സർവകലാശാല ഡിജിറ്റൽ ആയി: കുട്ടികൾക്ക് പരീക്ഷ പരീക്ഷണമായി

തൃശൂര്‍: അച്ചടിച്ച ചോദ്യക്കടലാസ് കോളേജുകളില്‍ വിതരണം ചെയ്ത് പരീക്ഷ നടത്തുന്നതിന് പകരം ചോദ്യപേപ്പര്‍ ഡിജിറ്റലായി നല്‍കി പരീക്ഷ നടത്താനുള്ള കാലിക്കറ്റ് സര്‍വ്വകലാശാലയുടെ നീക്കം പാളി. പരീക്ഷ തുടങ്ങേണ്ട സമയമായിട്ടും ചോദ്യപേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഭൂരിഭാഗം കോളേജുകള്‍ക്കും കഴിഞ്ഞില്ല. ഒന്നരമണിക്കൂറിന് ശേഷമാണ് സാങ്കേതിക തടസ്സം പരിഹരിച്ച് എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ചോദ്യ പേപ്പര്‍ ലഭ്യമാക്കിയത്. ഇന്നലെ നടന്ന പി.ജി മൂന്നാം സെമസ്റ്റര്‍ എം.എ/ എം.എസ്.സി/ എം.കോം വിദ്യാര്‍ത്ഥികളാണ് സര്‍വ്വകലാശാലയുടെ പരീക്ഷണത്തില്‍ കുഴങ്ങിയത്. റഗുലര്‍-വിദൂരവിഭാഗത്തിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്നലെ നടന്ന പരീക്ഷ വ്യത്യസ്ത സെന്ററുകളിലായി എഴുതിയത്. കോളേജുകള്‍ക്കായുള്ള സര്‍വ്വകലാശാലയുടെ പൊതുപോര്‍ട്ടലില്‍ ചോദ്യക്കടലാസ് അപ് ലോഡ് ചെയ്യുമെന്നാണ് അറിയിച്ചിരുന്നത്. പ്രിന്‍സിപ്പലിനും ഓഫീസ് അഡ്മിനും പ്രത്യേകം ലോഗിന്‍ വിലാസവും പാസ് വേര്‍ഡുമുണ്ട്. എല്ലാ കോളേജുകളിലും രണ്ട് ഐഡിയും നിശ്ചിത സമയത്തിന് മുന്‍പേ തന്നെ തുറന്നുവെയ്ക്കുകയും ചെയ്തു. ചോദ്യക്കടലാസ് ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുത്തുവേണം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാന്‍. വെള്ളിയാഴ്ച്ചയായതിനാല്‍ ഇന്നലെ രണ്ട് മുതല്‍ അഞ്ച് വരെയായിരുന്നു പരീക്ഷ. രണ്ട് മണിയായിട്ടും ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയാതായതോടെ അധികൃതര്‍ അങ്കലാപ്പിലായി. ചോദ്യപേപ്പര്‍ കാത്ത് പരീക്ഷാ ഹാളിലിരുന്ന വിദ്യാര്‍ത്ഥികളും കാര്യമറിയാതെ കുഴങ്ങി. അതേസമയം ചുരുക്കം ചില കോളേജുകള്‍ ചോദ്യ പേപ്പര്‍ യഥാസമയം ഡൗണ്‍ലോഡ് ചെയ്ത് പരീക്ഷ ആരംഭിക്കുകയും ചെയ്തു. ഇന്നലെ രാവിലെ ട്രയല്‍ റണ്‍ നടത്തുമെന്ന് സര്‍വ്വകലാശാല അറിയിച്ചെങ്കിലും നടന്നില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പ്രിന്‍സിപ്പല്‍ ഐഡി വഴി മാത്രമാണ് പരീക്ഷാ ചോദ്യക്കടലാസ് ലഭിക്കുകയുള്ളൂവെന്നും വ്യാഴാഴ്ച്ച നടന്ന യോഗത്തില്‍ എല്ലാവരേയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ട്രയല്‍ റണ്‍ അന്നു തന്നെ നടത്തിയെന്നുമാണ് സര്‍വ്വകലാശാല പരീക്ഷാ വിഭാഗം അധികൃതര്‍ പറയുന്നത്. എന്നാല്‍ രണ്ട് ഐ.ഡിയും തുറന്നുവെച്ചിട്ടും തങ്ങള്‍ക്ക് ചോദ്യ പേപ്പര്‍ ലഭിച്ചില്ലെന്നാണ് പല കോളേജ് അധികൃതരും പറയുന്നത്. മൂന്നരയോടെ മാത്രമാണ് ചോദ്യ പേപ്പര്‍ അച്ചടിച്ച് പരീക്ഷ ആരംഭിക്കാന്‍ കഴിഞ്ഞത്. ഇവര്‍ക്ക് 6.15 വരെ സമയം നീട്ടി നല്‍കുകയായിരുന്നു.

യൂണിവേഴ്‌സിറ്റി പരീക്ഷാ നടത്തിപ്പ് ഡിജിറ്റലാക്കി മാറ്റുന്നതിന്റെ ഭാഗമായിട്ടാണ് ചോദ്യപേപ്പര്‍ ഡിജിറ്റലായി കോളേജുകള്‍ക്ക് നല്‍കാന്‍ തീരുമാനിച്ചത്. കുട്ടികള്‍ കുറവുള്ള പരീക്ഷകള്‍ക്കാണ് ആദ്യഘട്ടത്തില്‍ ഈ രീതി നടപ്പിലാക്കുന്നത്. നേരത്തെ ബി.എഡ് പരീക്ഷകള്‍ ഇത്തരത്തില്‍ വിജയകരമായി നടപ്പിലാക്കിയിരുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി അധികൃതര്‍ നല്‍കുന്ന വിശദീകരണം.

Related posts

Leave a Comment