Connect with us
48 birthday
top banner (1)

Qatar

ഏഷ്യന്‍ കപ്പ് ഫൈനല്‍ നിയന്ത്രിക്കാന്‍ ചൈനക്കാര്‍

Avatar

Published

on

ദോഹ: ശനിയാഴ്ച ലുസൈല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ഖത്തര്‍ ജോര്‍ഡന്‍ ഏഷ്യന്‍ കപ്പ് മത്സരം ചൈനക്കാരനായ മാ നിങ് നിയന്ത്രിക്കും. സു ഫെ, ഴാങ് ചെങ്, ഫു മിങ് എന്നിവരാണ് സഹ റഫറിമാര്‍. ഇതാദ്യമായാണ് വന്‍കരയുടെ കലാശപ്പോരാട്ടം നിയന്ത്രിക്കാനുള്ള ചുമതല ചൈനീസ് സംഘത്തിലെത്തുന്നത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാന്‍ -ഇറാന്‍, ജോര്‍ഡന്‍-തജികിസ്താന്‍ മത്സരങ്ങളും ചൈനീസ് നാല്‍വര്‍ സംഘം നിയന്ത്രിച്ചിരുന്നു.2011 മുതല്‍ ഫിഫ ലിസ്റ്റഡ് റഫറിയായ മാ നിങ് 2019 ഏഷ്യന്‍ കപ്പ് മത്സരങ്ങളുടെയും ഭാഗമായിരുന്നു. 2022 ലോകകപ്പ് ഫുട്ബാളിനുള്ള 36 അംഗ പട്ടികയിലും ഇദ്ദേഹമുണ്ടായിരുന്നു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Dubai

ഖത്തറിലെ വധശിക്ഷ: ഇന്ത്യയുടെ അപ്പീലിന് അനുമതി

Published

on

ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോ​ഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.

ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.

Advertisement
inner ad
Continue Reading

Featured

ഗാസയിലെ കൂട്ടക്കുരുതിയും
ഇന്ത്യയുടെ ഒഴിഞ്ഞുമാറ്റവും

Published

on

രമേശ് ചെന്നിത്തല

പലസ്തീൻ ജനതയുടെ ജന്മനാട്ടിൽ സ്വയം രാജ്യമുണ്ടാക്കി സാമ്രാജ്യത്വശക്തികളുടെ സഹായത്തോ‌ടെ വേരുറപ്പിച്ച ഇസ്രയേൽ ലോകചരിത്രത്തിലെ അതിക്രൂരമായ മനുഷ്യവേട്ടയാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഒരു മാസത്തിനുള്ളിൽ പതിനായിരത്തലധികം പേരെ കാലപുരിക്കയച്ചു. ലക്ഷക്കണക്കിന് ആളുകൾക്കു മുറിവേറ്റു. അതിന്റെ അനേകമിരട്ടി ആളുകൾ വഴിയാധാരമാക്കപ്പെട്ടു. ഏഴു പതിറ്റാണ്ടുകൾക്കിടെ പലവട്ടം പലരൂപത്തിൽ പലസ്തീൻ ജനതയുടെ സമാധാനജീവിതത്തെ നരകതുല്യമാക്കിയതിന്റെ ഒടുവിലത്തെ കാഴ്ചകള്ളാണ് ഇപ്പോൾ അവിടെ നടക്കുന്ന മനുഷ്യക്കുരുതി. മനുഷ്യത്വമുള്ള ആരെയും അമ്പരപ്പിക്കുകയും ആരുടെയും ഹൃദയം തകർക്കുകയും ചെയ്യുന്ന ഈ വേട്ടക്കെതിരേ വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും പ്രതികരിക്കുക എന്നത് ലോകമനസ്സാക്ഷിയുടെ ദൗത്യമായി മാറിയിരിക്കുന്നു.


ഗാസയിലെ ജനിൻ അഭയാർഥി ക്യാംപിൽ ഇസ്രയേൽ നടത്തിയ വ്യോമ റെയ്ഡിൽ പരുക്കേറ്റ് പലായനം ചെയ്യുന്ന അമ്മമാരുടെ ഒക്കത്തിരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ ചോരയൊലിക്കുന്ന മുഖം ടെലിവിഷനിൽ കണ്ടുകൊണ്ടാണ് ഈ കുറിപ്പ് തയാറാക്കിയത്. അങ്ങനെ നെഞ്ചുപിടയ്ക്കുന്ന എത്രയെത്ര കാഴ്ചകളാണ് ഗാസയിൽ നിന്ന് ഓരോ ദിവസവും വന്നുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഗാസയിൽ 4,237 കുഞ്ഞുങ്ങൾ മാത്രം മരിച്ചെന്നാണ് കണക്ക്. ഓരോ ദിവസവും ശരാശരി 134 പിഞ്ചു കുഞ്ഞുങ്ങൾ ഇസ്രയേലിന്റെ വ്യോമാക്രമണങ്ങളിൽ മരിച്ചു വീഴുന്നു. പലസ്തീൻ- ഇസ്രയേൽ യുദ്ധത്തിൽ കൊല്ലപ്പെടുന്നവരുടെ 40 ശതമാനവും കൊച്ചു കുട്ടികളാണ്. ഭാവിയുടെ പ്രതീക്ഷകളെ, പലസ്തീന്റെ നാളെയുടെ ഊർജ്ജത്തെ ഉന്നം വച്ചു കൊന്നൊടുക്കുകയാണ് ഇസ്രയേൽ. ക്രൂരമായ ഈ യുദ്ധക്കെടുതി വിലയിരുത്തി, ഗാസ മേഖലയെ കുഞ്ഞുങ്ങളുടെ ശ്മശാനമെന്നാണ് ഐക്യ രാഷ്ട്രസഭാ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വിശേഷിപ്പിച്ചത്.

അന്റോണിയോ ഗുട്ടെറസ്

മോദിയുടെ മനംമാറ്റം ഇന്ത്യക്കേറ്റ കളങ്കം നിരുപാധിക വെടിനിർത്തലും യുദ്ധവിരാമവുമാണ് ഐക്യ രാഷ്ട്ര സഭാ തലവൻ മുതൽ ഫ്രാൻസിസ് മാർപ്പാപ്പ വരെ ഇസ്രയേലിനോട് ആവശ്യപ്പെടുന്നത്. എന്നാൽ എല്ലാ അഭ്യർഥനകളും തള്ളിയ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, യുദ്ധം തീർന്നാലും ഗാസ വിടില്ലെന്നാണ് ഇപ്പോൾ പറയുന്നത്. അതായത് ഗാസയിൽ പലസ്തീനികളുടെ തീരാദുരിതം തുടരുമെന്നുറപ്പ്. മറ്റൊരാളുടെ പറമ്പിൽ കയറി വീടുവച്ചിട്ട്, യഥാർത്ഥ വീട്ടുകാർ ഇറങ്ങിപ്പോകുന്നതുവരെ സമാധാനം തരില്ല എന്നു പറയുന്നതുപോലെ വിചിത്രമായ വാദമാണ് നെതന്യാഹു നടത്തുന്നത്.
ഗാസയിൽ മാത്രമല്ല, ഒട്ടേറെ നിരപരാധികൾ ഇസ്രയേലിലും കൊല്ലപ്പെട്ടത് നാം കണ്ടതാണ്. അതുകൊണ്ടു തന്നെ, മേഖലയിൽ ഏറ്റവും അവശ്യം വേണ്ടത് വെടിനിർത്തലും സമാധാനവുമാണ്. പിന്നാലെ നിഷ്ചപക്ഷരും നീതിമാന്മാരുമായ മധ്യസ്ഥരുടെ സാന്നിധ്യത്തിൽ, അന്താരാഷ്ട്ര മര്യാദകളും യുഎൻ പ്രമേയങ്ങളും മാനിച്ചുകൊണ്ട് വ്യവസ്ഥാപിതമായ ചർച്ച; അതിലൂടെ പലസ്തീൻ- ഇസ്രയേൽ സംഘർഷത്തിന് ശാശ്വതമായ രാഷ്ട്രീയ പരിഹാരവും.
ഇക്കാര്യത്തിൽ ഇന്ത്യക്കു വലിയ പങ്ക് വഹിക്കാനുണ്ട്. എന്നാൽ ദൗർഭാഗ്യവശാൽ ഇന്ത്യ ഏകപക്ഷീയമായ രാഷ്ട്രീയ നിലപാടെടുത്തിരിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസയേലിനു പൂർണ പിന്തുണ പ്രഖ്യാപിച്ച്, പലസ്തീനെ പിന്തള്ളി. തന്നെയുമല്ല, ഇസ്രയേൽ- ഹമാസ് യുദ്ധം ഉടനടി അവസാനിപ്പിക്കണമെന്ന ഐക്യ രാഷ്ട്ര പ്രമേയത്തിന്മേൽ നടത്തിയ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടു നിൽക്കുകയും ചെയ്തു. ഇത് ഇന്ത്യ ഇക്കാലമത്രയും പുലർത്തിപ്പോന്ന രാഷ്ട്രീയ നിലപാടുകൾക്ക് വിരുദ്ധമാണ്. പലസ്തീൻ ജനതയോടുള്ള അവഹേളനമാണ്. അതുകൊണ്ടു തന്നെയാണ് ലോകരാജ്യങ്ങൾ പലതും ഇന്ത്യയെ വിമർശിച്ചു രംഗത്തു വന്നിരിക്കുന്നത്. ഇന്ത്യക്കകത്തും നരേന്ദ്ര മോദിക്കെതിരായ കടുത്ത വിമർശനങ്ങളുയരുന്നതിന്റെ കാരണവും മറ്റൊന്നല്ല.

Advertisement
inner ad

പലസ്തീൻ ജനതയ്ക്ക് ​കോൺ​ഗ്രസിന്റെ ഐക്യദാർഢ്യം

ഭൂപ്രദേശങ്ങൾ, അതിർത്തികൾ, പരമാധികാരം, സ്വയം നിർണ്ണയാവകാശം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഇസ്രായേലികളും പലസ്തീനികളും തമ്മിൽ ദീർഘകാലമായി നിലനിൽക്കുന്ന രാഷ്ട്രീയമായ ഏറ്റുമുട്ടലാണ് പശ്ചിമേഷ്യൻ സംഘർഷം. കഴിഞ്ഞ നൂറ്റാണ്ടിന്റെ മധ്യത്തിൽ തുടങ്ങി ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സംഘർഷങ്ങളിൽ ഒന്നായി ഇതു മാറി. അതിന്റെ ഏറ്റവും ക്രൂരമായ മുഖമാണ് ഇപ്പോൾ മേഖലയിൽ നടക്കുന്ന കൊടുംയുദ്ധം.
നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി മുതലിങ്ങോട്ടുള്ള ബഹുഭൂരിപക്ഷം നേതാക്കളും പലസ്തീൻ വിഷയത്തിൽ വളരെ വ്യക്തമായ നിലപാടുള്ളവരായിരുന്നു. ഇംഗ്ലണ്ട് ഇംഗ്ലീഷുകാർക്കും ഫ്രാൻസ് ഫ്രഞ്ചുകാർക്കും അവകാശപ്പെട്ടതു പോലെ പലസ്തീൻ അവിടത്തുകാരായ അറബ് ജനതയ്ക്ക് അവകാശപ്പെട്ടതാണെന്നായിരുന്നു ഗാന്ധിജി സ്വീകരിച്ച നിലപാട്. ഇതിനോടു യോജിക്കുന്ന സമീപനമാണ് പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവും ഉരുക്കു മനുഷ്യൻ സർദാർ വല്ലഭ്ബായി പട്ടേലും അടക്കമുള്ള ദേശീയ നേതാക്കൾ തുടക്കം മുതൽ സ്വീകരിച്ചു പോന്നത്. ഇസ്രയേലിനെ ഒരു രാജ്യമായി അംഗീകരിച്ചു കൊണ്ടു തന്നെ പലസ്തീൻ ജനതയ്ക്ക് സ്വതന്ത്രമായ പരമാധികാര രാജ്യം വേണമെന്ന പലസ്തീൻ ആവശ്യത്തെയും ഇന്ത്യ പിന്തുണച്ചു പോന്നു. ​ഗാസ, വെസ്റ്റ്ലാൻഡ്, കിഴക്കൻ ജെറൂസലേം തുടങ്ങിയ മേഖലകൾ ഉൾപ്പെടുന്ന പലസ്തീൻ രാജ്യം അവിടെയുള്ള ഇസ്ലാമിക ജനതയുടെ ആവശ്യമാണ്; അവരുടെ അവകാശവുമാണ്.

Advertisement
inner ad


ഇന്ദിരാ ഗാന്ധി മുതൽ ഡോ. മൻമോഹൻ സിംഗ് വരെയുള്ള പ്രധാനമന്ത്രിമാരും പലസ്തീൻ ജനതയോട് അനുഭാവമുള്ള സമീപനമാണ് സ്വീകരിച്ചത്. അതിൽ നിന്നു വേറിട്ടൊരു നിലപാട് ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിക്കാൻ കാരണം അദ്ദേഹം തുടർന്നുപോരുന്ന ഇസ്‌ലാം വിരുദ്ധ, മുസ്‌ലിം വിരുദ്ധ പൊതു രാഷ്ട്രീയ നിലപാടുകളുടെ ഭാഗമാകാം. പക്ഷേ, അതിലൂടെ മനുഷ്യത്വത്തിനു നേരേയാണ് മോദി മുഖം തിരിക്കുന്നത്. യുദ്ധക്കെടുതികളുടെ ഇര ഗാസ മാത്രമല്ല, ഇസ്രയേലുമാണ്. കൊല്ലപ്പെടുന്നവരിൽ ഇവർ മാത്രമല്ല, നിരപരാധികളായ ലബനികളുമുണ്ട്. നൂറിലേറെ ലബനികൾ ഒരു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടു എന്നാണ് പുറത്തു വരുന്ന കണക്കുകൾ. ഇവർ മാത്രമല്ല, മലയാളികളടക്കം അര ലക്ഷത്തോളം ഇന്ത്യക്കാരും യുദ്ധ ഭീഷണിയുടെ ഇരകളാണ്. അതുകൊണ്ടു തന്നെ ഇന്ത്യ പക്ഷം പിടിക്കേണ്ടിയിരുന്നത് സമാധാനത്തിനു വേണ്ടി ആയിരുന്നു. അടിയന്തിര യുദ്ധ വിരാമം വിളംബരം ചെയ്യുന്ന യുഎൻ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് രേഖപ്പെടുത്തണമായിരുന്നു. യുദ്ധക്കെടുതികളുടെ ഈ സമയത്ത് ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ നൽകാതെ, പലസ്തീൻ ജനതയെ കൂടി നരേന്ദ്ര മോദി വിശ്വാസത്തിലെടുക്കണമായിരുന്നു.
സ്വതന്ത്ര പാലസ്തീൻ രാഷ്ട്രം രൂപീകരിക്കുക എന്നതാണ് പ്രശ്ന പരിഹാരത്തിനുള്ള ഏക മാർഗ്ഗം യുപിഎ അധ്യക്ഷ സോണിയ ഗാന്ധി അടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കൾ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. കോൺഗ്രസ് എന്നും സമാധാനത്തിന്റെ പക്ഷത്താണ്. പലസ്തീൻ വിഷയത്തിൽ കോൺ​ഗ്രസിന് ഒരു നിലപാട് മാത്രമേയുള്ളൂ. ​

ചൈനയിലെ ഉയി​ഗൂറിലും മുസ്ലീം വേട്ട

അതേ സമയം സിപിഎമ്മിൽ ആശയദാരിദ്ര്യമാണുള്ളത്. പാർട്ടി അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയും കേന്ദ്ര കമ്മിറ്റി അം​ഗം കെ.കെ. ശൈലജയും ഭിന്നാഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയത്. ​ഗാസ വിഷയത്തിൽ യെച്ചൂരി ഒഴിഞ്ഞുമാറുകയാണ്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ നിസം​ഗമായ മൗനത്തിലും. ഒരു മാസത്തിനിടെ പതിനായിരത്തിലധികം നിരപരാധികളെ കൊന്നൊടുക്കിയ കൊടുംയുദ്ധത്തിനെതിരേ സിപിഎമ്മിന് ശക്തമായ ഒരു നിലപാട് സ്വീകരിക്കാനായിട്ടില്ല. അതേസമയം, സ്വതന്ത്ര പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് കോൺ​ഗ്രസ് പ്രവർത്തക സമിതി പ്രമേയം പാസാക്കി. ഈ പ്രമേയത്തിനു മുൻകൈ എടുക്കാൻ കഴിഞ്ഞതിൽ എനിക്കും അനല്പമായ അഭിമാനമുണ്ട്. കഴിഞ്ഞ നൂറ്റാണ്ട് മധ്യം മുതൽ കോൺ​ഗ്രസ് പുലർത്തിപ്പോരുന്ന ശക്തമായ നിലപാടിന്റെ ഭാ​ഗം തന്നെയാണ് ഈ പ്രമേയം.
പലസ്തീനിൽ മാത്രമല്ല, വടക്ക് കിഴക്കൻ ചൈനയിലെ ഉയി​ഗൂർ ജനതയുടെ കാര്യത്തിലും കമ്യൂണിസ്റ്റുകാർക്ക് വ്യക്തതയില്ല. 1949ൽ ചൈനയുടെ ഭാ​ഗമാക്കപ്പെട്ട കമ്യൂണിസ്റ്റ് അധീശത്വ മേഖലയായ സിൻജിയാം​ഗിലെ തനതു വംശജരായ മുസ്ലിംകകളാണ് ഉയി​ഗൂർ ജനത. ഇവർ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ വാർത്തകളും ചിത്രങ്ങളും ലോകമാധ്യമങ്ങൾ ഇടയ്ക്കിടെ പ്രസിദ്ധപ്പെടുത്താറുണ്ട്. പലസ്തീനിൽ വൻ ശക്തികളും ചൈനയിൽ കമ്യൂണിസ്റ്റ് ശക്തികളും ന്യൂനപക്ഷ മുസ്ലിംകളെ വേട്ടയാടുകയാണ്. കമ്യൂണിസത്തോട് ആഭിമുഖ്യമുള്ള മതാചാരങ്ങൾക്കു മാത്രമാണ് ചൈനയിൽ അനുമതി. എന്നാൽ സ്വന്തം വിശ്വാസങ്ങളോടും ആചാരങ്ങളോടും ആഭിമുഖ്യം പുലർത്തുന്ന ഉയി​ഗൂർ വിഭാ​ഗത്തെ പീഡിപ്പിച്ചു തടവിലിടുകയാണ് ചൈനിസ് ഭരണകൂടം. സിൻജിയാങ്ങിലെ ഉയി​ഗൂർ വിഭാ​ഗത്തിന് സ്വയംഭരണ മേഖല വേണമെന്ന ആവശ്യമാണ് അവിടെയും അടിച്ചമർത്തപ്പെടുന്നത്.

Advertisement
inner ad

സോവ്യറ്റ് യൂണിയന്റെ തകർച്ച ലോകസമാധാനത്തിന്റെ നഷ്ടം

ചൈനയിലെ സിൻജിയാം​ഗിലും പലസ്തീനിലുമടക്കം ന്യൂനപക്ഷ മുസ്ലീം വിഭാ​ഗം വേട്ടയാടപ്പെടുകയാണ്. അവരുടെ ചെറുത്തു നില്പിനെ ഭീകരവാദമാക്കി മാറ്റി അടിച്ചമർത്താനുള്ള ശ്രമങ്ങളാണ് പലസ്തീനിലടക്കം ഇന്നുണ്ടായ യുദ്ധത്തിനു കാരണം. ഒരു മിനിറ്റിൽ ഒരു ചോരക്കുഞ്ഞ് എന്ന കണക്കിൽ മരിച്ചു വീഴുന്ന ​ഗാസയിൽ നടക്കുന്ന കൊടുംയുദ്ധം അധിനിവേശത്തിന്റെയും ചെറുത്തുനില്പിന്റെയും ഫലമാണ്. ആശുപത്രികളെയും മനുഷ്യ സഞ്ചയത്തെയും മറയാക്കി നടത്തുന്ന ഈ ആക്രമണങ്ങൾ മനുഷ്യ മനഃസാക്ഷിയെ മരവിപ്പിക്കുന്നതാണ്.
അടിച്ചമർത്തപ്പെടുന്ന പലസ്തീനികൾ അതിജീവിക്കാനുള്ള കടുത്ത സമ്മർദ തന്ത്രങ്ങൾ പുറത്തെടുക്കുന്നത് സ്വാഭാവികം. അതിനെ യുദ്ധവെറി കൊണ്ടു മാത്രം നേരിടാനാവില്ല. സമാധാന സംഭാഷണങ്ങളിലൂടെയും നയതന്ത്ര സമീപനങ്ങളിലൂടെയുമാണ് അതിനു പരിഹാരം കാണേണ്ടത്.
യുഎസ് എന്നും യുഎസ്എസ്ആർ എന്നും രണ്ട് വൻ ശക്തികളുടെ നേതൃത്വത്തിൽ ലോകരാജ്യങ്ങൾ രണ്ടു ചേരികളായി നിലയുറപ്പിച്ചപ്പോഴാണ്, പണ്ഡിറ്റ് നെഹറുവിന്റെ നേതൃത്വത്തിൽ ഇരുചേരിയിലും പെടാതെ ലോകം മൂന്നാമതൊരു ചേരി ഉണ്ടാക്കിയത്. വൻ ശക്തികളുടെ വെല്ലുവിളികളെ ചെറുക്കാനുള്ള ചങ്കുറപ്പ് ചേരിചേരാ പ്രസ്ഥാനത്തിനുണ്ടായിരുന്നു. എന്നാൽ സോവ്യറ്റ് യൂണിയന്റെ തകർച്ചയോടെ ചേരികൾ ഇല്ലാതാവുകയും ചേരിചേരാ സംഘം അപ്രസക്തമാവുകയും ചെയ്തു. ലോകത്തിനു മേൽ അമേരിക്കൻ പൊലീസിംഗ് അടിച്ചേല്പിക്കുന്ന ഏകാധിപത്യ ശൈലി പ്രബലമായപ്പോൾ. ഇതിനു വിരുദ്ധമായ ശക്തമായൊരു ചേരിക്കു നേതൃത്വം നൽകാനുള്ള ഇന്ത്യയുടെ അവസരമാണ് അനവസരത്തിൽ കളഞ്ഞുകുളിച്ചത്.
ഇസ്രയേൽ ഇന്ത്യയുടെ സൗഹൃദ രാജ്യമാകുന്നതിൽ ഒരു തെറ്റുമില്ല. പക്ഷേ, സ്വതന്ത്ര സ്വയംഭരണാവകാശമുള്ള രാജ്യമെന്ന പലസ്തീൻ ജനതയുടെ അഭിലാഷത്തെ അട്ടിമറിച്ചുകൊണ്ട് ഇസ്രയേലിൽ സമാധാനദൗത്യം വിജയിക്കില്ല. യാസർ അരാഫത്തിന്റെ കാലം മുതൽ ഇന്ത്യ കൈക്കൊണ്ട നിലപാടുകൾ ഒറ്റയടിക്ക് ഇല്ലാതായാൽ പലസ്തീന്റെ മാത്രമല്ല, വിശാലമായ അറബ് രാജ്യങ്ങളുടെയെല്ലാം കണ്ണിൽ ഇന്ത്യ സംശയ നിഴലിലാവും. ആധുനിക സാമ്പത്തിക- നയതന്ത്ര- വാണിജ്യമേഖലകളെയെല്ലാം അത് പ്രതികൂലമായി ബാധിക്കുമെന്ന തിരിച്ചറിവ് കൂടി നമ്മുടെ ഭരണകർത്താക്കൾക്കുണ്ടാവണം.
മേഖലയിലെ സമാധാന ദൗത്യത്തിന് ഇന്ത്യ മുന്നിട്ടിറങ്ങുമെന്ന പ്രതീക്ഷ പലസ്തീൻ ജനതയ്ക്കും ലോകത്തെ മുഴുവൻ സമാധാന വാദികൾക്കും ഇപ്പോഴുമുണ്ട്. അതിനു വിരുദ്ധമായ നിലപാട് സ്വീകരിച്ചതു കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഇപ്പോഴത്തെ നിലപാട് ഇന്ത്യക്കകത്തും പുറത്തും വിമർശിക്കപ്പെടുന്നത്. വ്യക്തത തീരെയില്ലാത്ത കമ്യൂണിസ്റ്റ് നിലപാടുകളും വല്ലാതെ വിമർശിക്കപ്പെടുമ്പോൾ, സംശയ ലവലേശമില്ലാത്ത പലസ്തീൻ അനുകൂല നിലപാട് ഇന്ത്യൻ നാഷണൽ കോൺ​ഗ്രസിൽ മത ന്യൂനപക്ഷങ്ങളുടെ വിശ്വാസ്യത ഒരിക്കൽ കൂടി അരക്കിട്ടുറപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Britain

സ്നേഹജനമേ വിട, ഇനി ഞാൻ ഉറങ്ങട്ടെ..

Published

on

  • VEEKSHANAM WEB TEAM

പുതുപ്പള്ളി (കോട്ടയം): പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.

പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ കല്ലറയിൽ അന്ത്യ നിദ്രയിലായി. ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാമായിരുന്നി‌ട്ടും ജനസഞ്ചയം ചങ്കു പൊട്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, ആരു പറഞ്ഞു മരിച്ചെന്ന്.

Advertisement
inner ad
സംസ്കാരത്തിനു തൊട്ടുമുമ്പ് ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പുതുപ്പള്ളി പള്ളിയിൽ


കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ മണ്ണോടു ചേർന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മലങ്കര
കത്തോലിക്കാ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി അടക്കം സഹോദര സഭകളിൽ നിന്ന് അസംഖ്യം ഇടയന്മാരും സന്യസ്തരും സെന്റ് ജോർജ് പള്ളിയിൽ സന്നിഹിതരായിരുന്നു.
രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വച്ച് പ്രാർഥന ചൊല്ലി. 40 മിനിറ്റോളം ചടങ്ങുകൾ നീണ്ടു. 11:30 മണി കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി. വിദ്യാർഥി നേതാവായും യുവജന സംഘാടകനും നേതാവായും എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും യുഡിഎഫ് കൺവീനറായും മുഖ്യമന്ത്രിയായും ഇതൊന്നുമല്ലാതെയും പുതുപ്പള്ളിയുടെ മണ്ണിലൂടെ കാലുറപ്പിച്ചു നടന്നും സൈക്കിളിൽ ചുറ്റിത്തിരിഞ്ഞും ഇരുചക്ര വാഹനങ്ങളിലടക്കം ജനങ്ങൾക്കൊപ്പം സഹവസിച്ചും കഴിഞ്ഞ ആറര പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ കാവലാളായി നിന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യമില്ലാതെ പുതുപ്പള്ളി അർധരാത്രിയോടെ ഉറങ്ങി.
എ.കെ. ആന്റണി, രാഹുൽ ​ഗാന്ധി, കെ. സുധാകരൻ, കെ.സി. വേണു ​ഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊ‌ടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി. വിഷ്ണു നാഥ് തുടങ്ങി നൂറു കണക്കിനു നേതാക്കളും അന്ത്യ ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചു.

ഭാര്യ മറിയാമ്മ ഉമ്മന്റെ അന്ത്യ ചുംബനം.


ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന ശബ്ദവുമായി പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ തീർത്ത സ്നേഹക്കടൽ താണ്ടി അവരുടെ പ്രിയ നേതാവ് യാത്രയായി. ആർക്കും എന്ത് കാര്യത്തിനും ഏത് ആവശ്യത്തിനും ഓടി ചെല്ലുവാൻ കഴിയുമായിരുന്ന ഉമ്മൻചാണ്ടി എന്ന കാരുണ്യ സ്പർശത്തിന്റെ ഒടുവിലത്തെ യാത്ര വികാരനിർഭരമായിരുന്നു.ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കടന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ എന്നും എല്ലായിപ്പോഴും അകമഴിഞ്ഞു സ്നേഹിച്ചിട്ടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയം പിളർത്തിയായിരുന്നു വിലാപയാത്ര കടന്നുപോയത്. റോഡരികിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരു നോക്കു കാണുവാൻ മണിക്കൂറുകളായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭൗതികശരീരം കണ്ടപാടെ പലരും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഓർത്തെടുക്കുവാൻ വ്യക്തിപരമായ ഒരോ അനുഭവങ്ങൾ ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവ് നൽകിയിട്ടുണ്ട്. ‘ആര് പറഞ്ഞ് മരിച്ചെന്ന്…,ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം അലയടികൾ തീർത്ത ചുറ്റുപാടിലൂടെ ജനസമ്പർക്ക നേതാവിന്റെ അന്ത്യ യാത്ര രാജകീയം തന്നെയായിരുന്നു. പുതുപ്പള്ളി കരോട്ട് വള്ളച്ചാലിലെ കുടുംബവീട്ടിൽ പ്രിയ നേതാവിനെ അവസാനമായി കാണുവാൻ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. വീട്ടിലെ ശിശ്രൂഷകൾക്ക് ഓർത്ത്‌ഡോകസ് സഭ ഇടവക മെത്രാപ്പോലിത്താ ഡോ.യൂഹാനോൻ മാർ ദിയസ് കോറോ നേതൃത്വം നൽകി.

മലങ്കര ഓർത്തഡോക്സ് സഭാ പിതാക്കന്മാരുടെ നേതൃത്വത്തിൽ അന്ത്യ കർമങ്ങൾ.


വീടും പരിസരവും ഉച്ചമുതലേ പ്രിയനേതാവിനെ അവസാനമായി കാണാൻ പുതുപ്പള്ളിക്കാർ കാത്തുനിന്നു. എന്നാൽ സമയക്കുറവുമൂലം കുടുംബവീട്ടിലെ പൊതുദർശനം ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള കുടുംബ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളിയിലെ പുതിയ വീട്ടിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. നിർമ്മാണം നടക്കുന്ന പുതിയ വീട്ടിൽ കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരമാണ് നിർമാണം പൂർത്തിയാകാത്ത സ്വന്തം വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.

സംസ്കാരത്തിനു തൊട്ടുമുമ്പ് മകൻ ചാണ്ടി ഉമ്മന്റെ അന്ത്യ ചുംബനം.


പിന്നീട് സംസ്കാരം നടന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികശരീരം എത്തിച്ചു. മകൻ ചാണ്ടി ഉമ്മനൊപ്പം എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കാൽനടയായി വിലാപയാത്രയിൽ അണിചേർന്നു. പള്ളിയിലെ പൊതുദർശനത്തിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. അന്ത്യ കർമ്മങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ഏ കെ ആന്റണി പങ്കുചേർന്നു. കണക്കൂട്ടലുകളിൽ നിന്നും ഏറെ വൈകിയായിരുന്നു സംസ്കാരം നടന്നിരുന്നത്.

സംസ്കാരത്തിനു തൊട്ടുമുമ്പ് മകൾ അച്ചു ഉമ്മന്റെ അന്ത്യ ചുംബനം.

രാത്രി വൈകി സംസ്കാരം നടത്തുന്നതിന് കളക്ടർ അനുമതി നൽകിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരുകയുണ്ടായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരുന്നു സംസ്‌കാരം. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ അതികായകന്റെ പൊതുപ്രവർത്തന ജീവിതത്തിൽ കരുത്തും പിന്തുണയുമായിരുന്ന പുതുപ്പള്ളി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് അദ്ദേഹം യാത്രയായപ്പോൾ പകരം വെക്കാനില്ലാത്ത ഒരു ഏട് കൂടിയായിരുന്നു അവസാനിച്ചത്.Advertisement
inner ad
Continue Reading

Featured