Connect with us
48 birthday
top banner (1)

Special

”ആയുഷ് ജ്യോതി’ കടല്‍ കടന്ന് ചിഞ്ചുവിന്റെ എണ്ണത്തോണികള്‍

Avatar

Published

on

കൊച്ചി: ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയത്തിലുദിച്ച എണ്ണത്തോണിക്ക് സ്വദേശ വിദേശ വ്യത്യാസമില്ലാതെ വന്‍ ഡിമാന്റാണ്. അരയന്‍കാവ് സ്വദേശി ചിഞ്ചുവിന്റെ എണ്ണത്തോണികള്‍ ഇന്ന് കടല്‍ കടന്ന് ഗള്‍ഫ്  യൂറോപ്യന്‍ രാജ്യങ്ങളില്‍ ഇടംപിടിച്ചു കഴിഞ്ഞു. ഒറ്റത്തടിയില്‍ തീര്‍ത്ത എണ്ണത്തോണികളാണ് ഇവിടുത്തെ പ്രത്യേകത. അരയന്‍കാവ് പുളിക്കാമൂഴിയില്‍ ചിഞ്ചു കൃഷ്ണരാജിന്റെ സ്ഥാപനം നിര്‍മിച്ച എണ്ണത്തോണികള്‍ കടല്‍കടന്ന് ഗള്‍ഫ്-യൂറോപ്യന്‍ രാജ്യങ്ങളിലെത്തിയിരിക്കുകയാണ്.

ആയുര്‍വേദ ആശുപത്രികളിലും സ്പാ സെന്ററുകളിലും ഉപയോഗിക്കുന്ന ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ‘ആയുഷ് ജ്യോതി’, ചിഞ്ചു എന്ന വീട്ടമ്മയുടെ ആശയമാണ്. ഭര്‍ത്താവ് കൃഷ്ണരാജ് ഒപ്പം ചേര്‍ന്നതോടെ പത്ത് വര്‍ഷം മുമ്പ് വീടിനോടുചേര്‍ന്ന് സംരംഭം ആരംഭിച്ചു. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേയ്ക്കും ഇവര്‍ ഉപകരണങ്ങള്‍ എത്തിക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭകരുടെ (എംഎസ്എംഇ) ഉല്‍പ്പന്നങ്ങള്‍ ആഭ്യന്തരവിപണിയിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിട്ട് കളമശേരി കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍ട്രപ്രണര്‍ഷിപ് ഡെവലപ്മെന്റ് (കീഡ്) ക്യാമ്പസില്‍ നടന്ന ‘കമ്യൂണിറ്റി മീറ്റപ്പ് 2022’ സംഗമത്തില്‍ ദമ്പതികള്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചു. ജമ്മുകാശ്മീര്‍ വരെ ചിഞ്ചുവിന്റെ എണ്ണത്തോണികളും ആവിപ്പെട്ടികളും എത്തുന്നുണ്ട്.

Advertisement
inner ad

വാകമരത്തില്‍ ഏഴുമുതല്‍ ഒമ്പതടിവരെ നീളത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണികള്‍ക്ക് 25,000 മുതല്‍ 60,000 രൂപവരെ വില വരും. ഫൈബര്‍ എണ്ണത്തോണിക്ക് 20,000 രൂപയാകും. ധാരയും നസ്യവും ചെയ്യാനുള്ള ഉപകരണങ്ങളും ഇവര്‍ നിര്‍മിക്കുന്നുണ്ട്. കൂടുതലും ഓര്‍ഡര്‍ അനുസരിച്ചാണ്  ചെയ്തു കൊടുക്കുന്നത്. എന്നാല്‍ വിദേശികള്‍ ഇടയ്ക്ക് എത്താറുള്ളതിനാല്‍ ആവിപ്പെട്ടിയും എണ്ണത്തോണികളും എപ്പോഴും കരുതി വെയ്ക്കും.  ആയുര്‍വേദ ചികിത്സയ്ക്കും യോഗയ്ക്കും പ്രചാരം കൈവന്നതോടെ മുന്‍പുളളതിനേക്കാള്‍ ആളുകള്‍ ഇത്തരത്തിലുള്ള സാധനങ്ങള്‍ വാങ്ങാന്‍ എത്താറുണ്ടെന്ന് ചിഞ്ചു പറയുന്നു. ആരോഗ്യ കാര്യങ്ങള്‍ക്ക് വിദേശി സ്വദേശി വ്യത്യാസമില്ല. മുന്‍കാലങ്ങളില്‍ നിന്ന് വിഭിന്നമായി ശരീരത്തിലെ വിഷ വസ്തുക്കളെ നീക്കം ചെയ്യാനായി പഞ്ചകര്‍മ്മ ചികിത്സയില്‍ നിരവധി പേരാണ് താത്്പര്യം പ്രകടിപ്പിക്കുന്നത്.  കോവിഡിനു ശേഷം യുവാക്കള്‍ ഉള്‍പ്പടെയുള്ളവരില്‍ ശ്വസന സംബന്ധമായ പ്രശ്നങ്ങള്‍ കണ്ടു വരുന്നണ്ട്. അതിനാല്‍ തന്നെ അലോപ്പതിയേലേയ്ക്ക് തിരിയാതെ ആയുര്‍വേദം ഫസ്റ്റ് ചോയിസായി തെരഞ്ഞെടുക്കുന്നുണ്ട്. ആയുര്‍വേദ ചികിത്സാ രീതികള്‍ നിഷ്്ക്കര്‍ഷിക്കുന്ന തരത്തില്‍ എണ്ണ തളംകെട്ടി നിര്‍ത്തി ഉപയോഗിക്കാനും ഒഴുക്കിവിടാനും പുനഃരുപയോഗത്തിനും എണ്ണത്തോണിയില്‍ ഫലപ്രദമായി ചെയ്യാന്‍ സാധിക്കും. ഹോട്ടലുകള്‍, സ്പാ സെന്ററുകള്‍ എന്നിവിടങ്ങളില്‍ എണ്ണത്തോണികള്‍ ഉപയോഗിക്കുന്നുണ്ട്. അതു പോലെ തന്നെ ആവിപ്പെട്ടികള്‍ക്കും പ്രചാരമായി കഴിഞ്ഞു.

ശിരോധാരയ്ക്കുള്ള മേശയും ആവി ചികിത്സയ്ക്കുള്ള പെട്ടിയുമെല്ലാം ചിഞ്ചുവിന്റെ പക്കലുണ്ട്. കൂടാതെ, വീട്ടകങ്ങളില്‍ അലങ്കാരമായി വയ്ക്കുന്ന ദാരുശില്‍പ്പങ്ങളും നിര്‍മിക്കുന്നു. ചികിത്സാ ഉപകരണങ്ങള്‍ നിര്‍മിക്കാന്‍ എട്ടുലക്ഷം രൂപയുടെ പുതിയ യന്ത്രസംവിധാനങ്ങള്‍ ‘ആയുഷ് ജ്യോതി’യില്‍ സ്ഥാപിച്ചിട്ടുണ്ട്. ഷിപ്പിങ് കമ്പനിയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷമാണ് കൃഷ്ണരാജ് ഭാര്യയെ സഹായിക്കാന്‍ ഒപ്പം ചേര്‍ന്നത്.

Advertisement
inner ad

കീഡിലെ പരിശീലനം പുതിയ ഊര്‍ജവും അറിവും പകര്‍ന്ന സന്തോഷത്തിലാണ് ചിഞ്ചു. 2013 ലാണ് ഇത്തരത്തിലൊരു ആശയം പ്രാവര്‍ത്തികമാക്കാന്‍ ചിഞ്ചു മുന്നിട്ടിറങ്ങിയത്. 2015ആയപ്പോള്‍ വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു പണിശാല നിര്‍മ്മിച്ചു. ആയുര്‍വേദ ചികിത്സയുടെ ഭാഗമായുള്ള പഞ്ചകര്‍മ ചികിത്സയും ഞവരക്കിഴി, ഇലക്കിഴി, ഉഴിച്ചില്‍, നസ്യം തുടങ്ങിയവയും മരംകൊണ്ടു നിര്‍മ്മിച്ച എണ്ണത്തോണിയില്‍ കിടത്തിയാണു ചെയ്യുന്നത്. ആയുര്‍വേദത്തിനും യോഗയ്ക്കും പ്രചാരമേറിയതോടെ മരത്തില്‍ നിര്‍മിക്കുന്ന എണ്ണത്തോണിക്ക് സ്വദേശത്തും വിദേശത്തും വന്‍ ഡിമാന്റാണ്. ഒരു കാലഘട്ടത്തില്‍ വിദേശിയരെ മാത്രം ആകര്‍ഷിച്ചിരിക്കുന്ന ഇത്തരം സാധനങ്ങള്‍ക്ക് ഇന്ന് സ്വദേശി വിദേശി വ്യത്യാസമില്ല.

വയനാട് ദുരന്തം വില്‍പ്പനയെ സാരമായി ബാധിച്ചെന്ന് ചിഞ്ചു പറയുന്നു. മാത്രമല്ല ഡല്‍ഹി, പൂനെ എന്നിവിടങ്ങളിലെ വെള്ളപ്പൊക്കവും  പൊതുവെ എല്ലാ മേഖലകളും ഇപ്പോള്‍ വളരെ മന്ദഗതിയിലാണ് പോകുന്നത്്. അത് തന്നെയാണ് ഈ മേഖലയേയും ബാധിച്ചിരിക്കുന്നത്. ഡിസംബര്‍ മാസത്തോടെ വിപണിയില്‍ ഒരു ഉണര്‍വുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ചിഞ്ചു.രണ്ട് മക്കള്‍. സോനു അനിരുദ്ദ് കൃഷ്ണ തിരുവനന്തപുരം സൈനീക് സ്‌ക്കൂളില്‍ ഏഴാം ക്ലാസ്സിലും  അനുമിത കൃഷ്ണ അരയന്‍കാവ് യുഎംവിഎം സ്‌ക്കൂളില്‍ ഒന്നാം ക്ലാസ്സിലും പഠിക്കുന്നു.

Advertisement
inner ad

Special

ഒറ്റ ക്ലിക്കില്‍ ‘രാജയോഗം’ ; ഇത് ശലഭം വഴിമാറാത്ത കണ്ണുകള്‍

Published

on

മെഗാപിക്സല്‍ കൂട്ടി മൊബൈല്‍ കാമറയില്‍ ചിത്രങ്ങള്‍ പകര്‍ത്തുമ്പോള്‍ രാജലക്ഷ്മിക്ക് അതൊരു നേരമ്പോക്ക് മാത്രമല്ല. മറിച്ച് ജീവിതത്തിന്റെ ഭാഗം കൂടിയാണ്. ചിത്രശലഭങ്ങളെ പ്രണയിക്കുന്ന രാജലക്ഷ്മിയുടെ ചിത്രങ്ങള്‍ വൈറലായത് തികച്ചും യാദൃശ്ചികമായാണ്. ഒറ്റക്ലിക്കില്‍ രാജലക്ഷ്മി എടുത്ത ഫോട്ടോ എത്തിയത് വൈല്‍ഡ് ഫോട്ടോ ഗ്രാഫേഴ്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പ് കൂട്ടായ്മയില്‍. ആദ്യമായി 7000 രൂപകൊടുത്തു വാങ്ങിയ ഫോണില്‍ എടുത്ത ഫോട്ടോയായിരുന്നു അത്. വീട്ടുമുറ്റത്തെ ചെടിയില്‍നിന്ന് മഞ്ഞപപ്പാത്തി ശലഭത്തിന്റെ പ്യൂപ്പ വിരിയുന്ന ഓരോഘട്ടവും ഫോണില്‍ പകര്‍ത്തി. അത് ഫെയ്സ് ബുക്കില്‍ ഇട്ടു. വൈല്‍ഡ് ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗൈഡായ റെജീവ് തട്ടേക്കാടാണ് ആ ചിത്രം ഫോട്ടോ ഗ്രാഫേഴ്സിന്റെ ഗ്രൂപ്പില്‍ ഇട്ടത്. അതോടുകൂടി ചിത്രം വൈറലായി. മലയാളത്തിലെ പ്രശസ്ത സിനിമാ താരങ്ങള്‍ ഉള്‍പ്പടെ ആ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തപ്പോള്‍ രാജലക്ഷ്മിയുടെ ക്യാമറക്കണ്ണ് നവമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ചു. സാധാരണ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് പകര്‍ത്തിയ ചിത്രമാണ് അതെന്ന് പറഞ്ഞിട്ടും ആരും വിശ്വസിച്ചില്ലെന്ന് രാജലക്ഷമി പറയുന്നു. രാജലക്ഷ്മിയുടെ ചിത്രങ്ങള്‍ ഭൂരിഭാഗവും ശലഭങ്ങളുമായി ബന്ധപ്പെട്ടവയാണ്. വൈവിധ്യമാര്‍ന്ന 150 ശലഭങ്ങളുടെ ചിത്രങ്ങള്‍ രാജലക്ഷ്മി മൊബൈലില്‍ ഫോണില്‍ പകര്‍ത്തിയിട്ടുണ്ട്. അവയുടെ വിവരശേഖരങ്ങളും കണ്ടെത്തി വെച്ചിട്ടുണ്ട്.

മോഹന്‍ലാലിന്റെ ‘നിര്‍ണയം’ സിനിമയിലെ നായികാ കഥാപാത്രം ഡോ. ആനിയുടെ സീനുകള്‍ എടുത്ത് രാജലക്ഷ്മി പെര്‍ഫോം ചെയ്ത വീഡിയോ ഫെയ്സ്ബുക്കില്‍ ഇട്ടപ്പോള്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അഭിനന്ദനം അറിയിച്ച് കമന്റ് ഇട്ടിരുന്നു. സിനിമാ വീഡിയോകളും പാട്ടുകളും അഭിനയിച്ച് ഡബ്സ്മാഷ് ചെയ്യുമ്പോള്‍ സിനിമാ മേഖലയില്‍ ഉള്‍പ്പടെയുള്ളവരുടെ നല്ല പ്രോത്സാഹനമാണ് സോഷ്യല്‍ മീഡിയയിലൂടെ ലഭിക്കുന്നതെന്ന് രാജലക്ഷ്മി പറയുന്നു. ഇത് വരെ 555 ഗാനങ്ങള്‍ രാജലക്ഷ്മി ലിപ്പ് ചെയ്തു. ആരേയും ആശ്രയിക്കാതെ ജീവിക്കുന്നതിനോടൊപ്പം അറിയപ്പെടുന്ന നര്‍ത്തകിയായി പേരെടുക്കണമെന്നാണ് രാജലക്ഷ്മിയുടെ ചെറുപ്പം മുതലുള്ള ആഗ്രഹം. സരോജിനി തായങ്കരിയാണ് ആദ്യകാലത്ത് നൃത്തം പഠിപ്പിച്ചത്. പിന്നീട് നൃത്താധാപിക കൂടിയായ ചേച്ചി സ്മിതയുടെ കീഴിലായിരുന്നു പഠനം. ചേച്ചിയുടെ മരണശേഷം സിനിമാതാരം ശരണ്യാമോഹന്റെ മാതാപിതാക്കള്‍ നടത്തുന്ന വൈകെബി അക്കാദമിയില്‍ ചേര്‍ന്ന് നൃത്ത പഠനം തുടര്‍ന്നു.

ഭരതനാട്യം, നാടോടിനൃത്തം എന്നിവയില്‍ സ്‌കൂള്‍, കോളേജ് തലങ്ങളില്‍ മിന്നുന്ന പ്രകടനങ്ങളാണ് കാഴ്ചവെച്ചത്. ഇപ്പോള്‍ ചലച്ചിത്രതാരം വിനീതിന്റെ കീഴില്‍ ഭരതനാട്യം അഭ്യസിച്ച് വരികയാണ്. ഇതിനിടയില്‍ രാജലക്ഷ്മി വയലിന്‍ പഠനവും പൂര്‍ത്തിയാക്കി. ഇത് കൂടാതെ മ്യൂറല്‍പെയ്ന്റിങ്, വോള്‍ പെയ്ന്റിങ് എന്നിവയും തനിക്ക് വഴങ്ങുമെന്ന് രാജലക്ഷ്മി തെളിയിക്കുകയും ചെയ്തു. വനം വകുപ്പിന്റെ മാസികയായ അരണ്യത്തില്‍ രാജലക്ഷ്മി വരച്ച ചിത്രം കവര്‍പേജ് ആയി വന്നിട്ടുണ്ട്. പരേതനായ കെഎസ്ആര്‍ടിസി ജീവനക്കാരന്‍ രാജപ്പനാണ് പിതാവ്. അമ്മ രാജമ്മ.

Advertisement
inner ad
Continue Reading

Kerala

വന്യജീവി ആക്രമണം, ഭൂനികുതി വര്‍ധന…..
ഇടത് മുന്നണിയില്‍ ജോസ് കെ.മാണി വിഭാഗത്തിന്റെ അടിത്തറ ഇളകുന്നു

Published

on


കോട്ടയം:വന്യജീവി ആക്രമണങ്ങള്‍ തടയുന്നതില്‍ സര്‍ക്കാരിന്റെ പിടിപ്പുകേടും മദ്യനയവും ഭൂനികുതി വര്‍ധനയുമെല്ലാം കൂടി ഇടത് മുന്നണിയില്‍ കേരളാകോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുന്നു. കാര്‍ഷികമേഖലയെ പാടെ തഴഞ്ഞ ബജറ്റ് കേരളാ കോണ്‍ഗ്രസിന്റെ അണികളെ പോലും വലിയ നിരാശയിലാക്കി. ഈ വിഷയങ്ങളിലെല്ലാം സഭയും സാമൂഹ്യസംഘടനകളും നിലപാട് കടുപ്പിച്ചതോടെ കേരളാ കോണ്‍ഗ്രസ് ഇതുവരെ ഉണ്ടാകാത്ത പ്രതിസന്ധിയാണ് നേരിടുന്നത്. വിവാദമായ വനനിയമ ഭേദഗതിക്ക് പിന്നാലെയാണ് സര്‍ക്കാരിന്റെ മദ്യനയവും ഭൂനികുതി വര്‍ധനയുമെല്ലാം കൂടി ഇടത് മുന്നണിയില്‍ കേരളാകോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുന്നത്. മാനദണ്ഡങ്ങളൊക്കെയും കാറ്റില്‍ പറത്തി വിവാദ കമ്പനിക്ക് മദ്യനിര്‍മ്മാണത്തിന് പാലക്കാട്ട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റിന് അനുവാദം നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ ലാഭക്കച്ചവടം ജോസ് കെ.മാണിക്ക് നഷ്ടക്കച്ചവടമാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ അടക്കം പറച്ചില്‍. കുടിവെള്ള ക്ഷാമം രൂക്ഷമായ പാലക്കാട് ബ്രൂവറി, ഡിസ്റ്റിലറി യൂണിറ്റിന് രഹസ്യമായി അനുവാദം നല്‍കിയ സര്‍ക്കാര്‍ നടപടിക്കെതിരെ ഇടത് മുന്നണിയില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും മിണ്ടാട്ടമില്ലാത്ത ജോസ് കെ.മാണി അടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന് എതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ ശക്തമായ വിമര്‍ശനമാണ് ഉയരുന്നത്.

ബജറ്റില്‍ റബര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക മേഖലയെ തഴഞ്ഞതിനും ഭൂനികുതിയുടെ പേരില്‍ കര്‍ഷകരെ കൊള്ളയടിക്കാനുള്ള നീക്കത്തിലും കേരളാ കോണ്‍ഗ്രസിന് വിശദീകരണമില്ല. ഈ വിഷയങ്ങളിലെല്ലാം സംസ്ഥാനത്തെ പൊതുവികാരം മനസിലാക്കുന്നതില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതായാണ് പ്രവര്‍ത്തകരുടെ വിലയിരുത്തല്‍. കാര്‍ഷികമേഖലയെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഭൂനികുതി വര്‍ധനക്കെതിരെ കര്‍ഷകര്‍ വലിയ പ്രതിഷേധത്തിലേക്കാണ് നീങ്ങുന്നത്. സംസ്ഥാനത്ത് ലഹരി വ്യാപനം പ്രോത്സാഹിപ്പിക്കുന്ന സര്‍ക്കാര്‍ നടപടിക്ക് ഇപ്പോള്‍ സി.പി.എമ്മിന് ആകെ പിന്തുണ കേരളാകോണ്‍ഗ്രസ് മാത്രമാണ്. കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷനും മദ്യവിരുദ്ധ സമിതി, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് അടക്കം ഒട്ടേറെ പ്രസ്ഥാനങ്ങളും സംഘടനകളും കേരളത്തില്‍ മദ്യമൊഴുക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്ത് എത്തിയിട്ടും ജോസ് കെ.മാണിയും മന്ത്രി റോഷി അഗസ്റ്റിനും സര്‍ക്കാരിന് പിന്തുണ നല്‍കുന്നത് പാര്‍ട്ടിക്കുള്ളിലും വലിയ വിമര്‍ശനമാണ് ഉയര്‍ത്തിയത്. നിരവധി കര്‍ഷക സംഘടനകളും മദ്യ ഉത്പ്പാദന കമ്പനിയുടെ വരവിനെതിരെ പരസ്യമായി സമരരംഗത്തുണ്ട്. രാഷ്ട്രീയം മറന്ന് പ്രതിപക്ഷത്തിനൊപ്പം ജനങ്ങളൊന്നടങ്കം സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിക്കുമ്പോഴാണ് വിഷയത്തില്‍ ജോസ് കെ.മാണി മൗനം പാലിക്കുന്നത്. വിവാദ കമ്പനിക്ക് പാലക്കാട് മദ്യനിര്‍മ്മാണ പ്ലാന്റ് അനുവദിക്കാനുള്ള നീക്കത്തിനെതിരെ സി.പി.ഐയാണ് മുന്നണിക്കുള്ളില്‍ ശക്തമായ എതിര്‍പ്പുമായി ആദ്യം രംഗത്ത് വന്നത്.

Advertisement
inner ad

പിന്നാലെ മറ്റ് ഘടകക്ഷികളും ജനവികാരം മനസിലാക്കി സി.പി.എമ്മിനെതിരെ രംഗത്ത് വരാന്‍ ധൈര്യം കാട്ടി. കേരളാ കോണ്‍ഗ്രസിന് മാത്രമാണ് ഈ ജനവിരുദ്ധ വിവാദ ഇടപാടില്‍ മിണ്ടാട്ടമില്ലാത്ത്. സി.പി.എമ്മിനെ പിണക്കാന്‍ ജോസ് കെ.മാണിക്കുള്ള മടിയാണ് കാരണമെന്നാണ്് പ്രവര്‍ത്തകരുടെ വികാരം. നവകേരള യാത്രയുമായി പാലായിലെത്തിയ മുഖ്യമന്ത്രിക്ക് മുന്നില്‍ റബര്‍ വിലയിടിവ് അടക്കമുള്ള വിഷയങ്ങള്‍ ഉന്നയിച്ച തോമസ് ചാഴികാടനെ പരസ്യമായി അധിക്ഷേപിച്ച അനുഭവം പേടിച്ചാണ് മന്ത്രി റോഷിയും ജോസും മിണ്ടാത്തതെന്നും പറയുന്നവരുണ്ട്. കേരളത്തില്‍ ഏറ്റവുമധികം നെല്‍കൃഷിയുള്ള പാലക്കാട്ട് കൃഷിക്ക് പോലും തികയാത്ത വെള്ളം മദ്യനിര്‍മ്മാണത്തിന് ഉപയോഗിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തില്‍ ജോസ് കെ.മാണിക്ക് യാതൊരു അപാകതയും തോന്നുന്നില്ലേയെന്നാണ് പ്രവര്‍ത്തകരുടെ സംശയം. കര്‍ഷകര്‍ക്കും കാര്‍ഷികമേഖലയ്ക്കും സഹായകരമായ യാതൊരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍ മദ്യനിര്‍മ്മാണത്തിന് വഴി വിട്ട സഹായങ്ങള്‍ നല്‍കാനുള്ള മന്ത്രിസഭാ തീരുമാനത്തില്‍ റോഷി അഗസ്റ്റിന്റെ നിലപാടിലും പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. പാലക്കാട് ചട്ടവിരുദ്ധമായി ഡിസ്റ്റിലറി ആരംഭിക്കാന്‍ വിവാദ കമ്പനിക്ക് അനുവാദം നല്‍കിയ സര്‍ക്കാര്‍ ടൂറിസത്തിന്റെ മറവില്‍ 74 വൈന്‍ പാര്‍ലര്‍ അനുവദിച്ചതിലും കേരളാ കോണ്‍ഗ്രസിന് പ്രതികരണമില്ല. മാനദണ്ഡങ്ങളൊന്നും പാലിക്കാതെയാണ് വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍ 74 ബിയര്‍ പാര്‍ലര്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തിരക്കിട്ട് അനുവാദം നല്‍കിയത്. മുന്നണിയിലെ രണ്ടാം സ്ഥാനത്തിനായി സി.പി.ഐയുമായി പലപ്പോഴും കൊമ്പു കോര്‍ത്തിട്ടുള്ള കേരളാ കോണ്‍ഗ്രസ് ഇത്തവണ സി.പി.ഐ ഗോളടിക്കുന്നത് നോക്കി നില്‍ക്കേണ്ട ഗതികേടിലാണ്.

സി.പി.ഐയ്ക്ക് പിന്നാലെ മറ്റ് ചെറിയ ഘടകകക്ഷികളും ജനവികാരം എതിരാണെന്ന് ബോധ്യമായതോടെ വിഷയത്തില്‍ പരസ്യമായ പ്രതിഷേധം അറിയിച്ചുകഴിഞ്ഞു. മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ജനതാദളും ആര്‍.ജെ.ഡിയും ബ്രൂവറി വിഷയത്തില്‍ എതിര്‍പ്പ് പരസ്യമായി തന്നെ സി.പി.എമ്മിനെ അറിയിച്ചു. അപ്പോഴും കേരളാ കോണ്‍ഗ്രസിന് മാത്രമാണ് മിണ്ടാട്ടമില്ലാത്തത്. കെ.സി.ബി.സി മദ്യവിരുദ്ധ കമ്മീഷന്‍, മദ്യവിരുദ്ധ സമിതി, നിലയ്ക്കല്‍ എക്യുമെനിക്കല്‍ ട്രസ്റ്റ് അടക്കം ഒട്ടേറെ പ്രസ്ഥാനങ്ങള്‍ വിഷയത്തില്‍ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതികരിക്കുക മാത്രമല്ല പ്രതിഷേധ സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്തു

Advertisement
inner ad
Continue Reading

Kerala

കാട്ടുപോത്ത് അനാഥമാക്കി രണ്ട് കുടുംബങ്ങള്‍;കണമലയില്‍ വാഗ്ദാനങ്ങള്‍ മറന്ന് സര്‍ക്കാര്‍

Published

on

കോട്ടയം: സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ ദുരന്തവാര്‍ത്തകള്‍ ഒരോ ദിവസവും പുറത്തുവരുമ്പോള്‍ കണമലയില്‍ കാട്ടുപോത്ത് അനാഥരാക്കിയ രണ്ടു കുടുംബങ്ങളില്‍ നിശബ്ദമായ നിലവിളി ഉയരും. അടുത്തടുത്ത് വീടുകളും സ്ഥാപനങ്ങളുമുള്ള ഈ പ്രദേശത്ത് അപ്രതീക്ഷിതമായി എത്തിയ കാട്ടുപോത്ത് രണ്ട് പേരുടെ ജീവനെടുത്തതിന്റെ ഭീതി ഇപ്പോഴും വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും വിട്ടുമാറിയിട്ടില്ല. കേരളത്തെ നടുക്കിയ കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട രണ്ടു കര്‍ഷകരുടെ കുടുംബങ്ങളാണ് നടുക്കം മാറാതെ ഇവിടെ കഴിയുന്നത്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ജോലി നല്‍കാമെന്ന സര്‍ക്കാര്‍ വാഗ്ദാനം രണ്ട് വര്‍ഷമാകുമ്പോഴും നടപ്പായിട്ടില്ല. കണമലയില്‍ വീടിന്റെ മുന്‍വശത്ത് രാവിലെ പത്രം വായിച്ചു കൊണ്ടിരുന്ന പുറത്തേല്‍ ചാക്കോച്ചന്‍ (65), അടുത്തുള്ള റബര്‍ തോട്ടത്തില്‍ ഉണ്ടായിരുന്ന പ്ലാവിനാകുഴിയില്‍ തോമസ് ആന്റണി (65) എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ അന്ന് കൊല്ലപ്പെട്ടത്. 2023 മെയ് 19 നായിരുന്നു നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന്‍മാര്‍ പോയതോടെ രണ്ട് കുടുംബങ്ങളാണ് അനാഥമായത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച 10 ലക്ഷം രൂപ മാത്രമാണ് ഇതുവരെ ഈ രണ്ട് കുടുംബത്തിനും ആകെ ലഭിച്ച സഹായധനം. മരിച്ചവരുടെ കുടുംബാംഗത്തിന് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന് മന്ത്രിയും ജനപ്രതിനിധികളും അന്ന് ഉറപ്പ് നല്‍കിയെങ്കിലും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ഇവര്‍ പറഞ്ഞു. നാട്ടുകാരുടെ പ്രക്ഷോഭത്തിന് അയവ് വന്നപ്പാള്‍ വാഗ്ദാനങ്ങളൊക്കെ സര്‍ക്കാരും മറന്നു. സര്‍ക്കാര്‍ ജീവനക്കാരുടെ മക്കള്‍ക്ക് മാത്രമേ ജോലി നല്‍കാന്‍ പറ്റുകയുള്ളൂ എന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ ലഭിച്ച മറുപടിയെന്ന് ചാക്കോയുടെ ഭാര്യ ആലീസ് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ നവകേരള യാത്രയില്‍ ഇക്കാര്യങ്ങള്‍ ഉന്നയിച്ച് നിവേദനം നല്‍കിയെങ്കിലും നടപടി ഒന്നും ഉണ്ടായില്ല. പരാതി ലഭിച്ചു എന്ന മറുപടിയാണ് ആകെ ലഭിച്ചത്. വന്യജീവി ആക്രമണത്തില്‍ കര്‍ഷകരുടെ കുടുംബം അനാഥമായാല്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലേ എന്നാണ് ഇവരുടെ ചോദ്യം. കൃഷി മാത്രമായിരുന്നു ഈ രണ്ട് കുടുംബങ്ങളുടെയും ആകെയുള്ള വരുമാനമാര്‍ഗം. എന്നാല്‍ കുടുംബനാഥന്‍മാരുടെ അപ്രതീക്ഷിത വേര്‍പാട് ഈ കുടുംബങ്ങളെ വലിയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടത്. അന്നത്തെ ഭീതിപ്പെടുത്തുന്ന രംഗങ്ങള്‍ വിവരിക്കുമ്പോള്‍ പുറത്തേല്‍ ചാക്കോച്ചന്റെ ഭാര്യ ആലീസിന് ഇപ്പോഴും നടുക്കം മാറുന്നില്ല. രാവിലെ ആറരയായി കാണും. സിറ്റൗട്ടില്‍ പത്രം വായിച്ചുകൊണ്ടിരുന്ന ചാക്കോച്ചന് കാപ്പികൊടുത്തശേഷം തിരികെ അടുക്കളയിലേക്ക് വരുമ്പോഴാണ് എന്തോ വീഴുന്ന ശബ്ദവും ആരോ കരയുന്നതുപോലെയുളള ഒച്ചയും കേട്ടത്. കണമല വളവില്‍ സധാരണ വാഹനഅപകടങ്ങള്‍ പതിവായതിനാല്‍ ശബ്ദം കേട്ടപ്പോള്‍ ആലീസ് അടുക്കളയില്‍ നിന്നും പുറത്തിറങ്ങി റോഡിലേക്കാണ് ആദ്യം നോക്കിയത്. റോഡില്‍ ഒന്നും കാണാതിരുന്നതിനാല്‍ വീടിന്റെ സൈഡില്‍ കൂടി സിറ്റൗട്ടിലേക്ക് വരുമ്പോഴാണ് ഭര്‍ത്താവ് ചാക്കോച്ചന്‍ സിറ്റൗട്ടില്‍ കമിഴ്ന്ന് കിടക്കുന്നത് കാണുന്നത്. എന്തുപറ്റിയെന്ന് ചോദിച്ചപ്പോഴാണ് കാട്ടുപോത്ത് കുത്തിയെന്ന് പറയുന്നത്. ആലീസിന്റെ നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിക്കൂടി ആശുപത്രിയിലേയ്്്ക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാട്ടുപോത്ത് ചാക്കോച്ചനെ ആക്രമിക്കാന്‍ വന്നപ്പോള്‍ ചാക്കോച്ചന്റെ കൊച്ചുമകള്‍ ഹന്ന മുറ്റത്ത് കളിക്കുന്നുണ്ടായിരുന്നു. ഭാഗ്യത്തിനാണ് ഹന്ന കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും രക്ഷപെട്ടത്. ചാക്കോച്ചനെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനിടയാണ് അയല്‍വാസിയായ പ്ലാവിനാല്‍കുഴിയില്‍ തോമസ് ആന്റണിയെയും കാട്ടുപോത്ത് ആക്രമിച്ചതായി അറിയുന്നത്. വീടിന്റെ മുന്നിലെ റബര്‍ തോട്ടത്തില്‍ വെച്ചായിരുന്നു തോമസിനെ കാട്ടുപോത്ത് ആക്രമിച്ചത്. തോമസിനെ കുത്തിയശേഷം ഓടിയ പോത്ത് താഴെയുള്ള ചാക്കോയുടെ വീട്ടുമുറ്റത്തേക്കാണ് ചാടിയത്. ഈ ചാട്ടത്തിലാണ് ചാക്കോയെ കുത്തിവീഴ്ത്തിയത്. തുടര്‍ന്ന് റോഡിലിറങ്ങിയ പോത്ത് നിരവധി കുട്ടികളടക്കം സ്‌കൂളിലേക്ക് പോകുന്ന സമയത്താണ് അതുവഴി കടന്ന് പോയത്. ജനവാസ മേഖലയായ എരുമേലി, കണമല റോഡില്‍ കണമല ജംഗ്ഷന് തൊട്ടടുത്തു തന്നെയാണ് ഇവരുടെ വീട്. അടുത്തടുത്തായി ഒട്ടേറെ വീടുകളുള്ള ഇവിടെ കാട്ടുപോത്ത് എത്തിയതാണ് നാട്ടുകാരെ ഇപ്പോഴും ഭീതിപ്പെടുത്തുന്നത്.
വീണ്ടും വന്യജീവി ആക്രമണം ഉണ്ടാകുമോയെന്ന ഭീതിയിലാണ് ഈ കുടുംബങ്ങള്‍. അമ്മയെ തനിച്ച് താമസിപ്പിക്കാന്‍ രണ്ട് പെണ്‍മക്കള്‍ക്കും ഭയമായതിനാല്‍ പ്ലാവിനാകുഴിയില്‍ തോമസിന്റെ ഭാര്യ ലൈസാമ്മ മിക്കപ്പോഴും മക്കളുടെ കൂടെയാണ് ഇപ്പോള്‍ താമസം. വന്യജീവി ആക്രമണം ഭയന്ന് അയല്‍പക്കത്തുണ്ടായിരുന്ന പല വീട്ടുകാരും കൂടുതല്‍ സുരക്ഷിതപ്രദേശങ്ങളിലേക്ക് താമസം മാറിയതായി ഇവര്‍ പറഞ്ഞു. റബര്‍ കൃഷി ആയിരുന്നു ആകെയുള്ള വരുമാനം. റബര്‍ വെട്ടാന്‍ ആളെ കിട്ടാനില്ലാതെ വന്നതോടെ പ്രതിസന്ധിയിലാണ് 38 വര്‍ഷമായി ഇവിടെ താമസക്കാരായ ഈ കുടുംബങ്ങളൊക്കെയും. കുവൈറ്റില്‍ ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ച് നാട്ടിലെത്തിയ മകള്‍ ടീന ഒപ്പമുള്ളതാണ് ആലീസിന് ഏകആശ്വാസം. പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ നേതൃത്വത്തില്‍ മലയോരജനതയുടെ രക്ഷക്കായി നടത്തുന്ന മലയോരസമര യാത്രയെ വളരെ പ്രതീക്ഷയോടെയാണ് ഇവരൊക്കെയും നോക്കികാണുന്നത്.

Continue Reading

Featured