മുഖ്യമന്ത്രി നടത്തിയത് വരാന്തയിലെ വാദംഃ പ്രതിപക്ഷം

തിരുവനന്തപുരംഃ കോടതിയില്‍ വാദിച്ചു തോറ്റ ശേഷം വരാന്തയില്‍ നിന്നു വാദിക്കുന്ന വക്കീലിന്‍റെ പണിയാണു നിയമസഭയില്‍ മുഖ്യമന്ത്രി ഇന്നു നടത്തിയതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. മന്ത്രി വി. ശിവന്‍ കുട്ടിയുടെ രാജി ആവശ്യപ്പെട്ട് സഭാ നടപടികള്‍ ബഹിഷ്കരിച്ചു പുറത്ത് ധര്‍ണ നടത്തുന്നതിനിടെ പ്രതിപക്ഷ നേതാക്കള്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു സതീശന്‍റെ പ്രതികരണം. കേരളത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഹീനമായ അതിക്രമമാ​ണ് 2015 ല്‍ നടന്നത്. ഈ സംഭവത്തില്‍ സര്‍ക്കാര്‍ നിലപാടിനേറ്റ ഏറ്റവും വലിയ അടിയാണ് സുപ്രീം കോടതി വിധി. കേസിലെ പ്രതിയായ മന്ത്രിയെ സംരക്ഷിക്കുന്നതിനുള്ള ഹീനമായ നടപടികളാണ് മുഖ്യമന്തി ആവര്‍ത്തിക്കുന്നത്.

പരമോന്നത നീതിപീഠത്തിന്‍റെ വിധികളോടു കേരളം കാണിച്ചിട്ടുള്ള ഉദാത്തമായ നിയവിധേയത്വവുംകീഴ് വഴക്കങ്ങളും ലംഘിക്കുന്നതാണ് മന്ത്രിയുടെ നിലപാടും മുഖ്യമന്ത്രിയുടെ ന്യായീകരണവും. സുപ്രീം കോടതി വിധിക്കെതാരായ പരാമര്‍ശങ്ങളാണ് ഇന്നു മുഖ്യമന്ത്രി നിയമസഭയില്‍ നടത്തിയത്. മുഖ്യമന്ത്രി നടത്തിയ പരാമര്‍ശങ്ങളൊന്നും നിയമപരമായും ധാര്‍മികമായും നിലനില്‍ക്കുന്നതെല്ലെന്നും സതീശന്‍ ചൂണ്ടിക്കാട്ടി. 2,20,000 രൂപയുടെ പൊതു മുതല്‍ നശിപ്പിക്കുന്ന അക്രമമാണ് ശിവന്‍ കുട്ടിയും കൂട്ടുപ്രതികളും ചെയ്തത്. ഈ കേസിലെ പ്രതികളെ രക്ഷിക്കാന്‍ഡ വീണ്ടും പൊതുമുതല്‍ കൊള്ളയടിക്കുകയാണ്. നികുതിപ്പണം ഉപയോഗിച്ച് കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാടാണ് പെരിയ ഇരട്ടക്കൊലക്കേസിലടക്കം ഈ സര്‍ക്കാര്‍ ചെയ്യുന്നത്.

നിയമസഭയിലെ ഒരംഗത്തിന് നിയമസഭാ ചട്ടം 194 വകുപ്പ് പ്രകാരം സംരക്ഷണം ലഭിക്കുന്നത് സഭയ്ക്കുള്ളില്‍ പ്രസംഗിക്കുന്നതിനും വോട്ടെടുപ്പിനുമാണ്. അല്ലാതെ സഭയ്ക്കുള്ളിലും പുറത്തും കാണിക്കുന്ന കുറ്റകൃത്യങ്ങളില്‍ നിന്നുള്ള സംരക്ഷണത്തിനല്ല. നിയമസഭാ സാമാജികര്‍ക്ക് കൊമ്പില്ല.. നിയമലംഘനത്തിന്‍റെ കാര്യത്തില്‍ സാധാരണ പൗരനും എംഎല്‍എയ്ക്കും തുല്യപരിഗണനയാണുള്ളത്. എന്നിട്ടും നിയമസഭയില്‍ എംഎല്‍എമാര്‍ക്ക് കുറ്റകൃത്യങ്ങള്‍ക്ക് അനുമതിയുണ്ടെന്നു പറഞ്ഞു കോടതിയില്‍ പോയി പ്രഹരമേറ്റ സര്‍ക്കാരാണിത്. ഇങ്ങനെയൊരു മന്ത്രിയെ ആണോ കേരളത്തിലെ കുട്ടികള്‍ മാതൃകയാക്കേണ്ടതെന്നും സതീശന്‍ ചോദിച്ചു. ഉപനേതാവ് ഡോ. എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരും സംസാരിച്ചു. ഇന്നത്തെ മുഴുവന്‍ നിയമസഭാ നടപടികളും ബഹിഷ്കരിക്കുന്നതായി പ്രതിപക്ഷം അറിയിച്ചു.

Related posts

Leave a Comment