*മുഖ്യമന്ത്രിക്കും സിപിഎമ്മിനും രാഷ്ട്രീയ തിരിച്ചടി

നിസാർ മുഹമ്മദ്

*മുഖ്യമന്ത്രിക്കും സിപിഎമ്മിനും രാഷ്ട്രീയ തിരിച്ചടി

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയുടെ നിർണായക വിധിയിൽ രാഷ്ട്രീയമായ തിരിച്ചടിയേറ്റ് മുഖ്യമന്ത്രിയും സിപിഎമ്മും. കേസ് തിരികെ തിരുവനന്തപുരം സിജെഎം കോടതിയിലേക്ക് എത്തുമ്പോൾ വിചാരണയ്ക്കായി പ്രതിക്കൂട്ടിൽ കയറി നിൽക്കേണ്ടിവരുന്നവരിൽ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം കൂടിയുണ്ടെന്ന അസാധാരണ സാഹചര്യമാണ് പാർട്ടിയെയും സർക്കാരിനെയും പ്രതിസന്ധിയിലാക്കുന്നത്. വെറുമൊരു പരാമർശമല്ല, പകരം വിചാരണ നേരിടണമെന്ന അന്തിമ വിധിയാണ് സുപ്രീംകോടതിയുടേത്. അതിനാൽ, ജനാധിപത്യത്തിന്റെ ശ്രീകോവിൽ തല്ലിത്തകർത്ത സിപിഎം നേതാക്കളെ രക്ഷിക്കാൻ കീഴ്ക്കോടതി മുതൽ ഹൈക്കോടതിയും കടന്ന് സുപ്രീംകോടതി വരെ പോയ സർക്കാരിന് ഇനിയൊരു ഓപ്ഷനില്ല. മന്ത്രി വി ശിവൻകുട്ടി, മുൻ മന്ത്രിമാരായ കെടി ജലീൽ, ഇ.പി ജയരാജൻ, കെ. അജിത്ത്, സി.കെ സദാശിവൻ, കുഞ്ഞു മുഹമ്മദ് മാസ്റ്റർ  എന്നിവർ വിചാരണ നേരിടുക തന്നെ വേണം.
വിദ്യാർത്ഥികൾക്ക് നല്ല മാതൃക കാട്ടേണ്ട മന്ത്രി കോടതിയുടെ പ്രതിക്കൂട്ടിൽ കയറി നിന്ന് വിചാരണ നേരിടേണ്ടിവരുന്നതിലെ ധാർമികത ചോദ്യം ചെയ്തും മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുമുള്ള പ്രതിപക്ഷ പ്രതിഷേധം ഇന്ന് നിയമസഭയിൽ ആളിക്കത്തുമെന്ന് ഉറപ്പാണ്. മന്ത്രിയുടെ രാജിക്കായി തെരുവിലും പ്രക്ഷോഭം ആളിപ്പടരും. വിചാരണയുടെ പേരിൽ മന്ത്രി രാജിവെയ്ക്കേണ്ടതില്ലെന്നാണ് സിപിഎമ്മിന്റെ ആദ്യ നിലപാട്. ഇക്കാര്യം വി. ശിവൻകുട്ടിയും ആവർത്തിക്കുന്നു. വനം മന്ത്രിയായിരുന്ന കെപി വിശ്വനാഥൻ കോടതിയിൽ നിന്നുണ്ടായ വെറുമൊരു പരാമർശത്തിന്റെ പേരിൽ രാജിവെച്ച മുൻകാല സംഭവമാണ് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നത്. കോടതിയിലെ പരാമർശങ്ങളുടെ പേരിൽ രാജിവെയ്ക്കപ്പെട്ട നിരവധി മന്ത്രിമാരുടെ നിലപാടുകളും പ്രതിപക്ഷം ഉയർത്തിക്കാട്ടുന്നുണ്ട്.
2015ല്‍  അന്നത്തെ ധനമന്ത്രിയായിരുന്ന കെഎം മാണിയുടെ ബജറ്റ് അവതരണം തടസപ്പെടുത്തുന്നതിന് വേണ്ടിയായിരുന്നു അന്ന് നിയമസഭയിൽ നടത്തിയ അക്രമങ്ങൾ. ഇന്ന് അതേ കെഎം മാണിയുടെ പാർട്ടി ഇടതുമുന്നണിയിലായതിനാൽ അക്രമങ്ങൾ സാധൂകരിക്കപ്പെടുന്നതിലെ വൈരുധ്യം സിപിഎമ്മിനെ വല്ലാതെ വേട്ടയാടുന്നുണ്ട്. അക്രമത്തെ ന്യായീകരിക്കാനും പ്രതികളെ സംരക്ഷിക്കാനുമായി പൊതുഖജനാവിൽ നിന്ന് ലക്ഷങ്ങൾ ചെലവഴിച്ചത് ചോദ്യം ചെയ്യപ്പെടുമ്പോൾ സർക്കാരും പ്രതിക്കൂട്ടിലാണ്.
നിയമസഭയിൽ മുണ്ടു മടക്കിക്കുത്തി ഗുണ്ടായിസം കാട്ടുകയും സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറുകളും അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലാണ് സർക്കാർ ഇത്രയും നാണംകെട്ട കളികൾ കളിച്ചതെന്നതാണ് ഏറെ ശ്രദ്ധേയം.
ബജറ്റ് പ്രസംഗം തടസപ്പെടുത്താനുള്ള ശ്രമത്തിനിടെ രണ്ടര ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചുവെന്നാണ് കേസ്. സ്പീക്കറുടെ കസേര, എമര്‍ജന്‍സി ലാമ്പ്, 4 മൈക്ക് യൂണിറ്റുകള്‍, സ്റ്റാന്‍ഡ് ബൈ മൈക്ക്, ഡിജിറ്റല്‍ ക്ലോക്ക്, മോണിട്ടര്‍, ഹെഡ്‌ഫോണ്‍ എന്നിവയെല്ലാം കയ്യാങ്കളിക്കിടെ നശിപ്പിച്ചിരുന്നു. നിയമസഭാ സെക്രട്ടറിയുടെ പരാതിയില്‍ അന്നത്തെ ആറു എംഎല്‍എമാര്‍ക്കെതിരെ പൊതുമുതല്‍ നശീകരണ നിയമ പ്രകാരം ജാമ്യമില്ലാ വകുപ്പു ചുമത്തി കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്ത് വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കോടതിയെ സമീപിച്ചത്.

Related posts

Leave a Comment