വിനോദ നികുതി ഒഴിവാക്കി: സിനിമാ തിയേറ്ററുകൾക്ക് ഇളവ്ഷൂട്ടിങുകൾക്ക് പൊതു മാനദണ്ഡം

തിരുവനന്തപുരം: സിനിമാ ടിക്കറ്റിന്റെ വിനോദ നികുതിയിൽ ഉൾപ്പെടെ ഇളവ് പ്രഖ്യാപിച്ച് ലോക്ഡൗണിനെ തുടർന്നുണ്ടായ സിനിമാ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ മന്ത്രിതല ചർച്ചയിൽ തീരുമാനം. തിയേറ്ററുകൾ തുറന്നു പ്രവർത്തിപ്പിക്കുന്നതിനായി സിനിമാ സംഘടനകൾ ഉന്നയിച്ച വിഷയങ്ങൾ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചർച്ച ചെയ്താണ് തീരുമാനമെടുത്തത്. 2021 ഏപ്രിൽ ഒന്നു മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിലേക്കാണ് ഇളവ്. തിയേറ്ററുകൾ അടഞ്ഞു കിടന്ന കാലത്തെ വൈദ്യുതി ഫിക്സഡ് ചാർജിൽ ഇളവുകൾ നൽകും. ഇക്കാലയളവിലെ ഫിക്സഡ് ചാർജിൽ 50 ശതമാനം ഇളവ് നൽകും. ബാക്കി തുക ആറു തവണകളായി അടക്കുവാനും അവസരം നൽകും. കോവിഡ് കാരണം തിയേറ്ററുകൾ അടഞ്ഞുകിടന്ന കാലയളവിലെ കെട്ടിടനികുതി പൂർണമായും ഒഴിവാക്കി നൽകും. ഇതിനായി ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ അപേക്ഷ നൽകണം. ഒരു ഡോസ് വാക്സിനേഷൻ എടുത്തവരെയും തിയേറ്ററുകളിൽ പ്രവേശിപ്പിക്കുവാൻ  തീരുമാനമായി. എന്നാൽ 50 ശതമാനം സീറ്റിങ് കപ്പാസിറ്റി എന്ന നിബന്ധന ആദ്യഘട്ടത്തിൽ തുടരും. ഇക്കാര്യത്തിൽ ഇളവുകൾ അനുവദിക്കുന്ന കാര്യം അടുത്തഘട്ടത്തിൽ ആലോചിച്ചു തീരുമാനം കൈക്കൊള്ളും.
ധനകാര്യസ്ഥാപനങ്ങളിൽ തിയേറ്റർ ഉടമകൾക്കും സിനിമാ സംരഭകർക്കുമുള്ള ലോൺ കടബാധ്യതകൾ തിരിച്ചടക്കുവാൻ മൊറട്ടോറിയം വേണമെന്ന ആവശ്യം ചർച്ച ചെയ്യാൻ സംസ്ഥാനതല ബാങ്കിങ് സമിതി യോഗം വിളിച്ചു ചേർക്കുവാനും യോഗം തീരുമാനിച്ചു. സിനിമാ ഷൂട്ടിങ്ങുകൾക്ക് നിലവിലെ പൊതുമാനദണ്ഡങ്ങൾ പാലിക്കണം. സിനിമാ തിയേറ്ററുകൾ തുറക്കുന്നതിനുള്ള പ്രാരംഭ ചെലവുകൾക്കായി തിയേറ്ററുകൾക്ക് പ്രത്യേക ധനസഹായ പാക്കേജ് നൽകുന്ന കാര്യം പരിശോധിച്ച് തീരുമാനമെടുക്കാൻ ധനകാര്യവകുപ്പിനോട് യോഗം ആവശ്യപ്പെട്ടു. സാധാരണ തിയേറ്ററുകളിൽ സ്ക്രീൻ വിഭജിക്കുമ്പോൾ അധിക വൈദ്യുതി താരിഫ് വരുന്നു എന്ന വിഷയം പഠിച്ചു തീരുമാനം അറിയിക്കാൻ വൈദ്യതി വകുപ്പിനെ യോഗം ചുമതലപ്പെടുത്തി.
മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രിമാരായ സജി ചെറിയാൻ, കെ.എൻ ബാലഗോപാൽ, എം.വി ഗോവിന്ദൻ, വീണ ജോർജ്, കെ. കൃഷ്ണൻ കുട്ടി എന്നിവർ  പങ്കെടുത്തു.

Related posts

Leave a Comment