തമ്മിലടി, വിഭാ​ഗീയത, സിപിഎം ലോക്കൽ സമ്മേളനം നിർത്തിവച്ചു

പത്തനംതിട്ട: മത്സരവും വിഭാഗീയതയും അതിരൂക്ഷമായ തർക്കവും ഉണ്ടായതിനെ തുടർന്നു സിപിഎം കവിയൂർ ലോക്കൽ സമ്മേളനം നിർത്തി വച്ചു. സംഘർഷം മൂലം കൈയാങ്ക‌ളിയുടെ വക്കോളമെത്തിയപ്പോഴാണ് സമ്മേളനം നിർത്തിവയ്ക്കാൻ നേതൃത്വം തീരുമാനിച്ചത്. പാർട്ടി നിർദേശിച്ച പാനലിനെതിരെ സമ്മേളന പ്രതിനിധികൾ ഒറ്റക്കെട്ടായി അഞ്ചു പേരുകൾ നിർദേശിച്ചതാണ് തർക്കത്തിന് ഇടയാക്കിയത്. മത്സരത്തിനായി മുന്നോട്ടെത്തിയവർ ആരും പിന്മാറാൻ തയ്യാറായില്ല. തുടർന്നാണ് ലോക്കൽ സമ്മേളനം നിർത്തി വയ്‌ക്കേണ്ടി വന്നത്. പത്തനംതിട്ടജില്ലയിൽ ആദ്യമായാണ് ഒരു ലോക്കൽ സമ്മേളനം വിഭാഗീയതയെ തുടർന്നു നിർത്തി വച്ചത്.

സംസ്ഥാന കമ്മിറ്റി അംഗത്തിന്റെ സാന്നിധ്യത്തിലാണ് ഞായറാഴ്ച കവിയൂരിൽ സിപിഎം ലോക്കൽ സമ്മേളനം ആരംഭിച്ചത്. ഇരുവിഭാഗങ്ങൾ തമ്മിൽ അതിരൂക്ഷമായ വിഭാഗീയത നിലനിൽക്കുന്ന സാഹചര്യത്തിൽ പാർട്ടി സംസ്ഥാന ജില്ലാ കമ്മിറ്റി അംഗങ്ങൾ നേരിട്ട് സമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു. എന്നിട്ടും തർക്കം പരിഹരിക്കാൻ കഴിയാതിരുന്നത് വലിയ തിരിച്ചടിയായി. വിഷയം ജില്ലാ കമ്മിറ്റിയിലും സംസ്ഥാന കമ്മിറ്റിയിലും റിപ്പോർട്ട് ചെയ്യും.
സമ്മേളനത്തിൽ അവതരിപ്പിച്ച റിപ്പോർട്ടിന്റെ പേരിലാണ് ആദ്യം തർക്കം തുടങ്ങിയത്. അതു പരിഹരിക്കുന്നതിനു മുൻപ് തന്നെ ജില്ലാ കമ്മിറ്റിയുടെ നിർദേശം മറികടന്ന് ഔദ്യോ​ഗിക പാനലിനെതിരേ അഞ്ചു പേർ മത്സര രം​ഗത്തു വരികയായിരുന്നു. തെരഞ്ഞെടുപ്പ് നടത്തിയാൽ വിമതർ ജയിക്കുമെന്നതായിരുന്നു അവസ്ഥ.

Related posts

Leave a Comment