കള്ളം കണ്ടുപിടിച്ചപ്പോൾ സിഎജിക്കെതിരെ മുഖ്യമന്ത്രി ; അപകീർത്തിക്ക് പിന്നിൽ സാഡിസ്റ്റ് മനോഭാവമുള്ളവർ

തിരുവനന്തപുരം: മസാല ബോണ്ടിൽ നിന്ന് സമാഹരിച്ച 200 കോടി രൂപ സ്വകാര്യ ബാങ്കിൽ നിക്ഷേപിച്ചതും അത് പിൻവലിച്ചപ്പോൾ 4.67 കോടി രൂപ ഖജനാവിന് നഷ്ടമുണ്ടായതും ഉൾപ്പെടെയുള്ള ക്രമക്കേടുകൾ സ്പെഷ്യൽ ഓഡിറ്റിലൂടെ ചൂണ്ടിക്കാട്ടിയതിന് പിന്നാലെ സിഎജിക്കെതിരെ മുഖ്യമന്ത്രി രംഗത്ത്. കേരളം ഇന്നു നിൽക്കുന്നിടത്തുനിന്ന് ഒരിഞ്ചു പോലും മുന്നോട്ടു പോകാൻ പാടില്ലെന്ന ഉദ്ദേശ്യമാണു കിഫ്ബിക്കെതിരായ നീക്കങ്ങൾക്കു പിന്നിലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട്. വികസനം ലക്ഷ്യംവച്ചു തുടക്കം കുറിച്ച ഒന്നിനും മുടക്കമുണ്ടാകില്ലെന്നും അതിന്റേതായ വഴിക്കുതന്നെ അവ പോകുമെന്നും രാജ്ഭവനിൽ ചാൻസലേഴ്സ് അവാർഡ് ദാന ചടങ്ങിൽ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, കിഫ്ബിയിലെ ക്രമക്കേടുകളെയും സിഇഒ ആയി കെ.എം എബ്രാഹിമിനെ നിയമിച്ചതിലെ അപകാതകളെയും കുറിച്ച് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ല.
കിഫ്ബിയെ എങ്ങനെയൊക്കെ ഇല്ലാതാക്കാമെന്നും അപകീർത്തിപ്പെടുത്താമെന്നും ശ്രമിക്കുന്നതിന് പിന്നിൽ സാഡിസ്റ്റ് മനോഭാവമുള്ളവരാണെന്ന് മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിന്റെ സാമ്പത്തിക രംഗം അത്രകണ്ടു വിഭവസമൃദ്ധമല്ല. ശേഷിക്കുറവുണ്ട്. ബജറ്റിന്റെ ശേഷിവച്ചു മാത്രം കാര്യങ്ങൾ ചെയ്യാനാവില്ല. അതിനു വേറിട്ട വഴിയിലൂടെ സഞ്ചരിക്കണം. സർക്കാരിന്റെ പണത്തിനൊപ്പം കിഫ്ബിയിലൂടെ നല്ല രീതിയിൽ പണം ചെലവാക്കിയപ്പോഴാണു പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടത്. ഇതിന്റെ നല്ല ഫലം ഇന്നു നാട്ടിലുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തുന്നതിനും കിഫ്ബി സ്രോതസ് ഉപയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തെ വളർച്ചയിൽ കാലത്തിനൊപ്പമുള്ള മാറ്റമുണ്ടാക്കാൻ കേരളത്തിനു കഴിഞ്ഞിരുന്നില്ല. വിദ്യാഭ്യാസ സ്ഥാപനം നടത്തി പണമുണ്ടാക്കാമെന്ന ചിന്താഗതി വളർന്നുവന്നു. ഇതു പൊതുവിദ്യാഭ്യാസ രംഗത്തിനു വലിയ ഉലച്ചിലേൽപ്പിച്ചു. ഇപ്പോൾ കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖല ശക്തിപ്പെട്ടു. ഈ മാറ്റം ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടാകണം. നല്ല രീതിയിൽ സമൂഹം അംഗീകരിക്കുന്ന ഫാക്കൽറ്റി വേണം, മികച്ച പശ്ചാത്തല സൗകര്യമുണ്ടാകണം. ലൈബ്രറി, ലാബ്, ഹോസ്റ്റലുകൾ, മറ്റു സൗകര്യങ്ങൾ തുടങ്ങിയവ സൃഷ്ടിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related posts

Leave a Comment