതരായിട്ടില്ല എന്നതും ആരോഗ്യവിദഗ്ദ്ധർ ഇതിനോടകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

മരണം പരമാവധി കുറയ്ക്കാനാണ് ശ്രമം. രാജ്യത്തേറ്റവും നന്നായി കൊവിഡ് മരണനിരക്ക് കുറച്ചു നിർത്തുന്നത് കേരളമാണ്. 0.51 ശതമാനമാണ് കേരളത്തിലെ കൊവിഡ് മരണനിരക്ക്. ദേശീയശരാശരി ഇതിൻ്റെ മൂന്നിരട്ടിയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും ജനസാന്ദ്രതയുള്ള സംസ്ഥാനവും ഗ്രാമനഗരവ്യത്യാസം ഏറ്റവും കുറഞ്ഞ സംസ്ഥാനവും കൂടുതൽ വയോജനങ്ങൾ ഉള്ള സംസ്ഥാനവും കേരളമാണ്. ഹൃദ്രോഗികളും പ്രമേഹരോഗികളും ഏറ്റവും കൂടുതലുള്ള സംസ്ഥാനവും കേരളമാണ്. ഇങ്ങനെ മരണനിരക്ക് കൂടാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും അതിനെ നിയന്ത്രിക്കാന സാധിച്ചത് പ്രതിരോധ സംവിധാനത്തിൻ്റെ ഗുണം കൊണ്ട് മാത്രമാണ്.

ഒരു സമൂഹത്തിൽ എത്രശതമാനം പേരിൽ രോഗം വന്നു പോയി എന്നറിയാൻ സെറം സർവേ നടത്താറുണ്ട്. ഏറ്റവും അവസാനം ഐസിഎംആർ പുറത്തുവിട്ട സെറം സർവേ പ്രകാരം കേരളത്തിലെ 44.4 പേർക്ക് മാത്രമാണ് രോഗം വന്നു പോയത്. കൂടുതൽ പേരിൽ വൈറസ് എത്തുന്നത് തടയാൻ നമ്മുക്കായി. എന്നാൽ ഇതുവരെ രോഗം ബാധിക്കാത്തവർ കേരളത്തിൽ അൻപത് ശതമാനത്തിനും മുകളിലാണ് എന്നതാണ് മറ്റൊരു വശം. ദേശീയതലത്തിൽ 66.7 ശതമാനം പേർക്കാണ് രോഗം വന്നു പോയത്. രാജ്യത്തെ ആകെ കണക്കെടുത്താൽ ഇനി 33 ശതമാനം പേർക്കാണ് രോഗം വരാനുള്ളത്. മധ്യപ്രദേശിൽ 79 ശതമാനം പേർക്ക് രോഗം വന്നു പോയെന്നാണ് സെറം സർവേ പറയുന്നത്.

Related posts

Leave a Comment