ഡിസംബറോടെ സിനിമാ തിയേറ്ററുകൾ തുറക്കും: മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡിസംബറോടെ സിനിമാ തിയേറ്ററുകൾ തുറക്കാനാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷയെന്ന് മന്ത്രി സജി ചെറിയാൻ. ടെലിവിഷൻ പുരസ്കാര പ്രഖ്യാപന വേദിയിൽ ഇതുസംബന്ധിച്ച് ഉയർന്ന ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. കുറച്ചു ദിവസത്തിനുള്ളിൽ തന്നെ കേരളത്തിൽ കോവിഡ് നിയന്ത്രണ വിധേയമാകുമെന്നാണ് സൂചനകൾ. അതിന് ശേഷം എല്ലാ മേഖലകളിലും നൽകുന്ന ഇളവുകൾ തിയേറ്ററുകൾക്ക് ഉണ്ടാകും. അടച്ചിട്ട ഹാളുകൾ രോഗ വ്യാപന കേന്ദ്രങ്ങളാകുന്നുവെന്ന വിലയിരുത്തലാണ് ആരോഗ്യ പ്രവർത്തകർ നൽകുന്നത്. ഓഡിറ്റോറിയങ്ങൾക്ക് അനുമതി നൽകാത്തതും ഇക്കാരണത്താലാണ്. തിയേറ്റർ തുറക്കുന്നത് സംബന്ധിച്ച് സിനിമാ പ്രവർത്തകരുമായി സർക്കാർ ചർച്ച നടത്തി. നിലവിലെ സാഹചര്യം അവരെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ടെലിവിഷൻ സീരിയലുകളുടെ നിലവാരത്തകർച്ച സമൂഹത്തിലാകമാനം ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും ഇങ്ങനെ തുടരാനാവില്ല. സീരിയലുകൾ സെൻസർ ചെയ്യണമെന്ന ഒരു അഭിപ്രായം ഉയർന്നുവരുന്നുണ്ട്. എന്നാൽ, ദേശീയ ഫിലിം സെൻസർ ബോർഡ് പോലെ ഒരു സംവിധാനം സംസ്ഥാന തലത്തിൽ രൂപീകരിക്കുന്നതിന് ചില തടസങ്ങളുണ്ട്. സീരിയലുകളിൽ കത്രിക വെയ്ക്കുക എന്നതിന് പകരം നിലവാരമുള്ള പരമ്പരകൾ നിർമ്മിക്കുകയും അവതരിപ്പിക്കുകയും ചെയ്യുന്നതിന് ചാനലുകളെ പ്രോത്സാഹിപ്പിക്കുകയെന്നതാണ് സർക്കാർ നയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment