സിഐ സുധീർ മകളെ മാനസികരോ​ഗിയാക്കിയെന്ന് മോഫിയയുടെ അമ്മ

ആലുവ: സി ഐ സുധീറിനെതിരെ ഗുരുതര ആരോപണവുമായി മൊഫിയയുടെ അമ്മ പ്യാരിയെന്ന ഫാരിസ. സുധീർ മകളോട് മോശമായി സംസാരിച്ചുവെന്നും മനോരോഗിയല്ലേയെന്ന് വരെ ചോദിച്ചുവെന്നുമാണ് അമ്മ പറയുന്നത്. ഈ ചോദ്യം മകളെ മാനസികമായി തകർത്തുകളഞ്ഞുവെന്നാണ് അമ്മ പറയുന്നത്.
മോഫിയ പർവീൺ മരിച്ച സംഭവത്തിൽ ആരോപണ വിധേയനായ സർക്കിൾ ഇൻസ്‌പെക്ടർ സർവീസിൽ തുടരുന്നത് രാഷ്ട്രീയ പിന്തുണയോടെയാണെന്ന് മോഫിയയുടെ അമ്മ ആരോപിച്ചു. ഡിവൈഎഫ്‌ഐ നേതാവിനേയും കൂട്ടിയാണ് മോഫിയയുടെ ഭർത്താവ് സുഹൈൽ സ്റ്റേഷനിൽ എത്തിയത്.
സംഭവ ദിവസം സിഐയുടെ മുന്നിൽ വെച്ച് സുഹൈൽ മോഫിയയെ അപമാനിച്ചു, സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ സംസാരിച്ചിട്ടും സിഐ സുധീർ പ്രതികരിച്ചില്ല. ഒരു പെണ്ണും സഹിക്കാത്ത രീതിയിൽ സംസാരിച്ചത്കൊണ്ടാണ് മോഫിയ സുഹൈലിനെ അടിച്ചതെന്ന് അമ്മ പറയുന്നു. ഇതോടെ നീ മനോരോഗിയല്ലേ എന്ന് ചോദിച്ച് കൊണ്ട് സിഐ മോഫിയക്ക് നേരെ തിരിഞ്ഞു. സിഐയുടെ ഈ പ്രതികരണമാണ് മകളെ മാനസികമായി തകർത്ത് കളഞ്ഞതെന്നാണ് അമ്മ പറയുന്നത്.
നിയമത്തിന് മുന്നിൽ മനോരോഗിയായ തനിക്ക് നീതി കിട്ടില്ലെന്ന് മകൾ പറഞ്ഞു. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് പ്യാരി ആരോപിക്കുന്നത്.
സുഹൈലിനൊപ്പം ഡിവൈഎഫ്‌ഐയുടെ ഒരു നേതാവ് ഉണ്ടായിരുന്നു എന്ന് അവൾ പറഞ്ഞിരുന്നു. അതാരാണെന്ന് അവൾക്കറിയില്ലായിരുന്നു. മൊഫിയയെ അവർ മാനസികരോഗിയാക്കി ചിത്രീകരിച്ചു. മാനസികരോഗിയാണെന്ന് അവർ നിരന്തരം പറഞ്ഞപ്പോൾ ഡോക്ടറുടെ അടുത്ത് പോയിരുന്നു. ഭർത്താവിനാണ് കൗൺസിലിഗ് നൽകേണ്ടതെന്നാണ് ഡോക്ടർ പറഞ്ഞത്. അവളെ അവന്റെ കൂടെ വിടരുതെന്നും പറഞ്ഞു. എല്ലാം നല്ല രീതിയിൽ വരുമെന്ന പ്രതീക്ഷയായിരുന്നു അവസാനം വരെ അവൾക്ക്. മുത്തലാഖ് ചൊല്ലിയതോടെ അവൾ തകർന്നു. മൂന്ന് മാസത്തിനകം അവൻ മറ്റൊരു വിവാഹം ചെയ്യുമെന്നറിഞ്ഞു. അവന്റെ കാൽ പിടിച്ച് എന്നെ ഉപേക്ഷിക്കല്ലേ എന്ന് പറഞ്ഞിട്ടുണ്ട്. എല്ലാം തകർന്നപ്പോഴാണ് മകൾ ആത്മഹത്യ ചെയ്തതെന്നും പ്യാരി കരഞ്ഞുകൊണ്ടു പറഞ്ഞു.

Related posts

Leave a Comment