പൗരത്വ നിയമ ഭേദഗതി സമരം; മുഖ്യമന്ത്രി പറഞ്ഞത് പച്ചക്കള്ളം

ഇതുവരെ പിൻവലിച്ചത് രണ്ടു കേസുകൾ മാത്രം

നിസാർ മുഹമ്മദ്

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്തതിന്റെ പേരിൽ സംസ്ഥാനത്ത് എടുത്ത കേസുകൾ പിൻവലിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ചക്കള്ളമായിരുന്നുവെന്ന് തെളിയിക്കുന്ന രേഖകൾ പുറത്ത്. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ചവർക്കെതിരെ കേരളാ പൊലീസ് രജിസ്റ്റർ ചെയ്തത് 835 കേസുകളാണ്. ഇതിൽ കേവലം രണ്ടെണ്ണം മാത്രമാണ് പിൻവലിച്ചത്. നിയമസഭാ രേഖകളിലാണ് ഇക്കാര്യം ഔദ്യോഗികമായി ചൂണ്ടിക്കാട്ടുന്നത്.
കോഴിക്കോട് റൂറല്‍ പൊലീസാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. ഇവിടെ മാത്രം 103 കേസുകളുണ്ട്. മലപ്പുറത്ത് 93, കോഴിക്കോട് സിറ്റിയില്‍ 56 എന്നിങ്ങനെയാണ് കേസുകള്‍. തിരുവനന്തപുരം സിറ്റി പൊലീസ് 39 കേസുകളെടുത്തപ്പോള്‍ തിരുവനന്തപുരം റൂറലില്‍ 47കേസുകളുണ്ട്. കൊല്ലം സിറ്റി-15, റൂറല്‍ 29, പത്തനംതിട്ട 16, ആലപ്പുഴ 25, കോട്ടയം 26 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകള്‍. ഇടുക്കിയിലും എറണാകുളം സിറ്റിയിലും 17 കേസുകള്‍ വീതം. തൃശൂര്‍ സിറ്റി 66, തൃശൂര്‍ റൂറല്‍ 20, പാലക്കാട് 85, വയനാട് 32, കണ്ണൂര്‍ സിറ്റി 54, കണ്ണൂര്‍ റൂറല്‍ 39, കാസര്‍കോട് 18 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം.
ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് പൗരത്വ നിയമഭേദഗതി, ശബരിമല സ്ത്രീ പ്രവേശനം തുടങ്ങിയ പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചത്. ഇതിന് പിന്നാലെ ഉത്തരവ് ഇറക്കുകയും ചെയ്തു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കാനായിരുന്നു ഉത്തരവിലെ നിര്‍ദ്ദേശം. കേസുകളുടെ നിലവിലെ സ്ഥിതി, സ്വഭാവം എന്നിവ പരിശോധിച്ച്‌ സംസ്ഥാന പൊലീസ് മേധാവി, ജില്ലാ കളക്ടര്‍മാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് തീരുമാനമെടുക്കാമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു. പൊതുമുതല്‍ നശിപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരായ ആക്രമണം, മതസ്പര്‍ദ്ധ വളര്‍ത്താനുള്ള നീക്കം എന്നീ വകുപ്പുകള്‍ ചുമത്തിയ കേസുകള്‍ നിയമോപദേശത്തിന് ശേഷം പിൻവലിച്ചാൽ മതിയെന്നും തീരുമാനിച്ചിരുന്നു. ന്യൂനപക്ഷങ്ങളോടുള്ള സർക്കാരിന്റെ കരുതൽ എന്ന നിലയിലാണ് അന്നത്തെ പ്രഖ്യാപനത്തെ മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. തുടർന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഈ വിഷയം മുഖ്യ അജണ്ടയാക്കി വോട്ടു തേടുകയും ചെയ്തു. എന്നാൽ, കേസുകൾ പിൻവലിക്കേണ്ടെന്ന നിലപാടാണ് തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നത്.

Related posts

Leave a Comment