നിയമവിദ്യാർഥിനിയുടെ ആത്മഹത്യ: സിഐയെ വെള്ള പൂശി പൊലീസ് റിപ്പോർട്ട്

കൊച്ചി: മോഫിയ കേസിൽ പൊലീസിനെ വെള്ള പൂശുന്ന അന്വേഷണ റിപ്പോർട്ട്. സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണു പൊലീസിന്റെ തന്നെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സുധീറിനെതിരേ കടുത്ത നടപടി ഉണ്ടാകില്ലെന്നാണ് ഉന്നതങ്ങളിൽ നിന്നു ലഭിക്കുന്ന വിവരം.
ആലുവ ഡിവൈഎസ്പി പി.കെ. ശിവൻകുട്ടിക്കായിരുന്നു ഇതു സംബന്ധിച്ച അന്വേഷണ ചുമതല. അദ്ദേഹം അന്വേഷണ റിപ്പോർട്ട് മേഖലാ ഐജിക്കു സമർപ്പിച്ചു. മോഫിയ ആത്മഹത്യ ചെയ്ത കേസിൽ സി.ഐ സുധീറിന് പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് അന്വേഷണ റിപ്പോർട്ടിലുള്ളത്.
മോഫിയ സി.ഐയുടെ മുന്നിൽ വെച്ച് ഭർത്താവ് സുഹൈലിനെ അടിച്ചതിന് ശാസിക്കുക മാത്രമാണുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു.
എന്നാൽ മകളുടെ മരണത്തിന് ആലുവ ഈസ്റ്റ് സിഐ ആയിരുന്ന സുധീറിനു പങ്കുണ്ടെന്നാണ് മോഫിയയുടെ മാതാപിതാക്കൾ പറയുന്നത്. സുധീറിനെ സസ്പെൻഡ് ചെയ്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് കോൺ​ഗ്രസ് നേതാക്കൾ സമരത്തിലാണ്. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് മേഖലാ ഐജി ബെന്നി ബഹനാൻ എംപിക്കും അൻവർ സാദത്ത്, റോജിഎം ജോൺ എന്നീ എംഎൽഎമാർക്കും ഉറപ്പ് നൽകിയിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥനെ വെള്ളപൂശുന്ന തരത്തിൽ റിപ്പോർട്ട് വന്ന സാഹചര്യത്തിൽ സുധീറിനെ സസ്പെൻഡ് ചെയ്യാനുള്ള സാധ്യതയില്ലെന്ന് റൂറൽ പൊലീസ് സൂചന നല‍്കി. സുധീറിനെ ആലുവ സ്റ്റേഷൻ ചുമതലകളിൽ നിന്നു മാറ്റി തിരുവനന്തപുരത്ത് പൊലീസ് ഹെഡ്ക്വാർട്ടേഴ്സിലേക്കു സ്ഥലം മാറ്റിയിരുന്നു.

Related posts

Leave a Comment